ആടുജീവിതത്തിൽ ഇല്ലാത്തതെന്താണ് കേരളാ സ്റ്റോറിയിൽ ജൂറി കണ്ടത്? പൃഥ്വിക്ക് പിന്തുണ, ചർച്ച

5 months ago 5

Aadujeevitham

ആടുജീവിതം എന്ന ചിത്രത്തിൽ പൃഥ്വിരാജ് | ഫോട്ടോ: www.facebook.com/Poffactio

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മലയാളികൾ ഏറെ പ്രതീക്ഷിച്ചിരുന്ന ഒന്നായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന് എന്തെങ്കിലും പുരസ്കാരം. എന്നാൽ അന്തിമഫലം വന്നപ്പോൾ ആടുജീവിതം ചിത്രത്തിലേ ഇല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച ഉയർന്നിരിക്കുകയാണ്. ആടുജീവിതം എന്ന ചിത്രത്തിൽ ഇല്ലാത്തതെന്താണ് കേരളാ സ്റ്റോറി എന്ന ചിത്രത്തിൽ ജൂറി കണ്ടതെന്നാണ് ഉയർന്നുവന്നിരിക്കുന്ന സുപ്രധാന ചോദ്യം. പൃഥ്വിരാജിനും പിന്തുണയർപ്പിച്ച് നിരവധി പേർ പ്രതികരിക്കുന്നുണ്ട്.

പ്രാദേശിക ജൂറിയാണ് ആദ്യഘട്ടത്തിൽ സിനിമകൾ കണ്ട് വിലയിരുത്തി വിവിധ കാറ്റഗറിയിലെ നിർദേശങ്ങളും അന്തിമ പരിഗണനയ്ക്ക് എടുക്കേണ്ട ചിത്രങ്ങളുടെ പട്ടികയും നൽകുന്നത്. തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ‘ആടുജീവിതം’ ഇടം നേടിയിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പുരസ്കാര വിവരം പുറത്തുവന്നപ്പോൾ മുതൽ ആടുജീവിതത്തിലെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എല്ലാം നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ളത്.

ദേശീയ പുരസ്കാരം പരാജയപ്പെട്ട എന്നാണ് ഒരാളുടെ കമന്റ്. ഇന്ത്യക്കാർ ഇവിടെ പരാജയപ്പെട്ടു. കലയും കഴിവും നമ്മളും ഒരുപോലെ പരാജയപ്പെട്ടുവെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ആടുജീവിതത്തെപ്പോലെ ഒരു ചിത്രവും പൃഥ്വിരാജിനെപ്പോലെ ഒരു നടന്റെ അവിസ്മരണീയമായ പ്രകടനമുണ്ടായിട്ടും ഈ ചിത്രത്തിന് പുരസ്കാരം കിട്ടിയില്ല. പകരം ഷാരൂഖ് ഖാന്റെ ജവാന് കിട്ടി. ദേശീയ പുരസ്കാരത്തിന്റെ വിശ്വാസ്യത അതിവേ​ഗം മായുന്നു. ആടുജീവിതത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്റെ കഷ്ടപ്പാട് മലയാളികൾ എന്നും ഓർത്തിരിക്കും എന്നെല്ലാം നീളുന്നു കമന്റുകൾ.

പ്രാദേശിക ജൂറി ആറു സിനിമകൾ മാത്രമാണ് കേന്ദ്ര ജൂറിയുടെ പരിഗണനയ്ക്കയച്ചത്. ഉള്ളൊഴുക്ക്, 1947 പ്രണയം തുടരുന്നു, പൂക്കാലം, ഒ ബേബി, ആടുജീവിതം, മഹൽ എന്നിവയാണവ. കേന്ദ്ര ജൂറിയിൽ അംഗമായ മലയാളി സംവിധായകൻ പ്രദീപ് നായരുടെ പ്രത്യേക അപേക്ഷപ്രകാരം ഇരട്ട, കാതൽ, 2018, തടവ് എന്നീ സിനിമകളെ ജൂറി ചെയർമാൻ അശുതോഷ് ഗൊവാരികർ തിരികെവിളിച്ചു.

കേരള സ്റ്റോറിക്ക് പുരസ്‌കാരം നൽകുന്നതിൽ മലയാളി ജൂറി അംഗം തന്റെ വാദഗതികൾ ചെയർമാന് രേഖാമൂലം കൈമാറി. കേരളംപോലെ ജനാധിപത്യപരമായ സംസ്ഥാനത്തിനെതിരേയുള്ള പ്രചാരണ സിനിമയാണതെന്ന് കത്തിൽ പറഞ്ഞു. അഭിപ്രായം ജൂറി അംഗീകരിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും കേരള സ്റ്റോറിക്ക് അനുകൂല നിലപാടാണെടുത്തതെന്ന് പ്രദീപ് നായർ പറഞ്ഞു.

ആടുജീവിതം ജൂറി അംഗങ്ങൾക്കൊന്നും ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചന. ഇതിലെ മേക്കപ്പിന് രഞ്ജിത്ത് അമ്പാടി, ഗാനരചനയ്ക്ക് റഫീഖ് അഹമ്മദ് എന്നിവയ്ക്കായി മലയാളി അംഗം വാദിച്ചിരുന്നു. എന്നാൽ, സാം ബഹാദൂർ എന്ന സിനിമയിലെ ശ്രീകാന്ത് ദേശായിയുടെ മേക്കപ്പുമായി താരതമ്യംവന്നപ്പോൾ രഞ്ജിത്തിന്റെ സാധ്യത മങ്ങി. ഗാനത്തിന്റെ കൃത്യമായ ഇംഗ്ലീഷ് തർജ്ജമയുടെ അഭാവം റഫീഖ് അഹമ്മദിനും തിരിച്ചടിയായി. സംഭാഷണപ്രാധാന്യമുള്ള കാതൽ സിനിമയുടെ ആശയം മനസ്സിലാക്കുന്നതിൽ ജൂറി പരാജയപ്പെട്ടതായി വിലയിരുത്തലുണ്ട്. ഉള്ളൊഴുക്കിലെ പശ്ചാത്തലസംഗീതത്തിന് സുഷിൻ ശ്യാമും പരിഗണനയിലുണ്ടായിരുന്നു.

Content Highlights: Adujeevitham`s omission from the National Film Awards sparks debate.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article