'ആദ്യ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നു, ഒരു സൂപ്പർ ഹീറോ ചിത്രം'; വമ്പൻ പ്രഖ്യാപനവുമായി ഉണ്ണി

8 months ago 10

Unni Mukundan

ഉണ്ണി മുകുന്ദൻ | ഫോട്ടോ: Facebook

ലച്ചിത്ര സംവിധാനരം​ഗത്തേക്ക് തിരിയുകയാണെന്ന് പ്രഖ്യാപിച്ച് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ സിനിമാ ജീവിതത്തിലെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സൂപ്പർ ഹീറോ ചിത്രമാണ് ഉണ്ണി ഒരുക്കുന്നത്. വർഷങ്ങളായി ഹൃദയത്തിൽ കൊണ്ടുനടന്ന കഥയാണിതെന്ന് താരം കുറിപ്പിൽ പറഞ്ഞു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന തെലുങ്ക് സിനിമയുടെ ജോലികൾ പൂർത്തിയാക്കിയ ശേഷം ഈ ചിത്രത്തിന്റെ ജോലിയിലേക്ക് കടക്കാനാണ് ഉണ്ണി മുകുന്ദന്റെ തീരുമാനം. മലയാളത്തിന് പുറമേ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ചിത്രം പുറത്തിറങ്ങുമെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചു.

ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് ഇങ്ങനെ:

ഐതിഹ്യങ്ങളിൽ വിശ്വസിച്ചാണ് എന്നിലെ കുട്ടി വളർന്നത്. ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രികതയുടെയും കഥകളാൽ ആ കുട്ടി ആകർഷിക്കപ്പെട്ടു. പുസ്തകങ്ങളിലും സിനിമകളിലും നാടോടിക്കഥകളിലും കുഞ്ഞൻ ആക്ഷൻ ഫിഗറുകളിലും മാത്രമല്ല, എന്റെ സ്വപ്നങ്ങളിലും ഞാൻ എന്റെ ഹീറോകളെ കണ്ടെത്തി.

സൂപ്പർഹീറോകളുടെ കാലഘട്ടത്തിൽ വളർന്നപ്പോൾ, പലപ്പോഴും അവയെ ഐതിഹാസികമെന്നും, കെട്ടുകഥകളെന്നും, യാഥാർഥ്യബോധമില്ലാത്തതെന്നും പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. ഞാൻ തികഞ്ഞൊരു ദിവാസ്വപ്നം കാണുന്നവനായി മാറി. എനിക്ക് ഈ സൂപ്പർഹീറോകൾ ചലിക്കുന്ന പ്രതീക്ഷയായിരുന്നു. ഞാനൊരു ഹീറോയാണെന്ന് അവർ എന്നെ തോന്നിപ്പിച്ചു. അവരുടെ ധീരകൃത്യങ്ങൾ എന്റെ സ്വപ്നങ്ങളിൽ പ്രതിഫലിച്ചു.

ആ കുട്ടി, ശരിക്കും ഒരിക്കലും വളർന്നില്ല. അതിനേക്കാൾ പ്രധാനമായി, അവൻ സ്വപ്നം കാണുന്നത് ഒരിക്കലും നിർത്തിയില്ല. ഇന്ന്, വർഷങ്ങളായി ഹൃദയത്തിൽ കൊണ്ടുനടന്ന ഒരു കഥ പറയാൻ, അവൻ ശാന്തമായി, അഭിമാനത്തോടെ ഒരു ചുവടുവെക്കുന്നു. അതെ, ഞാൻ എന്റെ ആദ്യ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നു. ഒരു സൂപ്പർഹീറോ കഥ. എന്റേതുമാത്രമായ ഒന്ന്.

സ്നേഹവും അത്ഭുതവും, ഒരുകാലത്ത് ആകാശത്തേക്ക് നോക്കാനും ആകാശം ഒരു പരിധിയല്ലെന്ന് വിശ്വസിക്കാനും എന്നെ പ്രേരിപ്പിച്ച എല്ലാമെല്ലാം ചേർത്ത് പണിത, രൂപംകൊള്ളുന്ന ഒരു സ്വപ്നമാണത്.

നിർമ്മാണം : ശ്രീ ഗോകുലം മൂവീസ്. ഗോകുലം ഗോപാലൻ സർ.
സഹ നിർമ്മാതാക്കൾ: വി. സി. പ്രവീൺ, ബൈജു ഗോപാലൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണേട്ടൻ.
തിരക്കഥ: മാവെറിക് മിഥുൻ മാനുവൽ തോമസ്

ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം. ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. എന്റെ തെലുങ്ക് സിനിമയുടെ ജോലികൾ പൂർത്തിയാക്കിയ ശേഷം, ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം പുറത്തിറങ്ങുന്ന ഈ മലയാള സിനിമയുടെ പണിപ്പുരയിലേക്ക് കടക്കും. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും ഉൾപ്പെടുത്തുക. സ്വപ്നം കാണുക.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മെഗാ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ കാൻവാസിൽ ആണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമായാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിലെ മറ്റു താരങ്ങളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ വൈകാതെ തന്നെ പുറത്തുവിടും. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. ഈ വർഷം ഒരു വമ്പൻ തെലുങ്ക് ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുക.

കുട്ടികൾക്കും യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മെഗാ മാസ്സ് ആക്ഷൻ ഫാന്റസി എന്റെർറ്റൈനെർ ആയിരിക്കും ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.

Content Highlights: Unni Mukundan to Helm Superhero Film: Actor Announces Directorial Debut

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article