പത്മരാജന്റെ കഥയുടെ അവകാശം വാങ്ങി അത് ചലച്ചിത്രത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് രോഗം മൂര്‍ച്ഛിക്കുന്നതും സമയമാംരഥത്തില്‍ സംവിധായകന്‍ ഷാജി എന്‍. കരുണ്‍ യാത്രയാകുന്നതും. കുറച്ചുകാലമായി രോഗാതുരനെങ്കിലും അദ്ദേഹം കര്‍മ്മനിരതനായിരുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതല്‍ സിനിമയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരാളായിരുന്നു ഷാജി എന്‍. കരുണ്‍ - സിനിമയും ജീവിതവും പരസ്പരപൂരകങ്ങള്‍ എന്നപോലെ.
ജി. അരവിന്ദന്‍ എന്ന വിഖ്യാത ചലചിത്രകാരന്റെ ഛായാഗ്രാഹകന്‍ എന്ന നിലയിലാണ് ഷാജി എന്‍. കരുണ്‍ തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്. കാഞ്ചനസീത മുതല്‍ ഷാജി അരവിന്ദനൊപ്പമായിരുന്നു. സിനിമോട്ടോഗ്രാഫിയിലെ തന്റെ കരവിരുതും കാര്യക്ഷമതയും കാഞ്ചനസീതയില്‍ ഷാജിക്ക് വ്യക്തമാക്കുവാന്‍ കഴിഞ്ഞു. ജി. അരവിന്ദന്റെ തമ്പിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് ഷാജി കരസ്ഥമാക്കിയത് സിനിമാചരിത്രത്തിന്റെ ഭാഗമാണ്. ഉയരങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്.
ഷാജി എന്‍. കരുണുമായി നല്ല വ്യക്തിബന്ധമുണ്ടായിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയര്‍മാന്‍ എന്ന നിലയ്ക്കുള്ള പരിചയമാണ് പിന്നീട് അടുപ്പത്തിലേക്ക് നീങ്ങിയത്. അന്ന് അക്കാദമി ചെയര്‍മാനെ സമകാലിക മലയാളം വാരികയ്ക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്യാനെത്തിയ നാള്‍ ഓര്‍മ്മയിലുണ്ട്. വളരെ പതിയെ സംസാരിക്കുന്നതാണ് എന്നും ഷാജിയുടെ രീതി. അന്ന് അദ്ദേഹം പ്രവചനംപോലെ പറഞ്ഞു 'ഐ.എഫ്.എഫ്.കെ. എല്ലാ നിലയിലും വരുംകാലത്ത് ഒരു മികച്ച മേളയായി മാറും'. ഇന്ന് ഏഷ്യയിലെ എണ്ണപ്പെട്ട ചലച്ചിത്രമേളയാണ് ഐ.എഫ്.എഫ്.കെ.
ഷാജി ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കെയാണ് കൊച്ചിയില്‍ അരങ്ങേറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗം ആരംഭിച്ചത്. ആദ്യത്തെ ജൂറി ചെയര്‍മാന്‍ സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു. അന്ന് മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഹോ ഷ്യാവ് ഷെന്നിന്റെ 'ഫ്‌ളവേഴ്‌സ് ഓഫ് ഷാങ്ങ്ഹായ്' ആയിരുന്നു. അടൂര്‍ ചെയര്‍മാനായ ജൂറിയുടെ നിലവാരം വ്യക്തമാക്കിയ ചിത്രം ആര്‍ട്ട് ഹൗസ് സിനിമയിലെത്തന്നെ നാഴികക്കല്ലാണ്. വാതില്‍പുറ കാഴ്ചകളില്ലാതെ അകത്തളങ്ങളില്‍ മാത്രം ചിത്രീകരിച്ച, ക്യാമറ മൂവ്‌മെന്റുകള്‍ പരിമിതമായ പടം. ഷാജി അന്ന് പറഞ്ഞതോര്‍ക്കുന്നു 'ഈ പുരസ്‌കാരം ഒരു മെസേജ് നല്‍കുന്നു. ഏറ്റവും നിലവാരമുള്ള പടമാണ് ഇവിടെ തിരഞ്ഞെടുക്കപ്പെടുന്നത്.'
.jpg?$p=b86c185&w=852&q=0.8)
കേരളത്തില്‍വെച്ച് മാത്രമല്ല, ഡല്‍ഹി, ഗോവ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍വെച്ചും ഷാജിയുമായി ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നു. അവിടെയും അന്നെല്ലാം ഒരേയൊരു വിഷയം സിനിമ മാത്രം. ഫെസ്റ്റിവലില്‍ കണ്ട ഒരു പടത്തെക്കുറിച്ച് അഭിപ്രായം ആരായുവാനും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ സ്പഷ്ടമാക്കുവാനും ഷാജിക്ക് മടിയുണ്ടായിരുന്നില്ല. ലോകസിനിമയിലെ ആചാര്യസ്ഥാനീയരോട് പ്രത്യേക മമതയും ആരാധനയും അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നു. സത്യജിത്ത്‌റേ തന്നെയായിരുന്നു ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രധാന ആരാധ്യന്‍.
അരവിന്ദനാകട്ടെ ഒരു സിനിമാസംവിധായകനിലുപരി സഹോദരതുല്യനും സുഹൃത്തുമെല്ലാമായിരുന്നു. വാക്കുകളില്ലാതെ പരസ്പരം സംവദിക്കാന്‍ കഴിയുന്ന ബന്ധമായിരുന്നു അവരുടേത് - മൗനം വാചാലമാകുന്നതുപോലെ. ലൊക്കേഷനില്‍ സ്റ്റാര്‍ട്ടും കട്ടും പറയാതെ അരവിന്ദന്‍ ഷാജിയുടെ തോളിലൊന്നു തൊട്ടാല്‍മതി ഷാജി പൊരുള്‍ അറിയുമായിരുന്നു. സിനിമയില്‍ സംവിധായകനും ക്യാമറാമാനും തമ്മിലെ പാരസ്പര്യം പരമപ്രധാനം തന്നെ. അടൂരും മങ്കടയും റേയും സൗമ്യേന്ദുറോയും സെന്നും കെ.കെ. മഹാജനും പോലെയായിരുന്നു ഷാജിയും അരവിന്ദനും.
അദ്ദേഹത്തെ ആദ്യമായി കണ്ടത് ഡല്‍ഹിയില്‍ വെച്ചാണ്. ഗ്രീന്‍പാര്‍ക്കിലെ ഉപഹാര്‍ തിയേറ്ററില്‍ ജി. അരവിന്ദന്റെ ഒരിടത്ത് പ്രദര്‍ശിപ്പിച്ച അവസരം. കോളേജ് വിദ്യാര്‍ത്ഥിയെപ്പോലെ ചെറുപ്പം തോന്നിച്ച ഷാജി സത്യജിത്ത് റേ പതിയെ ഗോവണി കയറി ബാല്‍ക്കണിയിലേക്ക് വരുമ്പോള്‍ സ്‌റ്റെയര്‍കേസില്‍ നിന്ന് തുടരെ ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷവും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു കാഴ്ചയാണ് അത്. വളരെ ചെറുപ്രായത്തില്‍ ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് ഷാജിക്ക് ലഭിച്ചു. തമ്പില്‍ ഒരു കൗമാരക്കാരന്‍ ബീഡിവലിച്ചു പുക വിടുന്നതിന്റെ ദൃശ്യം വളരെ സ്വാഭാവികമായി ഷാജി പകര്‍ത്തിയതിന്റെ അഴകിനെക്കുറിച്ച് ഷാജിയെ അനുസ്മരിക്കവേ ടി.വി. ചന്ദ്രന്‍ എടുത്തുപറഞ്ഞിരുന്നു. പിറവിയിലൂടെയാണ് ഷാജി സംവിധായകനായത്. ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ച പടമാണ് പിറവി. കാന്‍പുരസ്‌കാരം, ചാര്‍ളിചാപ്ലിന്‍ അവാര്‍ഡ്, നാഷണല്‍ അവാര്‍ഡ് തുടങ്ങി മുപ്പതിലധികം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം. മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം പിറവിയിലെ അഭിനയത്തിന് പ്രേംജിയെ തേടിയെത്തി. പിറവി പ്രദര്‍ശിപ്പിക്കാത്ത ചലച്ചിത്രമേളകള്‍ അക്കാലത്ത് വിരളമായിരുന്നു.
.jpg?$p=a34f28c&w=852&q=0.8)
രണ്ടാമത്തെ ചിത്രമായ സ്വം കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാനായില്ല. ഷാജിയുടെ മാഗ്നം ഓപസ് പിന്നീട് വന്ന വാനപ്രസ്ഥം തന്നെ. ദേശീയ അന്തര്‍ദേശീയ ശ്രദ്ധയും പുരസ്‌കാരങ്ങളും വാനപ്രസ്ഥം നേടി. ഒരു ടെലിവിഷന്‍ പരിപാടിയില്‍ മോഹന്‍ലാല്‍ ഷാജിയോട് ചോദിച്ചത് എന്തുകൊണ്ട് കഥകളി നടനായ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ മോഹന്‍ലാലിനെ തിരഞ്ഞെടുത്തു എന്നാണ്. കഥാപാത്രമായി മാറുവാനുള്ള ലാലിന്റെ കഴിവും പ്രതിഭയും എണ്ണിപ്പറഞ്ഞുകൊണ്ടുള്ള മറുപടിയാണ് ഷാജി നല്‍കിയത് - ഏറെ പ്രസക്തമായ മറുപടി.
വാനപ്രസ്ഥം സംവിധായകരെന്ന നിലയ്ക്ക് ഷാജിയുടേയും അഭിനേതാവായ മോഹന്‍ലാലിന്റേയും സിനിമാജീവിതത്തിലെ നാഴികക്കല്ലായി മാറി. ഫ്രഞ്ച് കോ-പ്രൊഡക്ഷനായി തുടങ്ങിയ വാനപ്രസ്ഥം ഇടയ്ക്കുവെച്ച് നിന്നപ്പോള്‍ അത് പുനരുജ്ജീവിപ്പിച്ച് പൂര്‍ണ്ണമാക്കിയത് മോഹന്‍ലാല്‍ നിര്‍മ്മാണം ഏറ്റെടുത്തുകൊണ്ടാണ്. അരവിന്ദന്റെ വാസ്തുഹാരയില്‍ ഷാജിയുടെ വാനപ്രസ്ഥവും മോഹന്‍ലാലിന്റെ അഭിനയ മികവിന്റെ രണ്ട് ഉദാഹരണങ്ങളാണ്. മമ്മുട്ടി അഭിനയിച്ച കുട്ടിസ്രാങ്ക് ഷാജിയുടെ മറ്റൊരു ശക്തവും വ്യത്യസ്തവുമായ രചനയാണ്.
രാജ്യാന്തര ചലച്ചിത്രമേളകളോടനുബന്ധിച്ച് നടക്കാറുള്ള പാര്‍ട്ടികളിലും ആഘോഷങ്ങളിലുമൊന്നും ഷാജി അത്ര സജീവമായിരുന്നില്ല. ആ സമയംകൂടി സിനിമ കാണുവാന്‍ ഉപയോഗിക്കുമായിരുന്നു. മലയാളത്തില്‍ അടൂരും ടി.വി. ചന്ദ്രനും ഒഴികെ മറ്റ് പ്രഗല്‍ഭരായ സംവിധായകരുടെയെല്ലാം ക്യാമറമാനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ (മഞ്ഞ്), കെ.ജി. ജോര്‍ജ് (പഞ്ചവടിപ്പാലം) തുടങ്ങി നിരവധി പടങ്ങള്‍ ഷാജിയുടെ മികവിന് അടിവരയിടുന്നു.
ഇഫി (ഐ.എഫ്.എഫ്. ഐ.) ഗോവയിലെ പനോരമ വിഭാഗത്തിലേക്ക് പടങ്ങള്‍ സെലക്ട് ചെയ്യുന്ന ജൂറി അംഗമായപ്പോള്‍ ഷാജിയുടെ പടവും അതിലേക്ക് തിരഞ്ഞെടുത്തിരുന്നു. അതേക്കുറിച്ച് അദ്ദേഹം ഇടയ്ക്ക് പറയുമായിരുന്നു. അതുപോലെ മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിലെ (മാമി) ഫിപ്രസി ജൂറി അംഗമെന്നനിലയില്‍ വാനപ്രസ്ഥം മികച്ച സൃഷ്ടിയായി തെരഞ്ഞെടുത്തിനെക്കുറിച്ച് ഷാജി ഓര്‍മ്മിച്ചിരുന്നു. ഒരിക്കല്‍ ഡി.എഫ്.എഫ്. ഡയറക്ടര്‍ ശങ്കര്‍മോഹനോട് ഷാജി പറഞ്ഞു ' എനിക്ക് ഫിപ്രസി അവാര്‍ഡ് തന്ന ആളാണ്' ' ഫ്രന്റ് റണ്ണര്‍ ആയിരുന്നു വാനപ്രസ്ഥം. ഐ ഡിഡിന്റ് ഹാവ് ടു ആര്‍ഗ്യു അറ്റ് ഓള്‍. ഏകകണ്ഠമായ തീരുമാനമായിരുന്നു ജൂറിയുടേത്.'
വൈകിയെങ്കിലും ഏറ്റവും അര്‍ഹിക്കുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ഷാജിക്ക് ലഭിച്ചപ്പോള്‍ അയച്ച സന്ദേശത്തിന് മറുപടിയായി അദ്ദേഹം എഴുതി. 'താങ്ക് യു സോ മച്ച് ഫോര്‍ യുവര്‍ കൈന്റ് ഹാര്‍ട്ട് ആന്റ് വണ്ടര്‍ഫുള്‍ ഗുഡ്‌നസ്സ്. അയാം ടച്ച്ഡ് ബൈ യുവര്‍ ബ്ലെസ്സിംഗ്‌സ്. താങ്ക് യു വണ്‍സ് എഗെയിന്‍ ഫ്രം ദി ബോട്ടം ഓഫ് മൈ ഹാര്‍ട്ട്. വിത്ത് റിഗാര്‍ഡ്‌സ്' ഷാജി എന്‍, കരുണ്‍. അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടി സ്റ്റേറ്റ് അവാര്‍ഡ് ചടങ്ങായിരുന്നു. രോഗഗ്രസ്ഥനും അവശനുമായ ഷാജി പുരസ്‌കാരം സ്വീകരിച്ച രംഗം വിഷാദച്ഛവി കലര്‍ന്നതെങ്കിലും അര്‍ഹതയുടെ അംഗീകാരമായിരുന്നു.
Content Highlights: Shaji N Karun Malayalam Cinema Indian Cinema Director Vanaprastham Piravi G Aravindan
ABOUT THE AUTHOR
എം.സി. രാജനാരായണന്‍
എഴുത്തുകാരൻ, ചലച്ചിത്ര നിരൂപകൻ
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·