ആഗോള തലത്തില്‍ വന്‍ റിലീസിനൊരുങ്ങി ടൊവിനോ ചിത്രം 'നരിവേട്ട'; വിതരണംചെയ്യാന്‍ വമ്പന്‍ ബാനറുകള്‍ 

8 months ago 10

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മേയ് 23-ന് ആഗോള റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍, ഗാനങ്ങള്‍ എന്നിവയെല്ലാം സാമൂഹികമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴില്‍ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് വിതരണംചെയ്യുന്ന ചിത്രം തെലുങ്കില്‍ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയില്‍ വൈഡ് ആംഗിള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമ്പോള്‍, കന്നഡയില്‍ എത്തിക്കുന്നത് ബാംഗ്ലൂര്‍ കുമാര്‍ ഫിലിംസ് ആണ്. ഐക്കണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിക്കുന്നത്. ഫാര്‍സ് ഫിലിംസ് ഗള്‍ഫില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ റെസ്റ്റ് ഓഫ് ദ് വേള്‍ഡ് വിതരണം ബര്‍ക്ക്‌ഷെയര്‍ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിന്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തില്‍ ഉള്ളതെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ കാണിച്ചു തരുന്നത്. കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലര്‍ പറയുന്നുണ്ട്.

ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ 'നരിവേട്ട'യിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. ടൊവിനോ തോമസ്, ചേരന്‍ എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകര്‍ച്ചകളിലൂടെയും നടനെന്ന നിലയിലും വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൂടെ താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ടൊവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി 'നരിവേട്ട' മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവര്‍ത്തകര്‍. എന്‍.എം. ബാദുഷയാണ് നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്: ബാവ, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്: അമല്‍ സി. ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ഷെമി ബഷീര്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, പിആര്‍ഒ ആന്ഡ് മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Tovino Thomas Narivetta, directed by Anuraj Manohar, releases May 23rd

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article