ആഞ്ചലോട്ടിക്കു കീഴിൽ ബ്രസീലിന് ആദ്യ ജയം, ലോകകപ്പ് യോഗ്യത; ചുവപ്പുകാർഡിലും ‘സമനില തെറ്റാതെ’ അർജന്റീന – വിഡിയോ

7 months ago 8

ഓൺലൈൻ ഡെ‌സ്‌ക്

Published: June 11 , 2025 08:57 AM IST Updated: June 11, 2025 09:27 AM IST

1 minute Read

പാരഗ്വായ്‌ക്കെതിരെ ബ്രസീലിന്റെ വിജയഗോൾ നേടിയ വിനീസ്യൂസ് ജൂനിയറിന്റെ ആഹ്ലാദം (എക്സിൽ പങ്കുവച്ച ചിത്രം)
പാരഗ്വായ്‌ക്കെതിരെ ബ്രസീലിന്റെ വിജയഗോൾ നേടിയ വിനീസ്യൂസ് ജൂനിയറിന്റെ ആഹ്ലാദം (എക്സിൽ പങ്കുവച്ച ചിത്രം)

സാവോ പോളോ∙ സൂപ്പർ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ മോഹിക്കുന്ന ബ്രസീലിന് ആദ്യ വിജയം. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പൊരുതിക്കളിച്ച പാരഗ്വായെയാണ് ബ്രസീൽ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. ഇതോടെ അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് ബ്രസീൽ യോഗ്യത ഉറപ്പാക്കി. മറ്റൊരു മത്സരത്തിൽ തോൽവിയുടെ വക്കിൽനിന്ന് തിരിച്ചടിച്ച അർജന്റീന, കൊളംബിയയ്‌ക്കെതിരെ സമനിലയുമായി രക്ഷപ്പെട്ടു. അതേസമയം യുറഗ്വായ് വെനസ്വേലയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കും തകർത്തു.

സമനില വഴങ്ങിയെങ്കിലും 16 കളികളിൽനിന്ന് 11 ജയവും രണ്ടു സമനിലയും സഹിതം 35 പോയിന്റുമായി അർജന്റീന തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 16 കളികളിൽനിന്ന് 7 വിജയവും 7 സമനിലയും സഹിതം 25 പോയിന്റുമായി ഇക്വഡോർ രണ്ടാമതും അത്ര തന്നെ പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ പിന്നിലായതിനാൽ ബ്രസീൽ മൂന്നാമതും നിൽക്കുന്നു. യുറഗ്വായ് 24 പോയിന്റുമായി നാലാമതുണ്ട്. ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പാക്കിയപ്പോൾ, യുറഗ്വായ് യോഗ്യതയ്ക്ക് തൊട്ടരികെയാണ്. അതേസമയം, ബൊളീവിയയോട് തോറ്റ ചിലെ തുടർച്ചയായ മൂന്നാം ലോകകപ്പിനും യോഗ്യത നേടാനാകാതെ പുറത്തായി.

കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ആദ്യ മത്സരത്തിൽ ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ ബ്രസീൽ, ഇത്തവണ സൂപ്പർതാരം വിനീസ്യൂസ് ജൂനിയർ ആദ്യപകുതിയിൽ നേടിയ ഗോളിലാണ് വിജയം പിടിച്ചെടുത്തത്. 44–ാം മിനിറ്റിൽ മത്തേവൂസ് കുഞ്ഞയുടെ അസിസ്റ്റിൽനിന്നായിരുന്നു വിനീസ്യൂസ് ജൂനിയറിന്റെ ഗോൾ.

കൊളംബിയയ്‌ക്കെതിരായ മത്സരത്തിൽ മത്സരം അവസാന 10 മിനിറ്റിലേക്ക് കടക്കുമ്പോഴും 1–0ന് പിന്നിലായിരുന്ന അർജന്റീന, 81–ാം മിനിറ്റിൽ അൽമാഡ നേടിയ ഗോളിലാണ് സമനില പിടിച്ചത്. 70–ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനാൽ 10 പേരുമായാണ് അർജന്റീന അവസാന 20 മിനിറ്റ് കളിച്ചത്. 24–ാം മിനിറ്റിൽ ലൂയിസ് ഡയസാണ് കൊളംബിയയുടെ ഗോൾ നേടിയത്.

ആദ്യപകുതിയുടെ അവസാനവും രണ്ടാം പകുതിയുടെ തുടക്കത്തിലുമായി നേടിയ രണ്ടു ഗോളുകളിലാണ് യുറക്വായ് വെനസ്വേലയെ വീഴ്ത്തിയത്. റോഡ്രിഗോ അഗ്വിറേ (43), ജോർജിയൻ ഡി അറാസ്കയേറ്റ (47) എന്നിവരാണ് യുറഗ്വായുടെ ഗോളുകൾ നേടിയത്.

English Summary:

Vinicius extremity capable arsenic Brazil suffice for FIFA World Cup 2026

Read Entire Article