'ആക്രമിക്കപ്പെട്ട നടിക്കൊപ്പം AMMA-യിലെ ഒരാൾപോലും നിന്നില്ല, അവൾ നീതിക്കായി ഒറ്റയ്ക്ക് പോരാടുകയാണ്'

5 months ago 6

tb-mini

അഡ്വ. ടി.ബി. മിനി | ചിത്രം: മാതൃഭൂമി

കേരളത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയായ നടിക്കൊപ്പം താരസംഘടനയായ അമ്മയിലെ ആരും നിന്നില്ലെന്ന് നടിയുടെ അഭിഭാഷകയായ ടി.ബി. മിനി. ഒരു ഭാരവാഹി പോലും നടിക്കുവേണ്ടി കോടതിയില്‍ മൊഴിനല്‍കാനെത്തിയില്ല. അമ്മയിലെ സ്ത്രീകള്‍ പോലും നടിയെ പിന്തുണച്ചില്ലെന്നും ടി.ബി. മിനി ആരോപിച്ചു. മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈമിലായിരുന്നു അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ഹേമാ കമ്മിറ്റി ഉണ്ടായതും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ഉണ്ടായതും നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടര്‍ച്ചയായാണ്. ആ പെണ്‍കുട്ടി ഇന്നും നീതിക്കുവേണ്ടി അതിശക്തമായി ഒറ്റയ്ക്ക് പോരാടുകയാണ്. വാക്കുകള്‍ കൊണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞപ്പോഴും AMMA-യിലെ ഭാരവാഹികളായ ഒരാള്‍ പോലും കോടതിയില്‍ വന്ന് ആ പെണ്‍കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയില്ല. AMMA-യിലുള്ള സ്ത്രീകള്‍ പോലും ആ പെണ്‍കുട്ടിയെ പിന്തുണച്ചില്ല. അവര്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞിട്ടുണ്ടോ എന്ന് നമുക്കറിയില്ല.' -ടി.ബി. മിനി പറഞ്ഞു.

'അതുപോലെ തന്നെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്ത് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കണമെന്ന് പറഞ്ഞ് ആരും രംഗത്തുവരുന്നത് കണ്ടില്ല. ഇക്കാര്യത്തില്‍ വ്യക്തിപരമായി ഞാന്‍ കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. ആ കേസിന്റെ വലിയ ഇംപാക്ടാണ് സര്‍ക്കാര്‍ കോണ്‍ക്ലേവ് പ്രഖ്യാപിച്ചത്. കോടതിയുടെ നിരീക്ഷണത്തിലും കര്‍ശനമായ മാര്‍ഗനിര്‍ദേശത്തിലും കോണ്‍ക്ലേവ് നടന്നു. നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ പോകുകയാണ്.'

'ഒരു കുട്ടി അഞ്ച് വര്‍ഷം പൂര്‍ണമായി ട്രോമയിലേക്ക് പോയി, അതിജീവിച്ച് തിരിച്ചുവന്നതാണ്. അതിനൊരു പിന്തുണ കൊടുക്കാന്‍ ഈ തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് കഴിയുമോ എന്നാണ് നമ്മള്‍ നോക്കേണ്ടത്. അവര്‍ അത്തരത്തിലൊരു നിലപാടെടുത്ത് മുന്നോട്ട് വരണം. AMMA-യില്‍ നിന്ന് കലഹിച്ച് പോയവരാണ് ഡബ്ല്യുസിസി ഉണ്ടാക്കിയത്. അവര്‍ പോലും യഥാര്‍ഥത്തില്‍ ആ പെണ്‍കുട്ടിക്ക് എന്താണ് ആവശ്യം എന്ന് അന്വേഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.'

'AMMA-യുടെ തലപ്പത്തേക്ക് സ്ത്രീകള്‍ വരികയും അവര്‍ മത്സരിക്കുന്നതിനായി മാറിനിന്ന ജഗദീഷിനെ പോലുള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരുന്നതിന് ശ്രമിക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. പ്രസിഡന്റായ ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനും AMMA-യെ വിവേചനമില്ലാതെ ലിംഗനീതിയില്‍ അധിഷ്ഠിതമായി നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.' -ടി.ബി. മിനി പറഞ്ഞു.

Content Highlights: Nobody from AMMA supported the histrion who was attacked, says advocator TB Mini

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article