Published: October 26, 2025 09:13 PM IST Updated: October 26, 2025 09:46 PM IST
1 minute Read
ടിൻസുകിയ (അസം)∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരത്തിൽ അസമിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് സർവീസസ്. വെറും 90 ഓവർ മാത്രം നീണ്ടുനിന്ന മത്സരത്തിലാണ് സീസണിൽ സർവീസസിന്റെ തുടർച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തിൽ അവർ ത്രിപുരയെ തോൽപ്പിച്ചിരുന്നു.
ആദ്യ ഇന്നിങ്സിൽ അസം 17.2 ഓവറിൽ 103 റൺസിന് പുറത്തായി. അർജുൻ ശർമയുടെയും മോഹിത് ജംഗ്രയുടെയും ഹാട്രിക് പ്രകടനമാണ് അസമിനെ തകർത്ത്. രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരത്തിന്റെ ഒരേ ഇന്നിങ്സിൽ രണ്ടു ബോളർമാർ ഹാട്രിക് നേടുന്നതും. ഹാട്രിക്ക് അടക്കം 46 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റാണ് അർജുൻ ശർമ വീഴ്ത്തിയത്.
എന്നാൽ അതേ നാണയത്തിൽ അസം ബോളർമാരും തിരിച്ചടിച്ചതോടെ ആദ്യ ഇന്നിങ്സിൽ സർവീസസും പതറി. കരിയറിലെ മികച്ച ബോളിങ് പ്രകടനവുമായി രാജ്യാന്തര താരം റിയാസ് പരാഗാണ് സർവീസസ് ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്. കേവലം 25 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റാണ് പരാഗ് വീഴ്ത്തിയത്. രാഹുൽ സിങ് 4 വിക്കറ്റ് വീഴ്ത്തി. ഇതോടെ സർവീസസ് 29.2 ഓവറിൽ 108 റൺസിനു പുറത്തായി. ഒന്നാം ഇന്നിങ്സിൽ 5 റൺസിന്റെ മാത്രം ലീഡ്.
എന്നാൽ രണ്ടാം ഇന്നിങ്സിൽ അസമിനെ കാത്തിരുന്നത് കൂട്ടത്തകർച്ചയായിരുന്നു. 29.3 ഓവറിൽ 75 റൺസിന് അസം ഓൾഔട്ടായി. മൂന്നു ബാറ്റർമാർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. നാല് പേർ പൂജ്യത്തിനു പുറത്തായി. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റും വീഴ്ത്തിയ അർജുൻ ശർമ, മത്സരത്തിലാകെ 9 വിക്കറ്റ് വീഴത്തി. 71 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ സർവീസസ്, 13.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. എട്ടു വിക്കറ്റിന്റെ ജയം. റിയാൻ പരാഗാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.
90 ഓവർ, അതായത് കേവലം 540 പന്തുകൾ മാത്രമാണ് മത്സരം നീണ്ടുനിന്നത്. ആദ്യ ദിനം 25 വിക്കറ്റുകൾ വീണപ്പോൾ രണ്ടം ദിനം ഏഴു വിക്കറ്റുകളും വീണു. 1962ൽ ഡൽഹിയും റെയിൽവേസും തമ്മിലുള്ള മത്സരത്തിൽ സ്ഥാപിച്ച 547 പന്തുകളുടെ റെക്കോർഡാണ് മറികടന്നത്.
English Summary:








English (US) ·