‘ആദ്യം എന്നോട് പറയൂ, എന്നിട്ട് ഡിആർഎസ് ചോദിക്ക്’: സൺറൈസേഴ്സിനെതിരായ മത്സരത്തിനിടെ സഹതാരത്തോട് അയ്യർ– വിഡിയോ

9 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 13 , 2025 08:13 AM IST Updated: April 13, 2025 08:30 AM IST

1 minute Read

ശ്രേയസ് അയ്യർ, ഗ്ലെൻ മാക്സ്‌വെൽ
ശ്രേയസ് അയ്യർ, ഗ്ലെൻ മാക്സ്‌വെൽ

ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിനിടെ, തന്നോട് ചോദിക്കാതെ അംപയറിനോട് ഡിആർആസ് ആവശ്യപ്പെട്ട സഹതാരത്തോട് കുപിതനായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. സൺറൈസേഴ്സ് ഇന്നിങ്സിലെ അഞ്ചാമത്തെ ഓവറിലാണ് സംഭവം. അംപയർ വൈഡ് വിളിച്ച ഒരു പന്ത്, ട്രാവിസ് ഹെഡിന്റെ ബാറ്റിൽത്തട്ടിയ ശേഷമാണ് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിയത് എന്ന ധാരണയിൽ ബോളറായ മാക്സ്‌വെലും വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിങ്ങും ഉടനടി ഡിആർഎസ് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അയ്യർ അതൃപ്തി പരസ്യമാക്കിയത്.

ഗ്ലെൻ മാക്സ്‌വെൽ എറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്ത് അംപയർ വൈഡ് വിളിച്ചു. എന്നാൽ, പന്ത് ബാറ്റിൽ സ്പർശിച്ച ശേഷമാണ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയത് എന്ന് കരുതിയ മാക്സ്‌വെലും വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാന‍് സിങ്ങും ഡിആർഎസ് ആവശ്യപ്പെട്ടു. പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിയ ഉടനെ മാക്സ്‌വെൽ ഡിആർഎസിനായി ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഇവരുടെ ഉറപ്പിന്റെ ബലത്തിൽ ശ്രേയസ് അയ്യർ ഡിആർഎസ് ആവശ്യത്തെ പിന്താങ്ങിയെങ്കിലും, തന്നോട് ചർച്ച ചെയ്യാതെ ആദ്യം തന്നെ അംപയറിനോട് ഇരുവരും ഡിആർഎസ് ആവശ്യപ്പെട്ടതാണ് അയ്യരുടെ അതൃപ്തിക്ക് കാരണമായത്. പിന്നീട് റീപ്ലേ പരിശോധിച്ചപ്പോൾ പന്ത് ബാറ്റിൽത്തട്ടിയില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പഞ്ചാബിന് ഒരു റിവ്യൂ നഷ്ടമായി.

അതേസമയം, ആരോടാണ് അയ്യർ തന്റെ അതൃപ്തി പരസ്യമാക്കിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. ക്യാപ്റ്റൻ ആവശ്യപ്പെട്ടാൽ മാത്രമേ ഡിആർഎസ് എടുക്കാനാകൂ എന്നിരിക്കെ, മാക്സ്‌വെലിന്റെ നിർദ്ദേശപ്രകാരം ഡിആർഎസ് എടുക്കാൻ തയാറായ അംപയറോടാണ് അയ്യർ കുപിതനായതെന്നും ഒരുവിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പഞ്ചാബ് ഉയർത്തിയ 246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച സൺറൈസേഴ്സ് ഹൈദരാബാദ്, ആദ്യ നാല് ഓവറിൽനിന്നുതന്നെ 60 റൺസ് അടിച്ചുകൂട്ടിയതിനു പിന്നാലെയായിരുന്നു സംഭവം. അഭിഷേക് ശർമ 11 പന്തിൽ 36 റൺസോടെയും, ഹെഡ് 14 പന്തിൽ 22 റൺസോടെയും ക്രീസിൽ നിൽക്കുമ്പോഴാണ് പഞ്ചാബ് റിവ്യൂ പാഴാക്കിയത്.

English Summary:

Shreyas Iyer Left Fuming At Punjab Kings Teammate Over DRS Call In Game vs SRH

Read Entire Article