ന്യൂഡൽഹി∙ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം അറിയിച്ച് വിരാട് കോലി ചീഫ് സിലക്ടർ അജിത് അഗാർക്കറിനും ബിസിസിഐ ഉന്നതനും ഏപ്രിലിൽത്തന്നെ സന്ദേശം അയച്ചിരുന്നതായി റിപ്പോർട്ട്. തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും അതിനു തയാറാകാതെ കോലി വീണ്ടും മേയ് ഏഴിന് ബിസിസിഐയെ സമീപിച്ചതായാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷവും ഓപ്പറേഷൻ സിന്ദൂറും പരിഗണിച്ച് തീരുമാനം നീട്ടിവയ്ക്കാൻ ബിസിസിഐ കോലിയോട് അഭ്യർഥിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഒടുവിൽ വെടിനിർത്തൽ നിലവിൽ വന്ന സാഹചര്യത്തിലാണ് ബിസിസിഐയെ അറിയിച്ചശേഷം കോലി വിരമിക്കൽ പ്രഖ്യാപിച്ചത്.
കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോലി വിരമിക്കൽ തീരുമാനം കൈക്കൊണ്ടത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പര ജൂൺ 20ന് തുടങ്ങാനിരിക്കെയാണ്, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പിന്നാലെ കോലിയും വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. രോഹിത്തിന്റെ വിരമിക്കൽ തീരുമാനത്തിനു പിന്നിൽ ബാഹ്യസമ്മർദ്ദങ്ങളുമുണ്ടായിരുന്നെങ്കിൽ, ബിസിസിഐ ഉൾപ്പെടെയുള്ളവരുടെ അനുനയ ശ്രമങ്ങൾ തള്ളിയാണ് കോലി ടെസ്റ്റ് കരിയറിന് വിരാമമിട്ടത്.
ബോർഡർ – ഗാവസ്കർ ട്രോഫിയിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഫോം വീണ്ടെടുക്കുന്നതിനായി കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഡൽഹിക്കായി രഞ്ജി ട്രോഫിയിൽ റെയിൽവേസിനെതിരെ കളിക്കുകയും ചെയ്തു. ഇതോടെ, ഇംഗ്ലണ്ട് പര്യടനത്തിൽ പങ്കെടുക്കാൻ കോലിക്ക് താൽപര്യമുണ്ടെന്ന് വ്യാപക പ്രചാരമുണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ കോലി അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. കോലിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത് കുടുംബാംഗങ്ങൾക്ക് ബിസിസിഐ ഏർപ്പെടുത്തിയ നിയന്ത്രണമാണെന്നാണ് ഒരു വിഭാഗം ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ താരങ്ങൾക്കായി 10 നിർദ്ദേശങ്ങൾ ബിസിസിഐ പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിദേശ പര്യടനങ്ങളിൽ കുടുംബാംഗങ്ങൾക്ക് താരങ്ങൾക്കൊപ്പം ചെലവഴിക്കാവുന്ന സമയത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. ഒന്നര മാസത്തിലധികം നീളുന്ന പര്യടനങ്ങളിൽ കുടുംബാംഗങ്ങൾക്ക് താരത്തിനൊപ്പം നിൽക്കാൻ അനുമതിയുണ്ടായിരുന്നത് വെറും 14 ദിവസം മാത്രമാണ്. ഇതിൽ അതൃപ്തനായിരുന്ന കോലി ഏപ്രിലിൽത്തന്നെ ടെസ്റ്റ് വിടുന്ന കാര്യം അറിയിച്ച് ചീഫ് സിലക്ടർ അജിത് അഗാർക്കറിനും ബിസിസിഐ തലപ്പത്തെ ഉന്നതനും സന്ദേശം അയച്ചു. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് ഇതിൽ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നതായാണ് വിവരം.
അതേസമയം, തിടുക്കപ്പെട്ട തീരുമാനത്തിലേക്ക് എത്തരുതെന്നായിരുന്നു കോലിയോടുള്ള ബിസിസിഐയുടെ അഭ്യർഥന. വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കണെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഇതിനോട് മുഖം തിരിച്ച കോലി, വിരമിക്കൽ തീരുമാനത്തിൽ ഉറച്ചുനിന്നുകൊണ്ട് വീണ്ടും മേയ് ഏഴിന് ബിസിസിഐയെ ബന്ധപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കോലി അതും തള്ളി. ഓപ്പറേഷൻ സിന്ദൂറും പാക്കിസ്ഥാനുമായുള്ള സംഘർഷവും പരിഗണിച്ച് വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്നും ബിസിസിഐ അഭ്യർഥിച്ചു.
ഇതിനിടെ പാക്കിസ്ഥാനും ഇന്ത്യയ്‌ക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നതോടെ വീണ്ടും ബിസിസിഐയെ ബന്ധപ്പെട്ട് വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുന്ന വിവരം കോലി അറിയിക്കുകയായിരുന്നു. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന കോലിയെ, വിദേശ പര്യടനങ്ങളിൽ താരങ്ങളുടെ കുടുംബാംഗങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ ബിസിസിഐ നയം തന്നെയാണ് വിരമിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.
English Summary:








English (US) ·