‘ആദ്യം ജൂനിയറുമായി ബന്ധം, പിന്നീട് മറ്റൊരാളുമായി; ഇപ്പോൾ ആരുടെ കൂടെയാണെന്ന് അറിയാം’: മേരി കോമിനെതിരെ മുൻ ഭർത്താവ്

1 week ago 2

ന്യൂ‍ഡ‍ൽഹി ∙ കോടിക്കണക്കിനു രൂപയും തന്റെ സ്വത്തിന്റെ ഉടമസ്ഥാവകാശവും തട്ടിയെടുത്തെന്ന ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോമിന്റെ ആരോപണം നിഷേധിച്ച് മുൻ ഭർത്താവ് കരുങ് ഓൻഖോലർ (ഓൺലർ). കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഓൺലർ തന്നിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കു നഷ്ടപ്പെട്ടുവെന്നും മേരി കോം ആരോപിച്ചത്. ഇതിനു മറുപടിയായിട്ടാണ് ഓൺലർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങൾ നിഷേധിച്ച ഓൺലർ, മേരി കോമിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും ആരോപിച്ചു.

2013ൽ ഒരു ജൂനിയർ ബോക്സറുമായി മേരി കോം ബന്ധമുണ്ടായിരുന്നെന്നും ഇതു സംബന്ധിച്ച തർക്കം ഒത്തുതീർപ്പിലെത്തിയതിനു പിന്നാലെ 2017 മുതൽ ബോക്സിങ് അക്കാദമിയിലെ മറ്റൊരു വ്യക്തിയുമായി താരം ബന്ധത്തിലായെന്നും ഓൺലർ വെളിപ്പെടുത്തി. ‘‘2013ൽ അവൾക്ക് ഒരു ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ വഴക്കുണ്ടായി, അതിനുശേഷം ഞാൻ വിട്ടുവീഴ്ച ചെയ്തു. 2017 മുതൽ മേരി കോം ബോക്സിങ് അക്കാദമിയിൽ ജോലി ചെയ്യുന്ന ഒരാളുമായി അവൾക്ക് ബന്ധമുണ്ട്. അവരുടെ വാട്സാപ് മെസേജുകൾ തെളിവായി എന്റെ പക്കലുണ്ട്. അവൾക്ക് ബന്ധമുണ്ടായിരുന്ന വ്യക്തിയുടെ പേര് ഉൾപ്പെടെ കൈവശമുണ്ടായിട്ടും ഞാൻ മൗനം പാലിച്ചു.’’– വാർത്താ ഏജൻസിയായ ഐഎഎൻഎസുമായുള്ള അഭിമുഖത്തിൽ ഓൺലർ പറഞ്ഞു.

മേരി കോം ജീവിതത്തിൽ മുന്നോട്ട് പോകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും പക്ഷേ പരസ്യമായി തന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ‘‘അവൾ ഒറ്റയ്ക്ക് താമസിക്കാനും മറ്റൊരു ബന്ധം പുലർത്താനും ആഗ്രഹിച്ചു. ഞങ്ങൾ വിവാഹമോചിതരാണ്. വീണ്ടും വിവാഹിതയാകണമെന്ന് അവൾ ആഗ്രഹിച്ചാൽ എനിക്ക് പ്രശ്‌നമില്ല. പക്ഷേ എന്നെ ഒരിക്കലും കുറ്റപ്പെടുത്തരുത്. അവൾ എന്നെ കുറ്റപ്പെടുത്തണമെങ്കിൽ, തെളിവ് കൊണ്ടുവരിക; പേപ്പറുകൾ എടുക്കുക. അവൾ എവിടെയാണ് താമസിക്കുന്നതെന്നും ആരോടൊപ്പമാണെന്നും എനിക്കറിയാം.’’– അദ്ദേഹം കൂട്ടിച്ചേർത്തു.

പണം തട്ടിയെടുത്തെന്ന മേരി കോമിന്റെ ആരോപണവും ഓൺലർ നിഷേധിച്ചു. തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘18 വർഷത്തെ ദാമ്പത്യജീവിതത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. അവൾക്കു മാനസിക വിഭ്രാന്തിയാണ്. 18 വർഷം ഞാൻ അവളോടൊപ്പം താമസിച്ചു. എനിക്ക് എന്താണ് ഉള്ളത്? എന്റെ വീട് നോക്കൂ. ഞാൻ ഡൽഹിയിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. അവൾ ഒരു സെലിബ്രിറ്റിയാണ്. അവൾ എന്ത് പറഞ്ഞാലും ചിലർ കേൾക്കും.’’

‘‘ഞാൻ എന്റെ വിവാഹമോതിരം നീക്കം ചെയ്തു. കാരണം അവളെ എനിക്കു വിശ്വാസമില്ല. അവൾ ലോക് അദാലത്തിൽ പോയി ഞാൻ വായ്പയെടുത്ത് സ്വത്ത് മോഷ്ടിച്ചുവെന്ന് പറയുന്നു. സ്വത്ത് എന്റെ പേരിലാണെങ്കിൽ, അവളുടെ കൈവശം രേഖകൾ ഉണ്ടായിരിക്കുമല്ലോ? അവൾ ആ രേഖകൾ കൊണ്ടുവരട്ടെ, എന്നിട്ടു നമുക്ക് സംസാരിക്കാം.ഞങ്ങൾക്ക് വിവാഹമോചനം ലഭിച്ചു. എന്റെ കുട്ടികളെ സ്നേഹിക്കുന്നതിനാൽ കോടതിയിൽ പോരാടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദേശീയ മാധ്യമങ്ങളോട് എന്റെ ഭർത്താവ് പണം മോഷ്ടിക്കുകയാണെന്ന് പറയുന്നതിന്റെ അർഥമെന്താണ്? ഞാൻ അവളോട് എന്തു ചെയ്തു?

മേരി കോം (ഇടത്) മേരി കോമും കുടുംബവും (വലത്) (X)

മേരി കോം (ഇടത്) മേരി കോമും കുടുംബവും (വലത്) (X)

‘‘എല്ലാ അവകാശവാദങ്ങൾക്കും തെളിവുകൾ കൊണ്ടുവരിക, എന്റെ കൈവശം കോടിക്കണക്കിന് പണമുണ്ടെങ്കിൽ അത് തെളിയിക്കുക. പണം മോഷ്ടിച്ചതിന് അവർ എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്? തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ എടുത്ത കോടികളുടെ വായ്പയെക്കുറിച്ചാണ് അവൾ സംസാരിച്ചത്. തെളിവ് എന്താണ്? ഞാൻ എന്റെ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയാണ് തിരഞ്ഞെടുപ്പിനായി പണം ചെലവഴിച്ചത്.’’– ഓൺലർ കൂട്ടിച്ചേർത്തു. 

മേരി കോമിന്റെ കരിയറിലെയും വ്യക്തിജീവിതത്തിലെയും വിവിധ ഘട്ടങ്ങളിൽ പിന്തുണച്ചെങ്കിലും അവരുടെ ആരോപണങ്ങൾ വളരെയധികം വേദനിപ്പിച്ചതായി ഓൺലർ പറഞ്ഞു.‘‘എനിക്ക് അവളോട് ക്ഷമിക്കാൻ കഴിയും, പക്ഷേ അവൾ എന്നോട് ചെയ്തത് ഒരിക്കലും മറക്കില്ല. ആരാണ് അവളുടെ അക്കാദമിയുടെ വിത്തുകൾ പാകിയത്? ആരാണ് റജിസ്റ്റർ ചെയ്തത്? ഇപ്പോൾ ഒരാൾ ചെയർമാനായി മാറിയിരിക്കുന്നു, പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവൾ എന്നോട് ചെയ്തത് എന്നെ വേദനിപ്പിച്ചു. 2013 മുതൽ ഞങ്ങൾ ഡൽഹിയിലാണ്. എന്റെ മക്കൾ ബോർഡിങ് സ്കൂളിലാണ്. തീർച്ചയായും, അവൾ സമ്പാദിക്കുകയും ഫീസ് നൽകുകയും ചെയ്തു, പക്ഷേ ആരാണ് അവരെ വളർത്തിയത്?"

‘‘ഹോസ്റ്റലിൽ താമസിക്കുന്ന എന്റെ മക്കളെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്. അവളുടെ കുട്ടികളാണെന്ന് അവൾ പറയുന്നത്, പക്ഷേ അവർ എന്റെ രക്തവുമാണ്. ഞാൻ മദ്യപാനിയാണെന്ന് അവൾ പറഞ്ഞു. ശരിയാണ് പാർട്ടികൾക്കിടയിൽ ഞാൻ മദ്യപിക്കാറുണ്ട്. പക്ഷേ അവളും അങ്ങനെ തന്നെ. അവൾ വോഡ്കയും റമ്മും കഴിച്ചിട്ടുണ്ട്. എന്നാൽ മദ്യപിച്ചതിന് എന്നെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങളോട് ഞാൻ ഒരിക്കലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.’’– ഓൺലർ പറഞ്ഞു.

അവസാനമായി, 2022ലെ കോമൺ‌വെൽത്ത് ഗെയിംസിന് മുൻപ് പരുക്കേറ്റെങ്കിലും, മേരി കോം മുംബൈയിലേക്ക് പോയി ബന്ധം തുടർന്നെന്നും അതിനു തെളിവുണ്ടെന്നും ഓൺലർ ആരോപിച്ചു. ‘‘2022 ലെ കോമൺ‌വെൽത്ത് ഗെയിംസിനിടെ അവർക്ക് പരുക്കേറ്റു, പക്ഷേ എന്നിട്ടും മുംബൈയിലേക്ക് പോയി. അവർ ബന്ധം പുലർത്തിയിരുന്ന വ്യക്തിയുടെ പേര് എന്റെ പക്കലുണ്ട്. ഞാൻ മൗനം പാലിക്കുകാണ്.’’– ഓൺലർ പറഞ്ഞു. 2005ൽ വിവാഹിതരനായ മേരി കോമിനും ഓൺലർക്കും നാലു മക്കളുണ്ട്. 2023ലാണ് ഇവർ വിവാഹമോചിതരായത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം instagram.com/mcmary.kom/ എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Mary Kom's erstwhile hubby denies allegations of fiscal impropriety. He claims Mary Kom had extramarital affairs and questions wherefore she is publically blaming him present that they are divorced. He challenges her to supply grounds to enactment her claims.

Read Entire Article