ആദ്യ 3 ഓവറിൽ 53, അവസാന 2 ഓവറിൽ 36; അതിനിടയിലെ 15 ഓവറുകളിൽ 74 റൺസ് മാത്രം! ആർസിബിയുടെ അവസ്ഥ

9 months ago 10

മനോരമ ലേഖകൻ

Published: April 11 , 2025 10:15 AM IST

2 minute Read

  • കെ.എൽ.രാഹുലിന് വീണ്ടും അർധ സെഞ്ചറി (53 പന്തിൽ 93 നോട്ടൗട്ട്)

  • ബെംഗളൂരുവിനെതിരെ ഡൽഹിക്ക് 6 വിക്കറ്റ് ജയം

CRICKET-IND-IPL-T20-BENGALURU-DELHI
ആര്‍സിബി താരം ടിം ഡേവിഡ് ബാറ്റിങ്ങിനിടെ. Photo: AFP

ബെംഗളൂരു ∙ ആദ്യ 3 ഓവറിൽ 53 റൺസ്, അവസാന 2 ഓവറിൽ 36 റൺസ്. അതിനിടയിലെ 15 ഓവറുകളിൽ 74 റൺസ് മാത്രം! വെടിക്കെട്ട് തുടക്കത്തിനും ഉജ്വല ഫിനിഷിങ്ങിനുമിടയിലെ താളം തെറ്റിയ ബാറ്റിങ്ങാണ് ഡൽഹിക്കെതിരായ മത്സരത്തിൽ ബെംഗളൂരുവിനെ തോൽപിച്ചത്. ഈ 15 ഓവറുകൾക്കിടയിൽ ബെംഗളൂരു 7 വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. പവർപ്ലേയിലെ ആദ്യ 4 ഓവറിൽ 62 റൺസ് വഴങ്ങിയ ഡൽഹി ബോളർമാർ തുടർന്നുള്ള 2 ഓവറുകളിൽ ബെംഗളൂരുവിനെ അക്ഷരാർഥത്തിൽ പിടിച്ചുകെട്ടി. വിരാട് കോലി ക്രീസിലുണ്ടായിട്ടും അഞ്ചാം ഓവറിൽ വിപ്‍രാജ് നിഗത്തിനെതിരെ നേടാനായത് 2 റൺസ്. ആറാം ഓവറിൽ മുകേഷ് കുമാർ ഒരു വിക്കറ്റ് ഉ‍ൾപ്പെടെ മെയ്ഡൻ ഓവറും എറിഞ്ഞതോടെ 2ന് 64 എന്ന നിലയിൽ ബെംഗളൂരുവിന്റെ പവർപ്ലേ അവസാനിച്ചു. ആദ്യ 3 ഓവറിൽ ടീം സ്കോർ 50 കടന്ന ബെംഗളൂരുവിന് 100ൽ എത്താൻ 11.4 ഓവർ വരെ കാത്തിരിക്കേണ്ടിവന്നു.

ഒരു റണ്ണൗട്ടിന്റെയും ഒരു ക്യാച്ചിന്റെയും വില ഇന്നലെ ബെംഗളൂരു ടീമിന് ശരിക്കും മനസ്സിലായിക്കാണണം. വെടിക്കെട്ട് തുടക്കം നേടിയിട്ടും ഓപ്പണർ ഫിൽ സോൾട്ടിന്റെ (17 പന്തിൽ 37) റണ്ണൗട്ട് അവരുടെ ബാറ്റിങ്ങിന്റെ പാളം തെറ്റിച്ചു. ബോളിങ്ങിനിടെ കെ.എൽ.രാഹുലിന്റെ നിർണായക ക്യാച്ച് നഷ്ടമാക്കിയ ക്യാപ്റ്റൻ രജത് പാട്ടിദാർ ജയപ്രതീക്ഷയും നിലത്തിട്ടു. കളിച്ചു വളർന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉജ്വല അർധ സെഞ്ചറിയുമായി കെ.എൽ.രാഹുൽ ബാറ്റിങ്ങിന്റെ നെടുംതൂണായപ്പോൾ (53 പന്തിൽ 93 നോട്ടൗട്ട്) ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരുവിനെ 163 റൺസിൽ പിടിച്ചുനിർത്തിയ ഡൽഹി 13 പന്തുകളും 6 വിക്കറ്റുകളും ബാക്കിനിൽക്കെ ജയമുറപ്പിച്ചു. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7ന് 163. ഡൽഹി–17.5 ഓവറിൽ 4ന് 169. രാഹുലാണ് പ്ലെയർ ഓഫ് ദ് മാച്ച്. പരാജയമറിയാതെ മുന്നേറുന്ന ഡൽഹിയുടെ നാലാം ജയമാണിത്. 

രാഹുലിന്റെ കോട്ട 164 റൺസിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയെ വിറപ്പിച്ചാണ് ബെംഗളൂരു പേസർമാർ തുടങ്ങിയത്. രണ്ടാം ഓവറിൽ ഫാഫ് ഡുപ്ലെസിയും (2) മൂന്നാം ഓവറിൽ ജേക് ഫ്രേസർ മക്ഗുർക്കും (7) പുറത്തായി. എന്നാൽ നാലാം ഓവറിൽ വ്യക്തിഗത സ്കോർ അഞ്ചിൽനിൽക്കെ രാഹുലിന്റെ ക്യാച്ച് പാട്ടിദാറിന്റെ കയ്യിൽനിന്നു വഴുതിപ്പോയത് വഴിത്തിരിവായി. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ കരുതലോടെയായിരുന്നു രാഹുലിന്റെ തുടക്കം. ആദ്യ 29 പന്തിൽ 29 റൺസ് മാത്രം നേടിയ താരം 12–ാം ഓവറിൽ ക്രുനാൽ പാണ്ഡ്യയ്ക്കെതിരെ ഒരു സിക്സും ഫോറും നേടി ഫോമിലായി. 14 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 99 എന്ന നിലയിലായിരുന്ന ഡൽഹിക്ക് അടുത്ത 6 ഓവറിൽ 65 റൺസായിരുന്നു ലക്ഷ്യം. ജോഷ് ഹെയ്സൽവുഡ‍് എറി​ഞ്ഞ 15–ാം ഓവറിൽ 22 റൺസ് നേടിയ രാഹുൽ റൺറേറ്റിന്റെ സമ്മർദം അകറ്റി ഡൽഹിയുടെ ചേസിങ് സുഗമമാക്കി. അഞ്ചാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സുമൊത്ത് (23 പന്തിൽ 38 നോട്ടൗട്ട്) രാഹുൽ 55 പന്തിൽ 111 റൺസ് നേടി. 

3 ഓവറിൽ 53, പക്ഷേ... നേരത്തേ ആദ്യ 3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസുമായി തകർത്തടിച്ച ബെംഗളൂരുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഓപ്പണർ ഫിൽ സോൾട്ടിന്റെ റണ്ണൗട്ടാണ്. വിക്കറ്റ് നഷ്ടമില്ലാതെ 61 എന്ന സ്കോറിൽ നിൽക്കെയായിരുന്നു നാലാം ഓവറിലെ അവസാന പന്തിൽ പവർ ഹിറ്റർ സോൾട്ട് (17 പന്തിൽ 37) പുറത്തായത്. പവർപ്ലേയ്ക്കു തൊട്ടുപിന്നാലെ വിരാട് കോലിയെ പുറത്താക്കിയ സ്പിന്നർ വിപ്‍രാജ് നിഗം (14 പന്തിൽ 22) ബെംഗളൂരുവിന് അടുത്ത പ്രഹരമേൽപിച്ചു. ലിയാം ലിവിങ്സ്റ്റൻ (4), ജിതേഷ് ശർമ (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റന‍് രജത് പാട്ടിദാറിനും (23 പന്തിൽ 25) സ്കോറുയർത്താനായില്ല. എട്ടാമനായി ബാറ്റിങ്ങിനെത്തിയ ടിം ഡേവിഡാണ് (20 പന്തിൽ 37*) ഒടുവിൽ രക്ഷയ്ക്കെത്തിയത്.  ഭുവനേശ്വർ കുമാറിനെ (1) കൂട്ടുപിടിച്ച് എട്ടാം വിക്കറ്റിൽ 17 പന്തിൽ 38 റൺസ് നേടിയ ഡേവിഡ് ടീം സ്കോർ 150 കടത്തി.

English Summary:

KL Rahul's masterful 93 not retired leads Delhi Capitals to a commanding 6-wicket triumph implicit Bengaluru Royal Challengers astatine the Chinnaswamy Stadium. Delhi's 4th consecutive triumph highlights Rahul's dominance.

Read Entire Article