Published: December 26, 2025 10:42 AM IST
1 minute Read
ജയ്പൂർ∙ വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ ഗോൾഡൻ ഡക്ക്. ഉത്തരാഖണ്ഡിനെതിരെ മുംബൈയ്ക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത്, നേരിട്ട ആദ്യ പന്തിൽ പുറത്തായി മടങ്ങുകയായിരുന്നു. പേസർ ദേവേന്ദ്ര സിങ് ബോറയുടെ പന്തിൽ ജഗ്മോഹൻ നാഗര്‍കോട്ടി ക്യാച്ചെടുത്താണു രോഹിതിനെ പുറത്താക്കിയത്.
ജയ്പൂരിലെ സവായ് മാൻ സിങ് സ്റ്റേഡിയത്തിൽ ആദ്യ പന്തിൽ സിക്സിനു ശ്രമിക്കുന്നതിനിടെയായിരുന്നു രോഹിതിന്റെ പുറത്താകൽ. രോഹിത് ഉയർത്തിയടിച്ച പന്ത് നാഗർകോട്ടിയുടെ കയ്യിൽനിന്ന് തെന്നിപോയെങ്കിലും ഉത്തരാഖണ്ഡ് താരം പിടിച്ചെടുക്കുകയായിരുന്നു. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് ആരാധകരാണ് വെള്ളിയാഴ്ച രാവിലെ രോഹിതിന്റെ ബാറ്റിങ് കാണാൻ സ്റ്റേഡിയത്തിലെത്തിയത്.
കഴിഞ്ഞ ദിവസം ഇതേ സ്റ്റേഡിയത്തിൽ രോഹിത് സെഞ്ചറി നേടിയിരുന്നു. സിക്കിമിനെതിരായ ആദ്യ മത്സരത്തിൽ 94 പന്തുകൾ നേരിട്ട രോഹിത് 155 റൺസാണ് അടിച്ചെടുത്തത്. ഒൻപതു സിക്സുകളും 18 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.
രണ്ടാം മത്സരത്തിൽ രോഹിത് നിരാശപ്പെടുത്തിയതോടെ 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലാണ് മുംബൈ. അർധ സെഞ്ചറി നേടിയ മുഷീർ ഖാന്റെയും (54 പന്തിൽ 54), സഹോദരൻ സർഫറാസ് ഖാന്റെയും (37 പന്തിൽ 42) ബാറ്റിങ് കരുത്തിലാണ് മുംബൈ 100 കടന്നത്. ആദ്യ പോരാട്ടത്തിൽ മുംബൈ എട്ടു വിക്കറ്റ് വിജയം നേടിയപ്പോൾ രോഹിത് ശർമയായിരുന്നു കളിയിലെ താരം.
English Summary:








English (US) ·