
പിണറായി വിജയൻ, സുദീപ്തോ സെൻ | ഫോട്ടോ: രാമനാഥ് പൈ, സാബു സ്കറിയ | മാതൃഭൂമി
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളാ സ്റ്റോറി എന്ന ചിത്രത്തിന് മികച്ച സംവിധായകനും ഛായാഗ്രഹണത്തിനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ ബഹുമതി 'ഇന്ത്യൻ സിനിമയുടെ പാരമ്പര്യത്തെ അപമാനിക്കലാണ്' എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പിണറായി വിജയന്റെ ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേരളാ സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെൻ.
വളരെ മുതിർന്നതും അനുഭവസമ്പന്നനുമായ രാഷ്ട്രീയക്കാരനായ പിണറായി വിജയൻ തൻ്റെ സിനിമ കണ്ടിട്ടില്ലെന്നാണ് കരുതുന്നതെന്ന് സുദീപ്തോ സെൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹം തൻ്റെ സിനിമ കണ്ടിരുന്നെങ്കിൽ ഇങ്ങനെയൊരു അഭിപ്രായം പറയുമായിരുന്നില്ല. താൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾക്കുവേണ്ടി ഒരുകാലത്ത് വിജയനും വാദിച്ചിരുന്നുവെന്നും, എന്നാൽ വർഷങ്ങൾക്കിപ്പുറം അദ്ദേഹം നിലപാട് മാറ്റിയെന്നും സെൻ അവകാശപ്പെട്ടു. ഒരു രാഷ്ട്രീയ സംവാദത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുദീപ്തോ സെൻ, തൻ്റെ സിനിമയിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.
"15 വർഷം മുൻപ്, കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ, പിഎഫ്‌ഐ പോലുള്ള സംഘടനകൾ കേരളത്തിൽ വളരെ സജീവമാണെന്നും അവർ സംസ്ഥാനത്തെ ഉടൻ ഒരു ഐസിസ് സ്റ്റേറ്റാക്കി മാറ്റിയേക്കുമെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം ഉയർന്നു. ആരായിരുന്നു ഈ അഭിപ്രായത്തെ ആദ്യം പ്രതിരോധിച്ചത്? അന്ന് കേരള മുഖ്യമന്ത്രിയല്ലാതിരുന്ന, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായിരുന്ന പിണറായി വിജയൻ. അദ്ദേഹം ഇന്നു പറയുന്നതും അന്നു പറഞ്ഞതും തികച്ചും വ്യത്യസ്തമാണ്," സുദീപ്തോ സെൻ ചൂണ്ടിക്കാട്ടി.
"ഞാനൊരു രാഷ്ട്രീയക്കാരനല്ല, എന്നാൽ അവർ അനുഭവസമ്പന്നരായ രാഷ്ട്രീയക്കാരാണ്. ഒരു രാഷ്ട്രീയ പ്രസ്താവനയോട് എനിക്ക് ഒന്നും പറയാനില്ല, കാരണം രാഷ്ട്രീയം പറയുകയെന്നതാണ് അവരുടെ ജോലി. ഞാനൊരു ചലച്ചിത്രകാരനാണ്. ഈ സിനിമയ്ക്കായി ഞങ്ങൾ 12 വർഷത്തെ ഗവേഷണം നടത്തിയിട്ടുണ്ട് എന്ന് എനിക്ക് പറയാനാകും. ഞാൻ കേരളത്തിലെ നിരവധി പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയും അവിടെ 500 പെൺകുട്ടികളെ കാണുകയും ചെയ്തു. സെൻസർ ബോർഡ് (സിബിഎഫ്‌സി) സിനിമയ്ക്ക് അനുമതി നൽകാൻ രണ്ടുമാസമെടുത്തപ്പോൾ, സിനിമയിലെ ഓരോ സംഭാഷണത്തിനും ഞാൻ തെളിവ് നൽകിയിരുന്നു. എൻ്റെ സിനിമയിലെ ഓരോ സംഭാഷണത്തിലും ദൃശ്യത്തിലും ഞാൻ ഉറച്ചുനിൽക്കുന്നു. ഇൻസ്റ്റഗ്രാമിലോ ട്വിറ്ററിലോ ഒരു കമന്റിട്ടതുകൊണ്ട് ആർക്കും എന്നെ വിലയില്ലാതാക്കാൻ കഴിയില്ല." സംവിധായകൻ വിശദീകരിച്ചു.
പിണറായി വിജയനോടുള്ള ആത്മാർത്ഥമായ അഭ്യർത്ഥന, അദ്ദേഹം ഈ സിനിമ കാണണമെന്നും തനിക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണെന്ന് സുദീപ്തോ സെൻ പറഞ്ഞു. സിനിമയിലെ ഒരു വരിയോ വാചകമോ തെറ്റായി അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞാൽ, അത് തന്നോട് പറയണമെന്നും സംവിധായകൻ ആവശ്യപ്പെട്ടു.
ആദാ ശർമ്മയാണ് 'ദി കേരള സ്റ്റോറി'യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമയെന്നും കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾക്ക് ഈ വിധി സംഭവിച്ചുവെന്നും അണിയറപ്രവർത്തകർ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തെ കേരള സർക്കാർ കോടതിയിൽ ചോദ്യം ചെയ്യുകയും, തുടർന്ന് നിർമ്മാതാക്കൾക്ക് സിനിമയിൽ നിന്ന് ഈ സംഖ്യ ഒഴിവാക്കേണ്ടിയും വന്നിരുന്നു.
Content Highlights: Sudipto Sen responds to Kerala CM Pinarayi Vijayan`s disapproval of The Kerala Story`s National Awards
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·