ആദ്യ സിനിമ റിലീസായതും ഇതുപോലൊരു ഓ​ഗസ്റ്റ് 15-ന്, ശ്വേതാ മേനോന് ഇത് അഭിമാന നിമിഷം

5 months ago 5

Shwetha Menon and Anaswaram

ശ്വേതാ മേനോൻ, അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയും ശ്വേതാ മേനോനും | ഫോട്ടോ: മാതൃഭൂമി

ലയാളസിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ ഒരു ചരിത്രം പിറന്നിരിക്കുകയാണ്. പ്രസിഡന്റ് ഉൾപ്പെടെ താക്കോൽസ്ഥാനത്തുള്ള നാലുപേരും സ്ത്രീകൾ. പ്രസിഡന്റായി ശ്വേതാ മേനോനും ജന.സെക്രട്ടറിയായി കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസനും തിരഞ്ഞെടുക്കപ്പെട്ടു. കൂട്ടത്തിൽ ശ്വേതാ മേനോനാണ് സന്തോഷിക്കാൻ ഏറെ വകയുള്ളത്. പലവിധ വെല്ലുവിളികൾ ഉൾപ്പെടെ നേരിട്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത് എന്നതുമാത്രമല്ല അതിന് കാരണം.

അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ശ്വേതാ മേനോൻ സിനിമയിലെത്തിയത്. 34 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ഓ​ഗസ്റ്റ് 15-നായിരുന്നു ശ്വേതയുടെ കന്നിച്ചിത്രം റിലീസായത്. ടി.എ. റസാഖിന്റെ തിരക്കഥയിൽ ജോമോനാണ് ചിത്രം സംവിധാനം ചെയ്തത്. മണിയൻപിള്ള രാജുവായിരുന്നു നിർമാണം. പിന്നീട് മലയാളത്തിൽ വെൽക്കം ടു കൊടൈക്കനാൽ, നക്ഷത്രക്കൂടാരം, കൗശലം എന്നീ ചിത്രങ്ങളിലും അവർ വേഷമിട്ടു. പിന്നീട് ചെയ്തതിലേറെയും ബോളിവുഡ് ചിത്രങ്ങളായിരുന്നു. ഇതിനിടെ മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവർ 1994-ൽ ഫെമിന മിസ് ഇന്ത്യാ ഏഷ്യാ പസഫിക് പുരസ്കാരവും സ്വന്തമാക്കി. ഇതേ വർഷം മിസ് ഇന്ത്യാ മത്സരത്തിൽ തേർഡ് റണ്ണറപ്പുമായി.

30-ഓളം ബോളിവുഡ് ചിത്രങ്ങളിലാണ് ശ്വേതാ മേനോൻ വേഷമിട്ടത്. ഇടക്കാലത്ത് 2001-ൽ കാക്കക്കുയിൽ, ദുബായ് എന്നീ ചിത്രങ്ങളിലെ നൃത്തരം​ഗങ്ങളിലും ശ്വേത എത്തി. 2006-ൽ കീർത്തിചക്ര എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തി. പിന്നീട് തുടർച്ചയായി പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ വേഷങ്ങൾ. 2009, 2011 വർഷങ്ങളിൽ യഥാക്രമം പാലേരി മാണിക്യം, സാൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ശ്വേത കരസ്ഥമാക്കി. 2017-ൽ പുറത്തിറങ്ങിയ വില്ലൻ എന്ന മലയാളചിത്രത്തിൽ റാഷി ഖന്നയ്ക്ക് ശബ്ദം നൽകിയത് ശ്വേത ആയിരുന്നു.

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത എത്തിയത് ഏറെ വെല്ലുവിളികൾ കടന്നായിരുന്നു. ഇതിനിടെ അശ്ലീല സിനിമകളിൽ അഭിനയിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് ശ്വേതാ മേനോനെതിരെ പരാതിയും ഉന്നയിക്കപ്പെട്ടു. അ‌നാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു.

ഈ കേസ് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. തുടർന്ന് നിരവധി താരങ്ങൾ ശ്വേതാ മേനോന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ശ്വേതയെ തേടി ഇപ്പോൾ മിന്നുന്ന ജയവും എത്തിയിരിക്കുന്നത്.

Content Highlights: Shweta Menon Elected AMMA President: Historic All-Woman Leadership Team

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article