റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന നിയമനിർമാണത്തിന് വഴിയൊരുങ്ങി. ‘ലിൻഡ്‌സേ ഒ. ഗ്രഹാം സാങ്‌ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ്-2026’ എന്ന ബിൽ യുഎസ് പ്രതിനിധി സഭ 262-159 എന്ന വോട്ടിന് പാസാക്കി. ബിൽ ഇനി ട്രംപിന്റെ അംഗീകാരത്തിനായി നീങ്ങുകയാണ്.
റഷ്യൻ ഊർജം വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് പുതിയ വ്യവസ്ഥ ബാധകമാകാം. എന്നാൽ 100 ശതമാനം തീരുവ സ്വമേധയാ നിലവിൽ വരുന്നതല്ല. നിയമം പ്രാബല്യത്തിൽ വന്നാൽ അതിന്റെ അടിസ്ഥാനത്തിൽ ട്രംപിന് അധികാരം വിനിയോഗിച്ച് തീരുവ ചുമത്താൻ കഴിയും.
അതേസമയം, റഷ്യയിൽ നിന്നുള്ള ആണവ ഇന്ധന ഇറക്കുമതിയുടെ കാര്യത്തിൽ യുഎസ് പൂർണമായും വാതിൽ അടച്ചിട്ടില്ല. റഷ്യയിൽ നിന്നുള്ള കുറഞ്ഞ സമ്പുഷ്ട യുറേനിയം (LEU) ഉൾപ്പെടെയുള്ള ആണവ ഇന്ധന വിതരണത്തിൽ പരിമിതമായ ഇളവുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആഭ്യന്തര ആണവ റിയാക്ടറുകൾക്ക് ബദൽ ലഭ്യമല്ലാത്ത സാഹചര്യത്തിലോ ദേശീയ താൽപര്യം കണക്കിലെടുക്കേണ്ട സാഹചര്യത്തിലോ ഇറക്കുമതിക്ക് ഒഴിവ് നൽകാനുള്ള വ്യവസ്ഥ യുഎസ് നേരത്തെ നിലനിർത്തിയിരുന്നു. ഈ ഇളവുകൾ 2028 ജനുവരി 1 വരെ തുടരാനാണ് നിലവിലെ വ്യവസ്ഥ.
റഷ്യൻ ആണവ ഇന്ധനത്തെ യുഎസ് ഇപ്പോഴും എത്രത്തോളം ആശ്രയിക്കുന്നുവെന്നത് പുതിയ കണക്കുകളും വ്യക്തമാക്കുന്നു. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, 2025ൽ യുഎസ് സിവിലിയൻ ആണവ റിയാക്ടറുകളുടെ ഓപ്പറേറ്റർമാർ വാങ്ങിയ യുറേനിയം സമ്പുഷ്ടീകരണ സേവനങ്ങളിൽ 26 ശതമാനം റഷ്യയിൽ നിന്നായിരുന്നു. യുഎസ് 23 ശതമാനം നൽകിയപ്പോൾ ഫ്രാൻസ് 18 ശതമാനവും ബ്രിട്ടൻ 14 ശതമാനവും നെതർലാൻഡ്സ് 8 ശതമാനവും നൽകി.
ഇതോടെ റഷ്യയുമായുള്ള ആണവോർജ ബന്ധം പെട്ടെന്ന് പൂർണമായി വിച്ഛേദിക്കുന്നത് യുഎസിനും എളുപ്പമല്ലാത്ത സാഹചര്യമാണുള്ളത്. ഒരു വശത്ത് റഷ്യയുടെ ഊർജ വരുമാനത്തിന് മേൽ സമ്മർദം ശക്തമാക്കുമ്പോൾ, മറുവശത്ത് സ്വന്തം ആണവോർജ മേഖലയിലെ ഇന്ധനവിതരണത്തിന് ബദൽ സംവിധാനങ്ങൾ വികസിപ്പിക്കേണ്ട സാഹചര്യം യുഎസിനുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് മേലുള്ള സമ്മർദവും ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്. പുതിയ നിയമം പ്രാബല്യത്തിൽ വരികയും ട്രംപ് അധികാരം ഉപയോഗിക്കുകയും ചെയ്താൽ ഇന്ത്യയ്ക്കും 100 ശതമാനം വരെ അധിക തീരുവ നേരിടേണ്ടിവരാം. എന്നാൽ നിലവിൽ ഇന്ത്യയ്ക്ക് മേൽ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ 100 ശതമാനം താരിഫ് ചുമത്തിയിട്ടില്ല.
1 day ago
1





English (US) ·