Published: December 17, 2025 07:37 AM IST
1 minute Read
അബുദബി∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിലെ ‘സർപ്രൈസ് എൻട്രി’യായി ഇന്ത്യൻ യുവതാരം പൃഥ്വി ഷായുടെ തിരിച്ചുവരവ്. മിനിലേലത്തിൽ ആദ്യ രണ്ട് റൗണ്ടുകളിലും ആരും വിളിച്ചെടുക്കാതിരുന്ന പൃഥ്വി ഷായെ, മൂന്നാം റൗണ്ടിൽ താരത്തിന്റെ പഴയ ക്ലബ്ബ് കൂടിയായ ഡൽഹി ക്യാപിറ്റൽസാണു സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണു താരം ഡൽഹിയിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള പൃഥ്വി ഷാ ഡൽഹി പ്ലേയിങ് ഇലവനിലേക്കു തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്.
ഐപിഎലിന്റെ കഴിഞ്ഞ സീസണിൽ താരം കളിച്ചിരുന്നില്ല. മെഗാലേലത്തിൽ താരത്തെ ആരും വാങ്ങാതിരുന്നതോടെയാണ് പൃഥ്വി ഷാ ലീഗിനു പുറത്തായത്. ഇത്തവണയും ആരും വാങ്ങില്ലെന്നു കരുതി സമൂഹമാധ്യമങ്ങളിൽ 26 വയസ്സുകാരൻ നിരാശ പരസ്യമാക്കിയിരുന്നു. അതിനു പിന്നാലെയാണ് താരത്തിന് ഒരു അവസരം കൂടി നൽകാൻ ഡല്‍ഹി തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിന്റെ ഭാഗമായിരുന്ന പൃഥ്വി ഷാ അടുത്തിടെ മഹാരാഷ്ട്രയിലേക്കു മാറിയിരുന്നു. മുംബൈയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് പൃഥ്വി ഷാ പുതിയ ടീമിലേക്കു ചുവടു മാറ്റിയത്.
ഐപിഎലിന്റെ ഏഴു സീസണുകളിലും ഡൽഹി ക്യാപിറ്റല്‍സിനു വേണ്ടി മാത്രമാണ് പൃഥ്വി ഷാ കളിച്ചിട്ടുള്ളത്. ഡൽഹി ജഴ്സിയിൽ 79 മത്സരങ്ങളിൽനിന്ന് 14 അർധ സെഞ്ചറികൾ ഉൾപ്പടെ 1892 റണ്‍സ് പൃഥ്വി ഷാ അടിച്ചെടുത്തിട്ടുണ്ട്. 2021 ൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിലാണ് ഇന്ത്യൻ ടീമിൽ ഒടുവിൽ കളിച്ചത്.
English Summary:








English (US) ·