Published: September 23, 2025 09:40 AM IST
2 minute Read
ബാറ്റിങ് ദുഷ്കരമായ, സ്പിന്നർമാർക്കും പേസർമാർക്കും ഒരുപോലെ ആധിപത്യം നൽകുന്ന യുഎഇയിലെ ഗ്രൗണ്ടുകളിൽ നടക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്റിൽ 8 ടീമുകളിലായി നൂറോളം ബാറ്റർമാർ ഇതുവരെ ക്രീസിലെത്തി. അതിൽ 9 പേർക്കു മാത്രമേ ഇതുവരെ ആകെ 100 റൺസിനു മുകളിൽ നേടാനായിട്ടുള്ളൂ.അതിൽ തന്നെ ഒരേയൊരു ബാറ്റർ മാത്രമാണ് 150 റൺസിനു മുകളിൽ നേടിയത്; ടീം ഇന്ത്യയുടെ ‘ക്ഷുഭിത യൗവനം’ അഭിഷേക് ശർമ.
ടൂർണമെന്റിൽ മറ്റു ബാറ്റർമാർ 150നു മുകളിൽ സ്ട്രൈക്ക് റേറ്റ് നേടാൻ പ്രയാസപ്പെടുമ്പോൾ 4 മത്സരങ്ങളിൽ നിന്ന് 208.43 സ്ട്രൈക്ക് റേറ്റിൽ 173 റൺസാണ് ഇരുപത്തിയഞ്ചുകാരൻ അഭിഷേക് ഇതുവരെ അടിച്ചെടുത്തത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ വാക്കുകൊണ്ടും ബാറ്റുകൊണ്ടും പാക്കിസ്ഥാൻ ബോളർമാർക്കു മറുപടി കൊടുത്ത അഭിഷേക് തന്നെയായിരുന്നു ഇന്ത്യൻ വിജയത്തിന്റെ ‘എക്സ് ഫാക്ടർ’.
അടിത്തുടക്കംപാക്കിസ്ഥാനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സറിനു പറത്തിയാണ് അഭിഷേക് തുടങ്ങിയത്. ഈ ശൈലി തന്നെയാണ് അഭിഷേകിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ബാറ്റർമാർ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാനും ബോളറുടെ രീതികൾ ഉൾക്കൊള്ളാനുമായി ഓവറിലെ ആദ്യ പന്തുകൾ കരുതലോടെ നേരിടുമ്പോൾ, ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ബോളർക്കുമേൽ മാനസികാധിപത്യം സ്ഥാപിക്കാനാണ് അഭിഷേക് ശ്രമിക്കാറുള്ളത്. ഇത് ബോളറെ പ്രതിരോധത്തിലാക്കാൻ സഹായിക്കും. വിജയത്തിനാവശ്യമായ റൺ നിരക്ക് തുടക്കത്തിൽ തന്നെ ഉറപ്പാക്കാനും ഈ രീതി സഹായിക്കുന്നു. ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങളിലും ഇന്നിങ്സിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയായിരുന്നു അഭിഷേക് തുടങ്ങിയത്.
സേവാഗ് സ്റ്റൈൽഅഭിഷേകിന്റെ ബാറ്റിങ് ശൈലിയെ പലരും യുവ്‌രാജ് സിങ്ങിനോട് ഉപമിക്കാറുണ്ടെങ്കിലും ഈ ഇടംകൈ ബാറ്ററുടെ ഇന്നിങ്സുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു വീരേന്ദർ സേവാഗ് സ്റ്റൈൽ ഒളിഞ്ഞിരിക്കുന്നതു കാണാം. ഫൂട്ട് വർക്കിനെക്കാൾ ബാറ്റ് സ്വിങ്ങും ഹാൻഡ് ആൻഡ് ഐ കോഓർഡിനേഷനുമാണ് സേവാഗിന്റെ സ്ട്രോക് പ്ലേയ്ക്ക് ആധാരം. ഏറക്കുറെ ഇതേ രീതിയാണ് അഭിഷേകിന്റേതും. ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകൾ കാര്യമായ ഫൂട്ട് വർക്കില്ലാതെ സ്ലാഷ് ഷോട്ട് കളിക്കുന്നതാണ് അഭിഷേകിന് ഇഷ്ടം. ഇതുമൂലം പന്ത് മിഡിൽ ചെയ്യാൻ സാധിച്ചില്ലെങ്കിലും ബാറ്റ് സ്വിങ്ങിന്റെ പവർ കാരണം ഒരു ടോപ് എഡ്ജ് പോലും അനായാസം ബൗണ്ടറി കടക്കും. സേവാഗിനെപ്പോലെ ഗ്രൗണ്ട് ഷോട്ടുകൾക്കു ശ്രമിക്കാതെ പന്ത് 30 യാഡ് സർക്കിളിനു മുകളിലൂടെ ഉയർത്തിവിടാനാണ് അഭിഷേകിനും താൽപര്യം. ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന നിലപാടും ഇരുവരെയും സമാനചിന്താഗതിക്കാരാക്കുന്നു.
ഷോട്ട് കലക്‌ഷൻട്വന്റി20 സ്പെഷലിസ്റ്റ് ബാറ്ററാണെങ്കിലും ഒരു ടെസ്റ്റ് ബാറ്റർക്ക് ആവശ്യമായ സാങ്കേതികത്തികവും ഷോട്ട് കലക്‌ഷനും അഭിഷേകിന്റെ കയ്യിലുണ്ട്. പേസർമാർക്കെതിരെ സ്റ്റെപ് ഔട്ട് ഷോട്ടുകളും പുൾ, കട്ട്, ലോഫ്റ്റഡ് ഷോട്ടുകളും അനായാസം കളിക്കുന്ന അഭിഷേക്, സ്പിന്നർമാർക്കെതിരെ സ്‌ലോഗ് സ്വീപ്പും ഇൻസൈഡ് ഔട്ട് ഷോട്ടും ഫലപ്രദമായി ഉപയോഗിക്കുന്നു. ബേസ് ബോൾ ബാറ്ററുടേതിനു സമാനമായ ഉയർന്ന ബാറ്റ് ഗ്രിപ്, ഷോട്ടുകളിൽ പരമാവധി പവർ കൊണ്ടുവരാൻ അഭിഷേകിനെ സഹായിക്കാറുണ്ട്.
ഹിറ്റ് ബോയ്121.6 ആണ് ദുബായിൽ നടന്ന രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ ബാറ്റർമാരുടെ ശരാശരി സ്ട്രൈക്ക് റേറ്റ്. ദുബായ് പിച്ചിലെ വേഗക്കുറവും സ്പിന്നർമാരുടെ ആധിപത്യവുമാണ് ഇതിനു കാരണം. ഈ പിച്ചിലാണ് 194 സ്ട്രൈക്ക് റേറ്റിൽ അഭിഷേക് അടിച്ചുതകർത്തത്. അബുദാബിയിൽ നടന്ന മത്സരം കൂടി പരിഗണിച്ചാൽ ടൂർണമെന്റിൽ അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് 208 ആയി ഉയരും. പവർപ്ലേ ഓവറുകളിൽ അഭിഷേക് നൽകുന്ന ഈ വെടിക്കെട്ട് തുടക്കമാണ് ടൂർണമെന്റിൽ ഇന്ത്യൻ കുതിപ്പിന്റെ ഇന്ധനം.
English Summary:









English (US) ·