ആദിവാസികളെ അധിക്ഷേപിച്ചെന്ന പരാതി; നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ എസ്‌സി/എസ്‍ടി നിയമപ്രകാരം കേസ്

7 months ago 6

22 June 2025, 10:11 PM IST

Vijay Deverakonda

വിജയ് ദേവരകൊണ്ട | Photo: PTI

തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്. പട്ടികജാതി/പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരമാണ് കേസെടുത്തത്. ആദിവാസികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിനാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ജൂണ്‍ 17-ന് വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ട്രൈബല്‍ കമ്യൂണിറ്റീസിന്റെ സംസ്ഥാന പ്രസിഡന്റ് നേനാവത് അശോക് കുമാര്‍ നായിക് പോലീസില്‍ പരാതി നല്‍കി. സൂര്യയുടെ റെട്രോ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയ്ക്കിടെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ വിവാദ പരാമര്‍ശം.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് ദേവരകൊണ്ട വിവാദ പരാമര്‍ശം നടത്തിയത്. 'അവര്‍ (ഭീകരര്‍) 500 വര്‍ഷം മുമ്പുള്ള ആദിവാസികളെ പോലെ മസ്തിഷ്‌കമോ സാമാന്യബോധമോ ഉപയോഗിക്കാതെ പോരാടുകയാണ്' എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. ആദിവാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ് ഇതെന്ന് നേനാവത് അശോക് കുമാര്‍ പറഞ്ഞു.

പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വിജയ് ദേവരകൊണ്ട രംഗത്തെത്തിയിരുന്നു. ഒരു സമുദായത്തേയും-പ്രത്യേകിച്ച് പട്ടികവര്‍ഗവിഭാഗത്തെ-വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശമെന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവരെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു ഈ പ്രതികരണം.

Content Highlights: Vijay Deverakonda Booked Under SC/ST Act Over His Remarks On Tribals

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article