ബർമിങ്ങാം∙ ആദ്യ ടെസ്റ്റിൽ തോറ്റ് പരമ്പരയിൽ പിന്നിലായിട്ടും, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽനിന്ന് പ്രധാന ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഡെയ്‌ൽ സ്റ്റെയ്നും. ആദ്യ ടെസ്റ്റിനു ശേഷം ഏഴു ദിവസം നീണ്ട വിശ്രമം ലഭിച്ചിട്ടും ബുമ്രയ്ക്ക് വീണ്ടും വിശ്രമം അനുവദിച്ചത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോയേപ്പോലെ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറിനെ പോർച്ചുഗൽ പുറത്തിരുത്തുന്നതുപോലുള്ള വിഡ്ഢിത്തമാണ് ഇന്ത്യ കാട്ടിയതെന്ന് സ്റ്റെയ്നും വിമർശിച്ചു.
‘‘ഇത് വളരെ പ്രധാനപ്പെട്ട മത്സരമാണ്. ഒരാഴ്ച നീണ്ട വിശ്രമത്തിനു ശേഷമാണ് ഇരു ടീമുകളും എജ്ബാസ്റ്റനിൽ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. എന്നിട്ടും ബുമ്രയെ പുറത്തിരുത്തിയ തീരുമാനം എന്നെ അതിശയിപ്പിച്ചു. ഇത്തരം കാര്യങ്ങളിലെ തീരുമാനം കളിക്കാർക്കു വിട്ടുകൊടുക്കരുത്. പ്ലേയിങ് ഇലവനിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ക്യാപ്റ്റനും പരിശീലകരുമായിരിക്കണം. ആദ്യ മത്സരം തോറ്റ് പിന്നിൽ നിൽക്കുന്ന പരമ്പരയിൽ രണ്ടാം ടെസ്റ്റിൽ ബുമ്രയെ കളിപ്പിക്കേണ്ടതായിരുന്നു’ – ശാസ്ത്രി വിമർശിച്ചു.
‘‘രണ്ടാം ടെസ്റ്റ് കഴിഞ്ഞല്ലേ ലോഡ്സിലെ മൂന്നാം ടെസ്റ്റ്. ആദ്യ ടെസ്റ്റ് തോറ്റതിനാൽ ഇന്ത്യയ്‌ക്ക് വിജയം അനിവാര്യമായ മത്സരമാണ് ഇത്. ഈ മത്സരം കളിപ്പിച്ച് പരമ്പര സമനിലയിൽ എത്തിച്ചശേഷം ബുമ്രയ്ക്ക്് വിശ്രമിക്കാൻ അവസരം നൽകുക. ഈ മത്സരം ജയിച്ചാൽ ബുമ്ര ലോഡ്സിൽ വിശ്രമിക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. പരമ്പരയിലെ ഏറ്റവും നിർണായകമായ മത്സരത്തിലാണ് ഇന്ത്യ ബുമ്രയെ പുറത്തിരുത്തിയിരിക്കുന്നത്’ – ശാസ്ത്രി പറഞ്ഞു.
‘‘ന്യൂസീലൻഡിനെതിരെ ഇന്ത്യ മൂന്നു ടെസ്റ്റുകൾ തോറ്റു. പിന്നീട് ഓസ്ട്രേലിയയിൽ പോയി അവിടെയും മൂന്നു ടെസ്റ്റുകൾ തോറ്റു. ഇവിടെ വന്നശേഷം ആദ്യ ടെസ്റ്റും തോറ്റു. ഇന്ത്യയ്‌ക്ക് വിജയവഴിയിൽ തിരിച്ചെത്തേണ്ടേ? ഏഴു ദിവസം വിശ്രമം ലഭിച്ചിട്ടും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളറെ പുറത്തിരുത്തിയിരിക്കുന്നു. ഇത് അവിശ്വസനീയമാണ്’ – രവി ശാസ്ത്രി പറഞ്ഞു.
ഏതൊരു പേസ് ബോളരെയും സംബന്ധിച്ച് ഒരാഴ്ചത്തെ വിശ്രമം മതിയാകുമെന്ന് ഇംഗ്ലിഷ് താരം സ്റ്റുവാർട്ട് ബ്രോഡും പ്രതികരിച്ചു. ‘‘ഒരാഴ്ചത്തെ വിശ്രമം തീർച്ചയായും മതിയാകും. ബുമ്രയെ പുറത്തിരുത്തിയ തീരുമാനം എന്നെ വിസ്മയിപ്പിച്ചു. അതിലുപരി, പരമ്പര തുടങ്ങും മുൻപേ മൂന്നു ടെസ്റ്റിൽ മാത്രമേ ബുമ്ര കളിക്കൂ എന്ന് പ്രഖ്യാപിച്ചതും വിസ്മയിപ്പിച്ചു. ഇത്തരം കാര്യങ്ങൾ നേരത്തെ വിളിച്ചുപറയണോ?’ – ബ്രോഡ് ചോദിച്ചു.
സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ്, ബുമ്രയെ പുറത്തിരുത്തിയ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ ഡെയ്ൽ സ്റ്റെയ്ൻ വിമർശിച്ചത്. ‘‘പോർച്ചുഗലിന് ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ട്. അദ്ദേഹത്തെ അവർ പുറത്തിരുത്തുന്നു എന്നു കരുതുക. അതേ വിഡ്ഢിത്തമാണ് ഇതും. ബുമ്രയേപ്പോലൊരു താരമുണ്ടായിട്ടും കളിപ്പിക്കാതെ ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല’ – സ്റ്റെയ്ൻ കുറിച്ചു.
So Portugal person the champion striker successful the satellite successful Ronaldo and they chose not to play him.
Thats madness.
That’s similar India having Bumrah and choosing not to play, umm, him… wait, oh, no, what! crap I’m confused 😵💫
പേസർ ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചത് ഉൾപ്പെടെ ടീമിൽ 3 മാറ്റങ്ങളുമായാണ് ഇന്ത്യ എജ്ബാസ്റ്റൻ ടെസ്റ്റിനിറങ്ങിയത്. ബുമ്രയ്ക്കു പകരം ടീമിൽ അവസരം ലഭിച്ചത് ആകാശ് ദീപിന്. ആദ്യ ടെസ്റ്റിൽ നിറംമങ്ങിയ ഷാർദൂൽ ഠാക്കൂറിനു പകരം നിതീഷ്കുമാർ റെഡ്ഡി ടീമിലെത്തി. സ്പെഷലിസ്റ്റ് ബാറ്റർ സായ് സുദർശനു പകരം ബോളിങ് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന് അവസരം നൽകിയതാണ് അപ്രതീക്ഷിത മാറ്റം. രവീന്ദ്ര ജഡേജ ഉൾപ്പെടെ 3 ഓൾറൗണ്ടർമാരാണ് ഇന്ത്യൻ ഇലവനിലുള്ളത്.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് JIOHOTSTARൽനിന്ന് സ്ക്രീൻ ഗ്രാബ് ആയി എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:








English (US) ·