ആദ്യ കപ്പ് നേടിയത് ഗാവസ്കർ, പലവട്ടം പൊരുതിവീണ് ബംഗ്ലദേശും ശ്രീലങ്കയും; ഇന്ത്യയെ തടയാൻ പാക്കിസ്ഥാനും പോര

3 months ago 4

ഏഷ്യാകപ്പ് ഫൈനലിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നത്. കലാശപ്പോരിൽ അനായാസം പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഇന്ത്യ ഏഷ്യാകപ്പിലെ ഒൻപതാം കിരീടവും സ്വന്തമാക്കി. മുൻപ് ശ്രീലങ്കയും ബംഗ്ലദേശും ഏഷ്യാകപ്പ്  ഫൈനലിൽ  ഇന്ത്യയോട് പല  തവണ പൊരുതിവീണിട്ടുണ്ട്. പക്ഷേ പാക്കിസ്ഥാനെതിരായ ഫൈനൽ വിജയം ആദ്യം. പാക്കിസ്ഥാനെതിരായ കലാശപ്പോരിൽ അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം  ബാറ്റു ചെയ്ത പാക്കിസ്ഥാൻ 146 റൺസെടുത്തു പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങിൽ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി.

ഏഷ്യാകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ വിജയങ്ങൾ

ഇപ്പോഴത്തെ ഏഷ്യാകപ്പ് പോലെ 1983–84 ഏഷ്യാകപ്പും നടന്നത് യുഎഇയിലായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും മത്സരിച്ച ത്രിരാഷ്ട്ര ടൂർണമെന്റി‍ൽ പോയിന്റ് അടിസ്ഥാനത്തിലാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 10 വിക്കറ്റ് വിജയവും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ 54 റൺ‌സ് വിജയവും ഇന്ത്യ സ്വന്തമാക്കി. പോയിന്റ് ടേബിളിൽ എട്ടു പോയിന്റുമായി ഇന്ത്യ ഒന്നാമതും നാലു പോയിന്റുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്തുമെത്തി. പാക്കിസ്ഥാന് ഒരു മത്സരം പോലും ജയിക്കാൻ സാധിക്കില്ല. സുനിൽ ഗാവസ്കറായിരുന്നു ഇന്ത്യയെ ആദ്യ ഏഷ്യാകപ്പ് കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ.

1984-85ലെ ഏഷ്യാകപ്പില്‍ ഇന്ത്യ പങ്കെടുത്തില്ല. 1988–89ൽ ബംഗ്ലദേശിൽ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യ വീണ്ടും വിജയികളായി. ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു പോരാട്ടം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 176 റൺസെടുത്തു പുറത്തായപ്പോൾ, മറുപടിയിൽ 37.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. 47 പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് വിജയം. 87 പന്തിൽ 76 റൺസടിച്ച നവ്ജ്യോത് സിദ്ദുവായിരുന്നു കളിയിലെ താരം.

91ലെ ഏഷ്യാകപ്പിൽ പങ്കെടുത്തത് മൂന്നു ടീമുകൾ, ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക. ഫൈനലിൽ ഇന്ത്യ– ശ്രീലങ്ക പോരാട്ടം. കൊൽക്കത്ത ഈഡൻ‍ ഗാർഡൻസിൽ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ജേതാക്കളായി. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 45 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 204 റൺസ്. മറുപടിയിൽ 42.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. ഫൈനലിൽ സഞ്ജയ് മഞ്ജരേക്കർ (95 പന്തിൽ 75), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (39 പന്തിൽ 54), സച്ചിൻ തെൻഡുൽക്കർ (70 പന്തിൽ 53) എന്നിവർ അര്‍ധ സെഞ്ചറികൾ നേടി.

95ൽ യുഎഇയിൽ നടന്ന ടൂര്‍ണമെന്റിൽ വിജയിച്ച് ഇന്ത്യ ഹാട്രിക് കിരീടം സ്വന്തമാക്കി. പാക്കിസ്ഥാനുൾപ്പടെ കളിച്ച ഏഷ്യാകപ്പിന്റെ കലാശപ്പോരിൽ വീണ്ടും ഇന്ത്യ– ശ്രീലങ്ക ഫൈനൽ. ഫൈനലിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 41.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. നവ്ജ്യോത് സിദ്ദു (106 പന്തിൽ 84), മുഹമ്മദ് അസ്ഹറുദ്ദീൻ (89 പന്തിൽ 90) എന്നിവരുടെ തകർപ്പൻ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

 LAKRUWAN WANNIARACHCH / AFP

2010 ലെ ഏഷ്യാകപ്പ് വിജയത്തിനു ശേഷം ഇന്ത്യന്‍ താരങ്ങൾ. Photo: LAKRUWAN WANNIARACHCH / AFP

1997 മുതൽ 2008 വരെ നാല് ഏഷ്യാകപ്പുകൾ പിന്നീട് നടന്നെങ്കിലും ഒന്നിലും കിരീടത്തിലെത്താൻ ഇന്ത്യയ്ക്കു സാധിച്ചില്ല. 1997, 2004, 2008 വർഷങ്ങളിൽ ശ്രീലങ്കയും 2000ൽ പാക്കിസ്ഥാനും ചാംപ്യൻമാരായി. ഇക്കാലയളവിൽ മൂന്നു തവണ ഇന്ത്യ ഫൈനൽ കളിച്ചെങ്കിലും മൂന്നിലും ശ്രീലങ്കയോടു തോറ്റു. 2010ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ വീണ്ടും ഏഷ്യാകപ്പ് വിജയിക്കുന്നത്. അതും നീണ്ട 15 വർഷത്തെ കാത്തിരിപ്പിനു ശേഷം. ശ്രീലങ്കയ്ക്കെതിരായ കലാശപ്പോരിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 268 റൺസടിച്ചു. ഗൗതം ഗംഭീറിനൊപ്പം ഓപ്പണറായി ഇറങ്ങിയ ദിനേഷ് കാർത്തിക്ക് അർധ സെഞ്ചറി നേടി തിളങ്ങി. 84 പന്തുകൾ നേരിട്ട ദിനേഷ് കാര്‍ത്തിക്ക് 66 റൺസടിച്ചു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 187ന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് 81 റൺസ് വിജയം.

 MUNIR UZ ZAMAN / AFP

2016ലെ ഏഷ്യാകപ്പ് വിജയത്തിനു ശേഷം സെൽഫിയെടുക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: MUNIR UZ ZAMAN / AFP

2016ൽ ഏഷ്യാകപ്പ് ആദ്യമായി ട്വന്റി20 ഫോർമാറ്റിൽ നടത്തിയപ്പോഴും ഇന്ത്യയ്ക്കായിരുന്നു കിരീടം. 15 ഓവറായി ചുരുക്കിയ ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍  നേടിയത് 120 റൺസ്. മറുപടി ബാറ്റിങ്ങിൽ 13.5 ഓവറിൽ രണ്ടു  വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം കണ്ടു. 44 പന്തിൽ 60 റൺസടിച്ച ശിഖർ ധവാൻ കളിയിലെ താരമായി.

 ISHARA S. KODIKARA / AFP

2018ലെ ഏഷ്യാകപ്പ് ട്രോഫിയുമായി ഇന്ത്യന്‍ താരങ്ങൾ. Photo: ISHARA S. KODIKARA / AFP

2018ൽ ഇന്ത്യ വീണ്ടും ഏഷ്യാകപ്പ് ഫൈനൽ കളിച്ചു. എതിരാളികൾ ബംഗ്ലദേശ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റൻസിയിൽ എം.എസ്. ധോണി വിക്കറ്റ് കീപ്പറായി കളിച്ച ടൂർണമെന്റായിരുന്നു ഇത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 48.3 ഓവറില്‍ 222 റൺസടിച്ചു പുറത്തായി. ഓപ്പണർ ലിറ്റൻ ദാസ് ഫൈനലിൽ സെഞ്ചറി നേടി. 117 പന്തുകൾ നേരിട്ട ലിറ്റന്‍ ദാസ് 121 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ഇന്ത്യ വിജയത്തിലെത്തി. മൂന്നു വിക്കറ്റ് വിജയമായിരുന്നു മത്സരത്തിൽ ഇന്ത്യ നേടിയത്.

2023 ലെ ഏഷ്യാകപ്പിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ ഇന്ത്യ 50ന് പുറത്താക്കി ഞെട്ടിച്ചു. ഏഴോവറുകൾ പന്തെറിഞ്ഞ പേസര്‍ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്കയെ തകർത്തെറിയുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 6.1 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യ വിജയ റൺസ് കുറിച്ചു. 263 പന്തുകൾ ബാക്കി നില്‍ക്കെയാണ് ഇന്ത്യ 10 വിക്കറ്റ് വിജയത്തിലെത്തിയത്. മുഹമ്മദ് സിറാജ് കളിയിലെ താരമായി.

English Summary:

India's Asia Cup Dominance: Asia Cup Victories item India's dominance successful the tournament's history. The Indian cricket squad has secured the rubric aggregate times, showcasing their spot and consistency successful Asian cricket.

Read Entire Article