അഞ്ച് സെഞ്ചറികളുമായി ബാറ്റർമാർ നിറഞ്ഞാടിയിട്ടും, ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അവിശ്വസനീയമായ രീതിയിലാണ് ഇന്ത്യ തോൽവിയിലേക്ക് പതിച്ചത്. ടോസ് ഉൾപ്പെടെ ഒപ്പം നിന്നിട്ടും, മത്സരത്തിൽ ഏറിയ പങ്കും വ്യക്തമായ മേധാവിത്തമുണ്ടായിരുന്നിട്ടും അതെല്ലാം നഷ്ടമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് തോൽവി വഴങ്ങിയത്.
മത്സരത്തിലാകെ ഇന്ത്യ നഷ്ടമാക്കിയ ഏഴു ക്യാച്ചുകൾ മാത്രമാണോ ടീമിന്റെ ഈ തോൽവിക്കു കാരണം? അല്ല എന്നാണ് ഉത്തരം. ടീമിന്റെ തോൽവിക്കു കാരണമായി വിലയിരുത്താവുന്ന അഞ്ച് കാരണങ്ങൾ ഇതാ...
∙ മങ്ങിയ വാലറ്റം
മത്സരത്തിലെ 2 ഇന്നിങ്സുകളിലുമായി ഇന്ത്യയുടെ ടോപ് 5 ബാറ്റർമാർ നേടിയത് 721 റൺസ്. 5 സെഞ്ചറിയും ഇതിൽ ഉൾപ്പെടും. എന്നാൽ, അടുത്ത 6 ബാറ്റർമാരും ചേർന്ന് രണ്ട് ഇന്നിങ്സിൽ ആകെ നേടിയത് 65 റൺസ് മാത്രം. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ അവസാന 7 വിക്കറ്റുകൾ വീണത് 41 റൺസിനാണെങ്കിൽ രണ്ടാം ഇന്നിങ്സിൽ അവസാന 6 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത് 31 റൺസിനാണ്.
മറുവശത്ത് ആദ്യ ഇന്നിങ്സിൽ മാത്രം ഇംഗ്ലണ്ടിന്റെ അവസാന 6 ബാറ്റർമാർ ചേർന്നു നേടിയത് 132 റൺസ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ലീഡ് 6 റൺസ് ആക്കി കുറയ്ക്കാൻ സഹായിച്ചത് ഇംഗ്ലണ്ട് വാലറ്റത്തിന്റെ ചെറുത്തുനിൽപാണ്.
∙ ഒരേയൊരു ബുമ്ര
ജസ്പ്രീത് ബുമ്രയ്ക്ക് രണ്ട് എൻഡുകളിൽനിന്നും പന്തെറിയാൻ സാധിക്കില്ലല്ലോ! മത്സരത്തിലുടനീളം ഇന്ത്യൻ ആരാധകർ സ്വയം ആശ്വസിപ്പിച്ചത് ഇങ്ങനെയാണ്. ഒരു വശത്ത് കണിശതയുള്ള സ്പെല്ലുകളുമായി ബുമ്ര ഇംഗ്ലിഷ് ബാറ്റർമാർക്കു മേൽ സമ്മർദമുണ്ടാക്കുന്നു. മറുവശത്ത് ഇംഗ്ലിഷ് ബാറ്റർമാർക്ക് ഈസിയായി റൺസ് നേടാൻ പറ്റുന്ന താരം പന്തെറിഞ്ഞു കൊടുക്കുകയായിരുന്നു മറ്റു പേസർമാർ. ആദ്യ ഇന്നിങ്സിൽ 3.4 ഇക്കോണമിയിൽ 83 റൺസ് മാത്രം വഴങ്ങിയാണ് ബുമ്ര 5 വിക്കറ്റ് വീഴ്ത്തിയത്.
എന്നാൽ, സഹ പേസർമാരായ പ്രസിദ്ധ് കൃഷ്ണയുടെയും (6.4) ഷാർദൂൽ ഠാക്കൂറിന്റെയും (6.3) ഇക്കോണമി റേറ്റ് 6നു മുകളിലും. ഈ റണ്ണൊഴുക്കാണ് മത്സരത്തിൽ ഇംഗ്ലണ്ടിനെ സമ്മർദമില്ലാതെ കളിക്കാൻ സഹായിച്ചത്. രണ്ടാം ഇന്നിങ്സിൽ ബുമ്രയ്ക്കു വിക്കറ്റ് നേടാൻ സാധിക്കാതെ വന്നതോടെ ഇന്ത്യൻ ബോളിങ് തീർത്തും ദുർബലമായി.
∙ അഗ്രഷന്റെ അഭാവം
‘ഇത്തരം സന്ദർഭങ്ങളിലാണ് വിരാട് കോലിയെപ്പോലെ ഒരു ക്യാപ്റ്റനെ മിസ് ചെയ്യുന്നത്’– രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ കമന്ററി ബോക്സിൽ നിന്ന് രവി ശാസ്ത്രി പറഞ്ഞു. പ്രതിരോധിക്കാൻ 371 റൺസ് ഉണ്ടായിട്ടും ഫീൽഡിൽ ഇന്ത്യൻ താരങ്ങളുടെ തണുപ്പൻ മനോഭാവത്തെ ശാസ്ത്രി ഉൾപ്പെടെയുള്ള കമന്റേറ്റർമാർ വിമർശിച്ചിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഉടനീളം വിക്കറ്റിനു ശ്രമിക്കാതെ പ്രതിരോധത്തിലൂന്നിയ ഫീൽഡ് ആയിരുന്നു ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഒരുക്കിയത്. ഇംഗ്ലണ്ട് ബാറ്റർമാരെ സമ്മർദമില്ലാതെ സ്കോർ ചെയ്യാൻ ഇതു സഹായിച്ചു. ഫീൽഡർമാരുടെ ആലസ്യവും മത്സരത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി.
∙ സ്പിന്നിൽ മിന്നാതെ
അനുഭവസമ്പത്തിലും സാങ്കേതികത്തികവിലും ഇംഗ്ലിഷ് സ്പിന്നർ ശുഐബ് ബഷീറിനെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. എന്നാൽ ഒന്നാം ടെസ്റ്റിൽ ശുഐബിന്റെ നിർണായക സ്പെല്ലുകൾക്കു പകരം വയ്ക്കാൻ ജഡേജയുടെ പ്രകടനത്തിനു സാധിച്ചില്ല. രണ്ട് ഇന്നിങ്സിലുമായി 3 വിക്കറ്റ് മാത്രമാണ് ശുഐബ് നേടിയത്.
എന്നാൽ ആദ്യ ഇന്നിങ്സിൽ ശുഭ്മൻ ഗില്ലിനെയും രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിനെയും വീഴ്ത്തി, ഇന്ത്യയുടെ നിർണായക കൂട്ടുകെട്ടുകൾ പൊളിക്കാൻ ശുഐബിനു സാധിച്ചു. അതേസമയം, രണ്ട് ഇന്നിങ്സിലുമായി 30ൽ അധികം ഓവറുകൾ എറിഞ്ഞിട്ടും ജഡേജയ്ക്കു നേടാനായത് ഒരു വിക്കറ്റ് മാത്രം. ആദ്യ ഇന്നിങ്സിൽ 68 റൺസ് വഴങ്ങിയ ജഡേജ രണ്ടാം ഇന്നിങ്സിൽ വിട്ടുകൊടുത്തത് 104 റൺസ്.
∙ കൈവിട്ടും അടിതെറ്റിയും
‘ക്യാച്ചസ് വിൻ മാച്ചസ്’ എന്നു തല്ലിയും ചൊല്ലിയും പലകുറി പഠിപ്പിച്ചിട്ടും ‘സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന’ പതിവ് ഇന്ത്യ തുടർന്നു. ചെറുതും വലുതുമായ 7 ക്യാച്ചുകളാണ് മത്സരത്തിൽ ഇന്ത്യ കൈവിട്ടത്. ഇതിൽ ഹാരി ബ്രൂക്കിനെ മാത്രം 2 തവണയാണ് ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടു സഹായിച്ചത്.
ഒന്നാം ഇന്നിങ്സിൽ, മധ്യനിരയിൽ ബ്രൂക്ക് നേടിയ 99 റൺസായിരുന്നു ഇംഗ്ലണ്ട് സ്കോർ 400 കടക്കാൻ ഇന്ധനമായത്. ഇന്നിങ്സിന്റെ തുടക്കത്തിൽ നോബോളിന്റെ രൂപത്തിലും ബ്രൂക്കിനു ലൈഫ് ലൈൻ ലഭിച്ചിരുന്നു.
English Summary:








English (US) ·