Published: November 02, 2025 10:18 PM IST
1 minute Read
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിക്ക് വിജയം. അഞ്ചാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പൻസിനെ ഒരുഗോളിന് തോൽപ്പിച്ചു. ആദ്യപകുതിയിൽ അലക്സിസ് സോസ നേടിയ ഗോളിലാണ് കാലിക്കറ്റ് എഫ്സി നിർണായക വിജയം നേടിയത്. അഞ്ച് കളികളിൽ എട്ട് പോയിന്റുള്ള കാലിക്കറ്റ് എഫ്സി പട്ടികയിൽ നാലാം സ്ഥാനത്താണ്. അഞ്ച് കളികളിൽ നാല് പോയിന്റുള്ള കൊമ്പൻസ് അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.
ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യപകുതിയുടെ പതിമൂന്നാം മിനിറ്റിലാണ് കളിയുടെ വിധിയെഴുതിയ ഗോൾ പിറന്നത്. കാലിക്കറ്റ് ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് കൃത്യം ഹെഡ് ചെയ്ത് കൊമ്പൻസിന്റെ വലയിൽ എത്തിച്ചത് അർജന്റീനക്കാരൻ അലക്സിസ് സോസ 1-0. പിന്നീട് നിരന്തരം ആക്രമണങ്ങൾ കണ്ട ആദ്യപകുതിയിൽ പക്ഷെ, കൊമ്പൻസിന് ലക്ഷ്യബോധം ഇല്ലാതെ പോയി. മുപ്പത്തിയാറാം മിനിറ്റിൽ വീണ്ടും പ്രശാന്തിന്റെ കോർണറിൽ പരേരയുടെ ഹെഡർ ചെറിയ വ്യത്യാസത്തിൽ പുറത്തുപോയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ശരീഫ് ഖാൻ, റിനാൻ അർജാവോ എന്നിവരെ എത്തിച്ച കൊമ്പൻസ് ആക്രമണത്തിന് മൂർച്ചകൂട്ടി. പക്ഷെ ഗോൾ നേടാൻ കഴിഞ്ഞില്ല. അഞ്ചാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ചൊവ്വാഴ്ച ഫോഴ്‌സ കൊച്ചി എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
English Summary:








English (US) ·