Published: September 11, 2025 02:34 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ യുഎഇയ്ക്ക് മികച്ച തുടക്കം നൽകിയ, മലയാളി ബാറ്റർ അലിഷാൻ ഷറഫുവിന്റെ വിക്കറ്റ് തെറിപ്പിച്ചത് സൂപ്പർ താരം ജസ്പ്രീത് ബുമ്രയുടെ യോർക്കർ. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിൽ അലിഷാൻ ഷറഫു തുടർച്ചയായി രണ്ടു ബൗണ്ടറികൾ നേടിയിരുന്നു. ബുമ്രയുടെ രണ്ടാം ഓവറിൽ ഫോറും അക്ഷർ പട്ടേലിനെതിരെ സിക്സും പറത്തിയ ഷറഫു യുഎഇയ്ക്ക് പ്രതീക്ഷയായിരുന്നു.
എന്നാൽ നാലാം ഓവറിൽ ബുമ്രയെറിഞ്ഞ യോർക്കർ പ്രതിരോധിക്കാന്‍ മലയാളി താരത്തിനു കഴിഞ്ഞില്ല. അലിഷാൻ ഷറഫുവിന് പന്തു നേരിടാൻ സാധിക്കാതിരുന്നതോടെ ബുമ്ര ഓഫ് സ്റ്റംപ് തെറിപ്പിച്ചു. 17 പന്തുകൾ നേരിട്ട താരം 22 റൺസടിച്ചാണു പുറത്തായത്. മത്സരത്തിൽ യുഎഇയുടെ ടോപ് സ്കോററും അലിഷാൻ ഷറഫുവാണ്. താരത്തിന്റെ പുറത്താകലോടെ യുഎഇ ബാറ്റിങ് നിര തകർന്നടിഞ്ഞു.
മത്സരത്തിൽ ഒൻപതു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത യുഎഇ 57 റണ്‍സെടുത്തു പുറത്തായപ്പോൾ, ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി. യുഎഇ ടീമിലെ ഏക മലയാളിയാണ് അലിഷാൻ. യുഎഇ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്ന അലിഷാൻ, ഈ വിഭാഗത്തിൽ സെഞ്ചറി നേടുന്ന ആദ്യ യുഎഇ താരമാണ്. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകനാണ്.
English Summary:








English (US) ·