Published: April 06 , 2025 12:05 PM IST
1 minute Read
-
ഐ ലീഗ് കിരീട ജേതാക്കളെ ഇന്നറിയാം; പ്രതീക്ഷയോടെ ഗോകുലം
-
മത്സരങ്ങൾ കോഴിക്കോട്ടും ശ്രീനഗറിലും കൊൽക്കത്തയിലും
കോഴിക്കോട് ∙ രാജ്യത്തിന്റെ മൂന്നു കോണുകളിലെ മൂന്നു നഗരങ്ങളിൽ ഇന്നു വൈകിട്ട് നാലിന് നടക്കുന്ന 3 മത്സരങ്ങൾ..ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഈ സീസണിലെ ഐ ലീഗ് ജേതാക്കൾ ആരെന്നറിയാം. ഐ ലീഗിൽ കിരീടം നേടി ഐഎസ്എൽ പ്രവേശനത്തിന് കാത്തിരിക്കുന്ന ഗോകുലം കേരള എഫ്സിക്കും ഇന്ന് ആകാംക്ഷയുടെ 90 മിനിറ്റുകൾ. 2020–21 സീസണിലും 2021–22 സീസണിലും ഐ ലീഗിലെ അവസാനദിവസത്തെ നാടകീയതയ്ക്കൊടുവിൽ കിരീടം നേടിയ ചരിത്രം ഗോകുലത്തിനുണ്ട്.
കോഴിക്കോട്ട് ഗോകുലം–ഡെംപോ (വൈകിട്ട് 4.00) 21 മത്സരങ്ങളിൽനിന്ന് 37 പോയിന്റുമായി ഐ ലീഗ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് ഗോകുലം കേരള. നിലവിൽ ഒന്നാമതുള്ള ചർച്ചിൽ ബ്രദേഴ്സുമായി 2 പോയിന്റു മാത്രമാണ് വ്യത്യാസം. ഡെംപോയ്ക്കെതിരെ ഗോകുലം ജയിക്കുകയും ചർച്ചിൽ റിയൽ കശ്മീരിനോടു തോൽക്കുകയും ചെയ്താൽ മാത്രമേ കിരീടം കേരളത്തിലെത്തൂ. 26 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഡെംപോ എസ്‌സി. ഐ ലീഗിൽ മുൻപ് രണ്ടുതവണ ഗോകുലം ജേതാക്കളായിരുന്നു. എന്നാൽ ആ സീസണുകൾക്കു ശേഷമാണ് ഐ ലീഗ് ജേതാക്കൾക്ക് ഐഎസ്എൽ പ്രവേശനം നൽകാനുള്ള തീരുമാനം വന്നത്. വൈകിട്ട് നാലിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഗോകുലം–ഡെംപോ മത്സരം. കാണികൾക്ക് സൗജന്യ പ്രവേശനം.
ശ്രീനഗർ ചർച്ചിൽ ബ്രദേഴ്സ്– റിയൽ കശ്മീർ (വൈകിട്ട് 4.00) നിലവിലെ ഒന്നാംസ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സ് ശ്രീനഗറിലെ ആർകെഎഫ്സി സ്റ്റേഡിയത്തിലാണ് റിയൽ കശ്മീർ എഫ്സിയെ നേരിടുന്നത്. 21 മത്സരങ്ങളിൽനിന്ന് 36 പോയിന്റുമായി റിയൽ കശ്മീർ നിലവിൽ മൂന്നാം സ്ഥാനത്താണ്. മത്സരം ജയിക്കുകയോ സമനിലയാവുകയോ ചെയ്താൽ ചർച്ചിൽ ബ്രദേഴ്സിനു കിരീടം ലഭിക്കും.
കൊൽക്കത്ത ഇന്റർ കാശി– രാജസ്ഥാൻ യുണൈറ്റഡ് (4.00) 36 പോയിന്റുമായി നിലവിൽ 4–ാം സ്ഥാനത്തുള്ള ഇന്റർ കാശി എഫ്സി കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെയാണ് നേരിടുന്നത്. 33 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ചർച്ചിൽ റിയൽ കശ്മീരിനോടു 3–0ന് തോൽക്കുക, ഗോകുലം ഡെംപോയോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യുക എന്നിവയാണ് ഇന്നു ജയിച്ചാലും കിരീടം നേടാൻ ഇന്റർ കാശിക്കു മുന്നിലുള്ള സാധ്യതകൾ.
ഐ ലീഗ് ടോപ് 4 പോയിന്റ് പട്ടിക
(മത്സരം, ജയം, സമനില, തോൽവി, ഗോൾ വ്യത്യാസം, പോയിന്റ്) 1) ചർച്ചിൽ 21 11 6 4 20 39
2) ഗോകുലം 21 11 4 6 17 37
3) റിയൽ കശ്മീർ 21 10 6 5 6 36
4) ഇന്റർ കാശി 21 10 6 5 4 36
English Summary:








English (US) ·