ആദ്യ ഓഡിഷനിൽ സിബി തന്ന മാർക്ക് നൂറിൽ രണ്ടെന്ന് മോഹൻലാൽ, ഒഴിവാക്കാൻ നോക്കിയിട്ട് ഒത്തില്ലെന്ന് സിബി

6 months ago 6

Mohanlal anf Sibi Malayil

മോഹൻലാൽ, സിബി മലയിൽ | ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യർ, മധുരാജ് | മാതൃഭൂമി

ദ്യമായി ഓഡിഷനുചെന്നപ്പോൾ തനിക്ക് ഏറ്റവും കുറവ് മാർക്ക് തന്നയാളാണ് സംവിധായകൻ സിബി മലയിൽ എന്ന് മോഹൻലാൽ. സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘മുത്താരംകുന്ന് പിഒ’യുടെ 40-ാം വാർഷികാഘോഷ ചടങ്ങിലാണ് മോഹൻലാൽ ഈ അനുഭവം പങ്കുവച്ചത്. അന്ന് നൂറിൽ രണ്ട് മാർക്കാണ് സിബി മലയിൽ തനിക്ക് തന്നത്. എന്നാൽ രണ്ട് എന്ന സംഖ്യ വലിയ നിമിത്തമായി പിന്നീട് മാറി. സിബി മലയിലിന്റെ സിനിമകളിലൂടെയാണ് തനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചതെന്നും മോഹൻലാൽ പറഞ്ഞു. സിനിമയിൽ അഭിനയിച്ചുതുടങ്ങുംമുൻപേ മോഹൻലാലിനെ പറഞ്ഞുവിടാൻ തീരുമാനിച്ചയാളായിരുന്നു താനെന്ന് സിബി മലയിൽ മറുപടി പറഞ്ഞു. മോഹൻലാലിന്റെ കരിയറിലെ സുപ്രധാന സിനിമകൾ ചെയ്യാൻ തനിക്ക് ഭാ​ഗ്യം ലഭിച്ചെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

‘സിബി മലയിലുമായി എനിക്ക് 45 വർഷത്തിലധികം കാലത്തെ പരിചയമുണ്ട്. ഞാൻ ആദ്യമായി ഒരു ഓഡിഷന് നവോദയയിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവരിൽ ഒരാളാണ് സിബി മലയിൽ. പിൽക്കാലത്ത് ഞാൻ അറിഞ്ഞത് എനിക്ക് ഏറ്റവും കുറച്ചു മാർക്കിട്ട ആളാണ് സിബി മലയിൽ എന്നാണ്. ഏറ്റവും നല്ല മാർക്കാണ് അദ്ദേഹം തന്നത്, നൂറിൽ രണ്ട്. പിന്നീട് ആ രണ്ട് എന്നുപറയുന്ന സംഖ്യ വലിയ നിമിത്തമായി മാറി. അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ് എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചത്. എന്റെ 47 വർഷത്തെ സിനിമാ ജീവിതത്തിൽ പതിമൂന്നോളം സിനിമകളാണ് ഞാൻ സിബിയുമായി ചെയ്തത്. എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് അഭിമാനിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന സംവിധായകനാണ് സിബി മലയിൽ. സിബിയുടെ എല്ലാ സിനിമയിലെയും കഥാപാത്രങ്ങൾക്ക് ഒരു മിഴിവ് ഉണ്ടാകും.

മലയാള സിനിമയിലെ ഗാനങ്ങൾ മുഴുവൻ അതിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരുന്ന സമയത്താണ് ഞങ്ങൾ ‘ഹിസ് ഹൈനസ് അബദുള്ള’ ചെയ്യുന്നത്. ഒരുപക്ഷേ മലയാള സിനിമയിലെ ഗാനങ്ങളുടെ മാർക്കറ്റ് വീണ്ടും ഏറ്റവും ഉയർന്ന നിലയിലെത്തിച്ച സിനിമകളായിരുന്നു ‘ഹിസ് ഹൈനസ് അബദുള്ള’, ‘ഭരതം’, ‘കലദളം’ എന്നിവ. കമലദളത്തിൽ നൃത്താധ്യാപകന്റെ വേഷമായിരുന്നു എനിക്ക്.

ഞാൻ കമലദളത്തിൽ എങ്ങനെ അഭിനയിക്കുമെന്ന് പലതവണ സിബിയോട് ചോദിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ നൃത്താധ്യാപകന്റെ വേഷം ചെയ്യാൻ കഴിയില്ല, പറഞ്ഞു തരുന്ന കാര്യങ്ങളല്ലേ ചെയ്യാൻ പറ്റൂ എന്ന് ചോദിച്ചു. ലാലിന് അത് ചെയ്യാൻ പറ്റുമെന്ന് സിബി പറഞ്ഞു. വീണ്ടും അതിൽ നിന്ന് രക്ഷപെടാൻ ഞാൻ‌ മറ്റൊരു കാര്യം പറഞ്ഞു. ആ സമയത്ത് ഞാൻ രാജശിൽപി എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ആ കഥാപാത്രത്തിന് നീണ്ട താടിയുണ്ടായിരുന്നു. അപ്പോൾ, താടി വടിച്ച് അഭിനയിക്കാൻ പ്രയാസമാണെന്ന് ഞാൻ സിബിയോട് പറഞ്ഞു. തനിക്ക് താടി വളർത്തിയൊരു നൃത്താധ്യാപകൻ മതിയെന്ന് സിബി പറഞ്ഞു. അദ്ദേഹത്തിന്റെ നാട്ടിലൊക്കെ അങ്ങനെയുണ്ടത്രേ. അങ്ങനെ ഏറ്റവും വെല്ലുവിളിയോടെ അദ്ദേഹം ആ ഉദ്യമം ഏറ്റെടുത്തു. ഒരാളും ഏറ്റെടുക്കാൻ സാധ്യതയില്ലാതിരുന്ന കാലത്താണ് സിബി ദേവദൂതൻ ചെയ്തത്. മോഹൻലാൽ പറഞ്ഞു.

ലാൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഔട്ടാക്കാൻ ശ്രമിച്ചയാളാണ് താനെന്ന് സിബി മലയിൽ പ്രതികരിച്ചു. ‘ഇയാളിനി ഇവിടെ നിൽക്കണ്ട എന്ന് വിചാരിച്ച് രണ്ട് മാർക്ക് കൊടുത്തു പറഞ്ഞുവിടാൻ ശ്രമിച്ചിട്ടും, മുകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ ‘‘ഒത്തില്ല’’... അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായ സിനിമകൾ സംവിധാനംചെയ്യാനുള്ള അവസരമുണ്ടായി. അത് തന്റെ ഭാ​ഗ്യമായാണ് കരുതുന്നതെന്നും സിബി മലയിൽ പറഞ്ഞു.

Content Highlights: Mohanlal reveals Sibi Malayil gave him lone 2 retired of 100 successful his archetypal audition

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article