മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ പരിക്ക് വലയ്ക്കുകയാണ്. കാല്‍മുട്ടിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. പരിക്കേറ്റ അര്‍ഷ്ദീപ് സിങ് നാലാം ടെസ്റ്റിനുണ്ടാകില്ല. ഇപ്പോഴിതാ പരിക്ക് കാരണം പേസര്‍ ആകാശ് ദീപും നാലാം ടെസ്റ്റില്‍ കളിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ബര്‍മിങ്ങാമില്‍ ഇന്ത്യ വിജയിച്ച ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ നേടി വിജയത്തിന് ചുക്കാന്‍പിടിച്ചയാളാണ് ആകാശ് ദീപ്. ഇന്ത്യയ്ക്കായി അന്‍ഷുല്‍ കംബോജ് അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ടെന്നും ഗില്‍ വ്യക്തമാക്കി. ആകാശിന്റെ അടിയവയര്‍ ഭാഗത്തെ പേശികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
ആകാശ് ദീപിന്റെയും അര്‍ഷ്ദീപിന്റെയും സേവനം ലഭ്യമല്ലെങ്കിലും 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിവുള്ള നല്ല കളിക്കാര്‍ ടീമിലുണ്ടെന്ന് ഗില്‍ പറഞ്ഞു. ഇതോടെ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യത തെളിഞ്ഞു.
കാംബോജ് കളിച്ചാല്‍ അത് അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമാകും. ഇതുവരെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 79 വിക്കറ്റുകള്‍ നേടിയ താരമാണ് കാംബോജ്. ഒരു അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിന്റെ മത്സരങ്ങളില്‍ കാംബോജ് കളിച്ചിരുന്നു. പിന്നീട് താരത്തെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. അതേസമയം പ്രസിദ്ധ് കൃഷ്ണ, കാംബോജ് എന്നിവരില്‍ ഒരാളാകും അന്തിമ ഇലവനില്‍ ഉണ്ടാകുക.
ആഭ്യന്തരക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് അന്‍ഷുല്‍ കാംബോജ്. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി മികച്ചരീതിയില്‍ പന്തെറിയാന്‍ താരത്തിനായി. രഞ്ജി ക്രിക്കറ്റില്‍ ഹരിയാണയ്ക്കായി കളിക്കുന്ന താരം കേരളത്തിനെതിരേ ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചിരുന്നു. സീസണില്‍ മൊത്തം 34 വിക്കറ്റാണ് വീഴ്ത്തിയത്.
അതേസമയം കരുണ്‍ നായര്‍ ഫോമിലേക്കെത്തുമെന്ന് ടീം മാനേജ്‌മെന്റിന് ഉറപ്പുണ്ടെന്നും ഗില്‍ പറഞ്ഞു. പരമ്പരയില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്നായി 131 റണ്‍സ് മാത്രമേ താരത്തിന് നേടാന്‍ സാധിച്ചുള്ളൂ. 22-ല്‍ താഴെയാണ് ബാറ്റിങ് ശരാശരി.
ലോര്‍ഡ്‌സ് ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് നാലാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തന്നെ കളിക്കുമെന്നും ഗില്‍ സ്ഥിരീകരിച്ചു. പരിക്ക് കാരണം ലോര്‍ഡ്‌സില്‍ 35 ഓവര്‍ മാത്രമാണ് പന്ത് വിക്കറ്റ് കീപ്പ് ചെയ്തത്. പിന്നീട് താരത്തിന് പകരം ധ്രുവ് ജുറെലാണ് കീപ്പറായത്. എന്നാല്‍ ജുറെല്‍ രണ്ടാം ഇന്നിങ്‌സില്‍ വഴങ്ങിയ 25 ബൈ റണ്‍സ് ഇന്ത്യയുടെ 22 റണ്‍സ് തോല്‍വിയില്‍ നിര്‍ണായകമായി.
ഇക്കഴിഞ്ഞ ഞായറാഴ്ച ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് നിതീഷിന് ഇടതു കാല്‍മുട്ടിനു പരിക്കേറ്റത്. തിങ്കളാഴ്ച ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബെക്കന്‍ഹാമില്‍ പരിശീലനത്തിനിടെ ഇടത് തള്ളവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അര്‍ഷ്ദീപിനെ മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. പത്ത് ദിവസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. നെറ്റ്‌സില്‍ സായ് സുദര്‍ശന്റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
Content Highlights: Indian pacer Akash Deep ruled retired of 4th Test against England owed to injury








English (US) ·