Published: August 05 , 2025 09:32 AM IST
2 minute Read
സിറാജ് എന്ന വാക്കിന് വിളക്കെന്നും വെളിച്ചമെന്നും അർഥമുണ്ട്. തന്റെ ഇളയമകന് സിറാജ് എന്നു പേരിടുമ്പോൾ ഹൈദരാബാദിൽ ഓട്ടോ ഡ്രൈവറായ മിർസ മുഹമ്മദിന് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവൻ കുടുംബത്തിന് വെളിച്ചമാകണം, തങ്ങളുടെ കഷ്ടപ്പാടുകളെല്ലാം തീർക്കണം. വർഷങ്ങൾക്കിപ്പുറം ഒരു രാജ്യത്തിനാകെ വിജയവെളിച്ചം
വീശുന്ന വിളക്കുമരമായി തന്റെ മകൻ മാറുമെന്ന് ആ പിതാവ് ഒരിക്കൽ പോലും ചിന്തിച്ചിരിക്കില്ല. ഫോർമാറ്റ് ഭേദമന്യേ, ജോലിഭാരത്തിന്റെ
പരാതികളില്ലാതെ ഇന്ത്യൻ ടീമിലെ ഏറ്റവും സ്ഥിരതയുള്ള പേസ്ബോളറായി മുപ്പത്തിയൊന്നുകാരൻ സിറാജ് മാറിക്കഴിഞ്ഞു...
മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ഒരു പന്തെറിയാൻ വേണ്ട ഊർജം ഉപയോഗിച്ച് ഒരു ചെറിയ കാർ ഉയർത്താൻ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ 1113 കാറുകളാണ് ഇംഗ്ലണ്ടിനെതിരായ 5 മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഉയർത്തിയത്!
ജോലി ഭാരം കണക്കിലെടുത്ത് ഇരു ടീമിലെയും ബോളർമാർക്ക് ഒരു മത്സരത്തിലെങ്കിലും വിശ്രമം അനുവദിച്ചപ്പോൾ, പരാതിയോ പരിഭവങ്ങളോ ഇല്ലാതെ 5 ടെസ്റ്റിലും ഒരേ ആവേശത്തിൽ പന്തെറിഞ്ഞ ഏക പേസറാണ് സിറാജ്. പരമ്പരയിൽ 185.3 ഓവർ പന്തെറിഞ്ഞ വലംകൈ പേസർ 32.43 ശരാശരിയിൽ വീഴ്ത്തിയത് 23 വിക്കറ്റുകൾ. ഇന്ത്യൻ നിരയിൽ മറ്റൊരു പേസറും 150നു മുകളിൽ ഓവർ എറിഞ്ഞിട്ടില്ലെന്ന വസ്തുത കൂടി ഇതിനോടു ചേർത്തുവായിക്കാം.
വീഴ്ച, വാഴ്ച
ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ അസാധ്യമെന്നു തോന്നിച്ച വിജയലക്ഷ്യം ഇന്ത്യ അവിശ്വസനീയ ചെറുത്തുനിൽപിലൂടെ പിടിച്ചെടുക്കുമെന്നു പ്രതീക്ഷിച്ച ഘട്ടത്തിലാണ് ഒരു നിമിഷത്തെ ശ്രദ്ധക്കുറവിൽ സിറാജ് ഔട്ടാകുന്നതും ഇന്ത്യ തോൽക്കുന്നതും. അന്നു നിറകണ്ണുകളോടെയാണ് സിറാജ് ഗ്രൗണ്ട് വിട്ടത്. ഓവൽ ടെസ്റ്റിൽ, ഇന്നിങ്സിന്റെ തുടക്കത്തിൽ താൻ കൈവിട്ട ഹാരി ബ്രൂക്ക് പിന്നാലെ സെഞ്ചറി നേടി മത്സരം ഇന്ത്യയിൽനിന്നു പതിയെ പിടിച്ചെടുത്തുകൊണ്ടിരുന്നപ്പോൾ സിറാജിനു വീണ്ടും ചിലർ വില്ലൻ പരിവേഷം നൽകി. എന്നാൽ ടീമിനായി ഉയിരും ഉടലും കൊടുത്ത് അധ്വാനിക്കാൻ തയാറാണെന്നു തെളിയിച്ച സിറാജ്, അഞ്ചാം ദിനം 3 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ വിഖ്യാത വിജയത്തിലേക്കു കൈപിടിച്ചുനടത്തി.
ഒരു ലോഡ് വർക്ക്
ഫോർമാറ്റ് ഏതായാലും കഴിഞ്ഞ 5 വർഷമായി ഇന്ത്യൻ പേസ് നിരയിലെ സ്ഥിരം സാന്നിധ്യമാണ് സിറാജ്. കരിയറിൽ ഒരിക്കൽപോലും ജോലി ഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി സിറാജ് വിശ്രമം ആവശ്യപ്പെടുകയോ ടീം മാനേജ്മെന്റ് സ്വമേധയാ അത്തരമൊരു തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. പരുക്കിന്റെ പേരിലും സിറാജിന് ഒരു പരമ്പരയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നിട്ടുമില്ല. ഇംഗ്ലണ്ട് പരമ്പരയിൽ മാത്രം 185 ഓവർ എറിഞ്ഞ സിറാജ്, 2022നു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ എറിഞ്ഞത് 1090 ഓവറുകളാണ്! ഈ കാലയളവിൽ 600നു മുകളിൽ ഓവർ എറിഞ്ഞ ഒരു പേസർപോലും ഇന്ത്യൻ ടീമിൽ ഇല്ല.
നോ ബുമ്ര, നോ പ്രോബ്ലം
‘എല്ലാം ജസ്സി ഭായ് ( ജസ്പ്രീത് ബുമ്ര) നോക്കിക്കോളും’– ഇംഗ്ലണ്ട് പരമ്പരയ്ക്കു മുൻപായി ഇന്ത്യൻ പേസ് ബോളിങ്ങിനെക്കുറിച്ചു ചോദിച്ചപ്പോൾ സിറാജ് നൽകിയ ഉത്തരം ഇതായിരുന്നു. ബുമ്ര ടീമിലുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ‘സഹായിയായി’ ഒതുങ്ങിക്കൂടാനാണ് സിറാജിന് എന്നും ഇഷ്ടം. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ബുമ്രയുടെ അഭാവത്തിലാണ് സിറാജ് കൂടുതൽ തിളങ്ങിയിട്ടുള്ളത്. ബുമ്രയ്ക്കൊപ്പം കളിച്ച 23 ടെസ്റ്റുകളിൽ 33.82 ആണ് സിറാജിന്റെ ബോളിങ് ശരാശരി. ബുമ്ര ഇല്ലാതെ കളിച്ച 15 ടെസ്റ്റുകളിൽ ശരാശരി 25.20 ആയി ചുരുങ്ങുന്നു. ബുമ്രയുടെ അഭാവത്തിൽ സിറാജിന്റെ മൂർച്ച കൂടുന്നു എന്നു വ്യക്തം. ബുമ്രയ്ക്കൊപ്പം കളിച്ച മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് സിറാജ് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. എന്നാൽ ബുമ്രയില്ലാത്തപ്പോൾ 4 തവണ സിറാജിനെ തേടി 5 വിക്കറ്റ് നേട്ടമെത്തി.
English Summary:








English (US) ·