Published: July 04 , 2025 11:50 AM IST
1 minute Read
ദിണ്ടിഗൽ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിൽ പ്രതീക്ഷയ‌്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും, വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ എഴുതിത്തള്ളാൻ വരട്ടെ. തമിഴ്നാട് പ്രിമിയർ ലീഗിൽ ക്യാപ്റ്റൻ കൂടിയായ അശ്വിന്റെ തകർപ്പൻ ഓൾറൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ, എലിമിനേറ്റർ പോരാട്ടത്തിൽ ട്രിച്ചി ഗ്രാൻഡ് ചോളാസിനെ വീഴ്ത്തി ദിണ്ടിഗൽ ഡ്രാഗൺ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ആവേശപ്പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് ട്രിച്ചി ഗ്രാൻഡ് ചോളാസിനെതിരെ ദിണ്ടിഗൽ ഡ്രാഗൺസിന്റെ വിജയം. രണ്ടാം ക്വാളിഫയിൽ ഇന്നു വൈകിട്ട് 7.15ന് അശ്വിനും സംഘവും ഐപിഎൽ താരം എൻ.ജഗദീശൻ നയിക്കുന്ന ചെപ്പോക്ക് സൂപ്പർ ഗില്ലീസിനെ നേരിടും.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രിച്ചി നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 140 റൺസ്. മറുപടി ബാറ്റിങ്ങിൽ 20 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ദിണ്ടിഗൽ വിജയത്തിലെത്തി. ബോളിങ്ങിൽ നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റുമായി തിളങ്ങി ക്യാപ്റ്റൻ അശ്വിൻ, പിന്നീട് ഓപ്പണറായി എത്തി 48 പന്തിൽ 83 റണ്‍സും നേടിയതോടെയാണ് ദിണ്ഡിഗൽ അനായാസ വിജയത്തിലെത്തിയത്.
48 പന്തിൽ 11 ഫോറും മൂന്നു സിക്സും സഹിതമാണ് അശ്വിൻ 83 റൺസെടുത്തത്. ആകെ വിജയത്തിലേക്് 141 റൺസ് മാത്രം മതിയെന്നിരിക്കെയാണ് അശ്വിൻ 83 റൺസടിച്ച് കരുത്തുകാട്ടിയത്. ഒടുവിൽ വിജയത്തിന് 11 റൺസ് മാത്രം അകലെ നിൽക്കെ അതിശയരാജ് ഡേവിഡ്സന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് അശ്വിൻ പുറത്തായത്. 29 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 27 റൺസുമായി പുറത്താകാതെ നിന്ന ബാബ ഇന്ദ്രജിത്താണ് ദിണ്ടിഗലിനെ വിജയത്തിലെത്തിച്ചത്. ഓപ്പണർ ശിവം സിങ് 11 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസെടുത്ത് പുറത്തായി.
നേരത്തെ ആർ.രാജ്കുമാർ (0), ജാഫൽ ജമാൽ (20 പന്തിൽ 33), എൻ.സെൽവ കുമാരൻ (0) എന്നിവരെ പുറത്താക്കിയാണ് അശ്വിൻ ബോളിങ്ങിലും മിന്നും താരമായത്. ഇന്ത്യൻ താരം കൂടിയായ വരുൺ ചക്രവർത്തി നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജി.പെരിയസമാമിയും നാല് ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി. അശ്വിന്റെ ടീമിൽ അംഗമായ മലയാളി താരം സന്ദീപ് വാരിയർ രണ്ട് ഓവറിൽ 7 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
English Summary:








English (US) ·