Published: August 28, 2025 03:57 PM IST Updated: August 28, 2025 07:45 PM IST
2 minute Read
തിരുവനന്തപുരം∙ കെസിഎല്ലിൽ വീണ്ടും വിജയവഴിയിലേക്ക് മടങ്ങിയെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാൺഡ്രം റോയൽസിനെ ഒൻപത് റൺസിനാണ് കൊച്ചി തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് മാത്രമാണ് നേടാനായത്. വിജയത്തോടെ എട്ട് പോയിന്റുമായി കൊച്ചി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. സഞ്ജു സാംസനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ബേസിൽ തമ്പിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് സഞ്ജു സാംസൻ തുടക്കമിട്ടത്. ആ ഓവറിൽ തന്നെ വീണ്ടുമൊരു സിക്സും ഫോറും നേടി സഞ്ജു കൊച്ചിയുടെ തുടക്കം ഗംഭീരമാക്കി. എന്നാൽ തുടർന്നുള്ള ഓവറുകളിൽ കൂടുതൽ തകർത്തടിച്ച് മുന്നേറിയത് വിനൂപ് മനോഹരനാണ്. നിഖിലെറിഞ്ഞ ആറാം ഓവറിൽ വിനൂപ് തുടരെ മൂന്ന് ബൗണ്ടറികൾ നേടി. ഇരുവരും ചേർന്ന മികച്ച തുടക്കത്തിന് അവസാനമിട്ടത് അബ്ദുൾ ബാസിദാണ്. ഒൻപത് ഫോറടക്കം 26 പന്തുകളിൽ നിന്ന് 42 റൺസ് നേടിയ വിനൂപിനെ അബ്ദുൾ ബാസിദ് വിക്കറ്റിന് മുന്നിൽ കുടുക്കി. അടുത്ത ഓവറിൽ ഒൻപത് റൺസെടുത്ത സലി സാംസണെ അഭിജിത് പ്രവീൺ ക്ലീൻ ബോൾഡാക്കി.
തുടർന്ന് ഇന്നിങ്സിന്റെ നിയന്ത്രണം ഏറ്റെടുത്ത സഞ്ജു സീസണിലെ തന്റെ മൂന്നാം അർധ സെഞ്ചറി പൂർത്തിയാക്കി. 30 പന്തുകളിൽ നിന്നാണ് സഞ്ജു അർധ സെഞ്ചറി തികച്ചത്. തുടരെ ബൗണ്ടറികളും സിക്സുമായി സഞ്ജു വീണ്ടും കളം നിറയുമ്പോഴാണ് അഭിജിത് പ്രവീൺ ഇന്നിങ്സിന് അവസാനമിട്ടത്. 37 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 62 റൺസുമാണ് സഞ്ജു മടങ്ങിയത്. ഓവറിലെ അവസാന പന്തിൽ ആൽഫി ഫ്രാൻസിസിനെയും പുറത്താക്കി അഭിജിത് കൊച്ചിയ്ക്ക് ഇരട്ടപ്രഹരം നല്‍കി. ഒടുവിൽ അവസാന ഓവറുകളിൽ നിഖിൽ തോട്ടത്തും ജോബിൻ ജോബിയും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. നിഖിൽ തോട്ടത്ത് 35 പന്തുകളിൽ നിന്ന് 45ഉം ജോബിൻ ജോബി 10 പന്തുകളിൽ നിന്ന് 26ഉം റൺസ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാൻഡ്രം റോയൽസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഗോവിന്ദ് ദേവ് പൈയും റിയാ ബഷീറും അക്കൗണ്ട് തുറക്കാതെ മടങ്ങി. സലി സാംസനും ജോബിൻ ജോബിയുമായിരുന്നു വിക്കറ്റുകൾ നേടിയത്. എന്നാൽ കൃഷ്ണപ്രസാദും സഞ്ജീവ് സതീശനും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് റോയൽസിന് പ്രതീക്ഷ നല്‍കി. ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത കൃഷ്ണപ്രസാദ് പി.എസ്. ജെറിന്റെ പന്തിൽ മുഹമ്മദ് ആഷിഖ് പിടിച്ച് പുറത്തായി.
പ്രതീക്ഷ കൈവിടാതെ ഇന്നിങ്സ് മുന്നോട്ട് നീക്കിയ അബ്ദുൾ ബാസിദിന്റെയും സഞ്ജീവ് സതീശന്റെയും കൂട്ടുകെട്ടാണ് കളിയുടെ ആവേശം അവസാന ഓവർ വരെ നീട്ടിയത്. സ്കോർ 151ൽ നില്‍ക്കെ 70 റൺസെടുത്ത സഞ്ജീവ് മടങ്ങി. 46 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജീവിന്റെ ഇന്നിങ്സ്. മറുവശത്ത് ഉറച്ച് നിന്ന അബ്ദൂൾ ബാസിദ് അവസാന ഓവർ വരെ പൊരുതിയെങ്കിലും റോയൽസിന്റെ മറുപടി 182 റൺസിൽ അവസാനിച്ചു. അവസാന ഓവറിലെ നാലാമത്തെ പന്തിൽ അബ്ദുൾ ബാസിദ് റണ്ണൗട്ടാവുകയായിരുന്നു. അബ്ദുൾ ബാസിദ് 41 റൺസെടുത്തു. കൊച്ചിയ്ക്ക് വേണ്ടി മുഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.
English Summary:








English (US) ·