റാഞ്ചി∙ പഴകുംതോറും വീഞ്ഞിനു മാത്രമല്ല, വിരാട് കോലിക്കും വീര്യം കൂടിക്കൊണ്ടിരിക്കും! ഏകദിന കരിയറിലെ 52–ാം സെഞ്ചറിയുമായി വിരാട് കോലി (120 പന്തിൽ 135) നിറഞ്ഞാടിയ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ആവേശജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കോലിയുടെ സെഞ്ചറി മികവിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി.
അർധ സെഞ്ചറുമായി തിളങ്ങിയ രോഹിത് ശർമയും ( 57) ക്യാപ്റ്റൻ കെ.എൽ.രാഹുലും (60) കോലിക്ക് ഉറച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 49.2 ഓവറിൽ 332 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ 50 ഓവറിൽ 8ന് 349. ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 332ന് പുറത്ത്. സെഞ്ചറിയുമായി തകർത്തടിച്ച കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 3 മത്സര പരമ്പരയിലെ രണ്ടാം ഏകദിനം 3ന് റായ്പുരിൽ നടക്കും.
പതറി, പൊരുതി350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽത്തന്നെ റയാൻ റിക്കൽട്ടൻ (0), ക്വിന്റൻ ഡികോക് (0), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (7) എന്നിവരെ നഷ്ടമായി. റിക്കൽട്ടനെയും ഡികോക്കിനെയും ഹർഷിത് റാണ പുറത്താക്കിയപ്പോൾ അർഷ്ദീപ് സിങ്ങിനായിരുന്നു മാർക്രത്തിന്റെ വിക്കറ്റ്. പിന്നാലെ നന്നായിത്തുടങ്ങിയ ടോണി ഡി സോർസിയും (39) ഡിയേവാൾഡ് ബ്രെവിസും (37) തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ഡി സോർസിയെ കുൽദീപ് യാദവും ബ്രെവിസിനെ ഹർഷിതും വീഴ്ത്തി.
അതോടെ 5ന് 130 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. ഇതോടെ ദക്ഷിണാഫ്രിക്കൻ പോരാട്ടം അവസാനിച്ചെന്നു തോന്നിച്ചെങ്കിലും ആറാം വിക്കറ്റിൽ ഒന്നിച്ച മാത്യു ബ്രിറ്റ്സ്കി (72)– മാർക്കോ യാൻസൻ (39 പന്തിൽ 70) സഖ്യം നടത്തിയ കൗണ്ടർ അറ്റാക്ക് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. 69 പന്തിൽ 97 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. എന്നാൽ ഒരേ ഓവറിൽ ഇരുവരെയും പുറത്താക്കിയ കുൽദീപ് ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകൾ ഊതിക്കെടുത്തി. അവസാന ഓവർ വരെ പൊരുതിയ കോർബിൻ ബോഷിന് (67) സന്ദർശകരുടെ തോൽവിഭാരം കുറയ്ക്കാനേ സാധിച്ചുള്ളൂ.
നേരത്തെ, ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിനെ (18) നഷ്ടമായി. രണ്ടാം വിക്കറ്റിൽ 109 പന്തിൽ 136 റൺസ് കൂട്ടിച്ചേർത്ത കോലി– രോഹിത് സഖ്യമാണ് ഇന്ത്യയുടെ അടിത്തറ ഭദ്രമാക്കിയത്. രോഹിത്തും പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദ് (8), വാഷിങ്ടൻ സുന്ദർ (13) എന്നിവരും വീണതോടെ ഇന്ത്യൻ സ്കോറിങ്ങിനു വേഗം കുറഞ്ഞു. ഒരറ്റത്ത് ഉറച്ചു നിന്ന കോലിയാണ് പതിയെ സ്കോർ ബോർഡ് ചലിപ്പിച്ചത്.
സെഞ്ചറി തികച്ചതിനു പിന്നാലെ അറ്റാക്കിലേക്കു കടന്ന കോലിയെ നാന്ദ്രെ ബർഗർ വീഴ്ത്തിയതോടെ ഇന്ത്യ വീണ്ടും കിതച്ചു. 120 പന്തിൽ 7 സിക്സും 11 ഫോറുമടക്കമാണ് കോലി 135 റൺസ് നേടിയത്. അവസാന 10 ഓവറിൽ ആഞ്ഞടിച്ച രാഹുൽ– രവീന്ദ്ര ജഡേജ (20 പന്തിൽ 32) സഖ്യമാണ് 300ൽ താഴെ ഒതുങ്ങുമെന്നു തോന്നിച്ച ഇന്ത്യൻ ടോട്ടൽ 349ൽ എത്തിച്ചത്.
352 സിക്സ്: രോഹിത്തിന് റെക്കോർഡ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി രോഹിത് ശർമ. 277 മത്സരങ്ങളിൽ നിന്ന് 352 സിക്സാണ് രോഹിത്തിന്റെ പേരിലുള്ളത്. 398 മത്സരങ്ങളിൽ നിന്ന് 351 സിക്സറുകൾ നേടിയ പാക്കിസ്ഥാന്റെ ശാഹിദ് അഫ്രീദിയെയാണ് മറികടന്നത്.
English Summary:








English (US) ·