ആദ്യ ഹോം മത്സരത്തിൽ കണ്ണൂരിനെ വിറപ്പിച്ചു, സമനില തെറ്റാതെ തൃശൂരിന്റെ മാജിക്

2 months ago 3

മനോരമ ലേഖകൻ

Published: November 07, 2025 11:06 PM IST

1 minute Read

thrissur-magic-fc
കണ്ണൂർ– തൃശൂർ മത്സരത്തിൽനിന്ന്

കണ്ണൂർ∙ സൂപ്പർ ലീഗ് കേരളയിലെ കണ്ണൂർ വാരിയേഴ്‌സ് എഫ്സി - തൃശൂർ മാജിക് എഫ്സി ആവേശപ്പോരാട്ടം സമനിലയിൽ അവസാനിച്ചു. ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി സമയത്ത് നേടിയ ഗോളിനാണ് തൃശൂർ കണ്ണൂരിനെ സമനിലയിൽ തളച്ചത്. കണ്ണൂരിനായി യുവതാരം മുഹമ്മദ്‌ സിനാനും തൃശൂരിനായി ബിബിൻ അജയനും ഗോൾ നേടി. അഞ്ച് റൗണ്ട് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 10 പോയന്റുമായി തൃശൂർ ഒന്നാമതാണ്. ഒൻപത് പോയന്റുള്ള കണ്ണൂർ മൂന്നാംസ്ഥാനത്ത് നിൽക്കുന്നു. 

കണ്ണൂരിന്റെ ആദ്യ ഹോം മത്സരത്തിനായി ഗ്യാലറി നിറയെ എത്തിയ കാണികളെ സാക്ഷികളാക്കിയാണ് കിക്കോഫ് വിസിൽ മുഴങ്ങിയത്. പതിനേഴാം മിനിറ്റിൽ തൃശൂരിന്റെ സെർബിയൻ താരം ഡേജൻ ഉസലാക് പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് അണ്ടർ 23 താരം അലൻ ജോൺ. മുപ്പത്തിയൊന്നാം മിനിറ്റിൽ കണ്ണൂരിന് മികച്ച അവസരം ലഭിച്ചു. എസിയർ ഗോമസ് എടുത്ത കോർണർ നേരിട്ട് സ്വീകരിച്ച അഡ്രിയാൻ സെർഡിനേരോ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ഗോൾ പോസ്റ്റിന് മുന്നിൽ എസ് കെ ഫയാസ് കാണിച്ച ജാഗ്രത തൃശൂരിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചു. കണ്ണൂരിന്റെ ആക്രമണനിരയും തൃശൂരിന്റെ പ്രതിരോധവും ഏറ്റുമുട്ടിയ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. 

രണ്ടാംപകുതി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ തൃശൂർ ഗോളിനടുത്തെത്തി. കെവിൻ ജാവിയർ എടുത്ത കോർണർ ഉമാശങ്കർ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും കണ്ണൂർ ഗോൾ കീപ്പർ സി കെ ഉബൈദ് രക്ഷകനായി. അൻപത്തിയേഴാം മിനിറ്റിൽ കണ്ണൂർ ഗോളടിച്ചു. തൃശൂരിന്റെ ഒരു മിസ്പാസ് പിടിച്ചെടുത്ത അഡ്രിയാൻ സെർഡിനേരോ പന്ത് മുഹമ്മദ്‌ സിനാന് നീക്കി നൽകി. അണ്ടർ 23 താരം പിഴവൊന്നും വരുത്താതെ സ്കോർ ചെയ്തു 1-0. തൊട്ടു പിന്നാലെ ലവ്സാംബയുടെ കാർപ്പാറ്റ് ഷോട്ട് തൃശൂർ ഗോൾ കീപ്പർ കമാലുദ്ധീൻ ഡൈവ് ചെയ്ത് രക്ഷിച്ചു. 

നായകൻ ഇന്ത്യൻ ഇന്റർനാഷണൽ ലെനി റോഡ്രിഗസ് ഡിഫൻസീവ് മിഡ്‌ഫീൽഡറുടെ റോളിൽ തിളങ്ങിയതാണ് തൃശൂരിനെ പലപ്പോഴും ഗോളുകൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്. കളിയുടെ അവസാന മിനിറ്റുകളിൽ ഇവാൻ മാർക്കോവിച്ച്, ഫൈസൽ അലി, ഫ്രാൻസിസ് അഡോ എന്നിവരെ പകരക്കാരായി എത്തിച്ച് തൃശൂർ ഗോൾ തിരിച്ചടിക്കാനിറങ്ങി. ഇഞ്ചുറി സമയത്ത് മാർക്കോവിച്ച് സ്കോർ ചെയ്തെങ്കിലും ഓഫ്‌സൈഡ് കൊടിയുയർന്നു. കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയിരിക്കെ ബിബിൻ അജയന്റെ ഹെഡ്ഡർ ഗോൾ തൃശൂരിന് വിജയതുല്യമായ സമനില നൽകി. 18656 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

English Summary:

Super League Kerala, Thrissur Magic FC vs Kannur Warriors Match Updates

Read Entire Article