
തരുൺ മൂർത്തി | Photo: Instagram/ Binu Pappu
മോഹന്‍ലാലിനെ നായകനാക്കിയുള്ള 'തുടരും' ചിത്രത്തിന് മുമ്പ് താന്‍ ചെയ്യാനിരുന്നത് ഫഹദ് നായകനായ 'ടോര്‍പിഡോ' ആയിരുന്നുവെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. 'തുടരും' എഴുത്ത് നടക്കുമ്പോള്‍ തന്നെ ബിനു പപ്പുവുമായി ചേര്‍ന്ന് 'ടോര്‍പിഡോ'യുടെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അപ്രതീക്ഷിതമായാണ് 'തുടരും' ഷൂട്ടിങ്ങിലേക്ക് കടന്നതെന്നും രേഖാമേനോന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞു. 'തുടരും' എന്ന സിനിമ സംഭവിച്ചതില്‍ താന്‍ 'ടോര്‍പിഡോ'യുടെ നിര്‍മാതാവ് ആഷിക് ഉസ്മാനോടും കോ-ഡയറക്ടര്‍ ബിനു പപ്പുവിനോടും നന്ദിയുള്ളവനാണെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
''തുടരും' എഴുത്ത് നടക്കുന്ന സമയത്ത് ബിനു പപ്പുവിനൊപ്പം തന്നെ മറ്റൊരു സബ്ജക്ടില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ഇതില്‍ ഏതാണ് ആദ്യം കയറുന്നത് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ക്ലാരിറ്റി ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് 'തുടരും' പ്രൊജക്ട് വന്ന് കയറിയത്. ആദ്യം 'ടോര്‍പിഡോ' ആയിരുന്നു മനസിലുണ്ടായിരുന്നത്. അതാണ് അനൗണ്‍സ് ചെയ്യപ്പെട്ട പ്രൊജക്ടും. അതിന് പിന്നാലെ പോവുന്നതിനിടെയിലാണ് രഞ്ജിത്തേട്ടന്‍ വിളിച്ചിട്ട് ലാലേട്ടന്‍ 'തുടരും' ഏപ്രിലില്‍ സ്റ്റാര്‍ട്ട് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചത്. ഞാന്‍ ഒരു നിര്‍മാതാവുമായി കമ്മിറ്റഡ് ആണ്, ബിനു എന്ന സുഹൃത്ത് തിരക്കഥ എഴുതുന്നു. ആഷിക് ഉസ്മാനാണ് നിര്‍മാതാവ്. ഞാന്‍ ആദ്യം വിളിച്ച് അനുവാദം ചോദിച്ചത് ഇവര്‍ രണ്ടുപേരുടേയും അടുത്താണ്', തരുണ്‍ മൂര്‍ത്തി പറഞ്ഞു.
'നോര്‍മലി ആഷിക്കേട്ടനെ പോലൊരു നിര്‍മാതാവാണെങ്കില്‍ 'അതെങ്ങനെ ശരിയാവും തരുണേ, എന്റെ ഫ്‌ളാറ്റെടുത്ത് എന്റെ കൈയില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ട് വര്‍ക്ക് ചെയ്ത സിനിമയല്ലേ' എന്ന് ചോദിക്കുമായിരുന്നു. അങ്ങനെ ചോദിക്കും, എനിക്ക് പരിചയമുള്ള, നമ്മള്‍ കേട്ട കഥകളിലെല്ലാം അങ്ങനെയാണ് നിര്‍മാതാക്കള്‍ എല്ലാവരും. പക്ഷേ, ആഷിക്കിനോട് ഞാനിത് പറഞ്ഞപ്പോള്‍, മച്ചാനേ മോഹന്‍ലാല്‍ പടമാണെങ്കില്‍ പോയി ചെയ്യ്. മോഹന്‍ലാല്‍ പടമാണെങ്കില്‍ അത് ലൈഫില്‍ എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. പോയി ചെയ്തിട്ടു വാ എന്ന് പറഞ്ഞു', തരുണ്‍ ഓര്‍ത്തെടുത്തു.
'ബിനുവും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. എന്റെ കൂടെ കട്ടയ്ക്ക് നിന്നാല്‍ മതി, സിനിമയെന്താണെന്ന് ക്ലാരിറ്റിയുണ്ട്. എനിക്ക് കാര്യങ്ങള്‍ നിങ്ങള്‍ അടുപ്പിച്ച് തന്നാല്‍ മതി, ബാക്കി ഷൂട്ട് ചെയ്‌തെടുക്കുന്നതും ലാലേട്ടനെ പെര്‍ഫോം ചെയ്യിപ്പിച്ച് എടുക്കുന്നതും ഞാന്‍ ഏറ്റു എന്ന് ഞാന്‍ പറഞ്ഞു. എന്നെ സംബന്ധിച്ച് ഇങ്ങനെയൊരു പ്രൊജക്ട് സംഭവിച്ചതില്‍ ഞാന്‍ ആഷിക്കിനോടും ബിനുവിനോടും നന്ദിയുള്ളവനാണ്', തരുണ്‍ വ്യക്തമാക്കി.
മോഹന്‍ലാല്‍- ശോഭന കോമ്പോ ഒന്നിച്ച തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' വലിയ വിജയം തേടി തീയേറ്ററുകളില്‍ വിജയയാത്ര തുടരുകയാണ്. ഇതിനിടെയാണ് 'ടോര്‍പിഡോ'യുടെ വരവ് അനൗണ്‍സ് ചെയ്തത്. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, തമിഴ് നടന്‍ അര്‍ജുന്‍ ദാസ്, നസ്ലിന്‍, ഗണപതി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തും.
Content Highlights: Tharun Moorthy connected `Thudarum` & `Torpedo`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·