
ഷാം കൗശാൽ മകൻ വിക്കി കൗശാലിനൊപ്പം | photo:instagram/vicky kaushal
സിനിമാ രംഗത്ത് സ്വന്തം മേല്‍വിലാസം ഉണ്ടാക്കുക എന്നത് എളുപ്പമല്ല. നിരവധി കഷ്ടപ്പാടുകളിലൂടെ കടന്നുപോയശേഷമാണ് പലരും സിനിമ വ്യവസായത്തില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കുന്നത്. ബോളിവുഡ് താരം വിക്കി കൗശലിന്റെ അച്ഛനും സംഘട്ടന സംവിധായകനുമായ ശ്യാം കൗശലിന്റെ കാര്യവും വ്യത്യസ്തമല്ല. ബോളിവുഡിലെ അറിയപ്പെടുന്ന ആക്ഷൻ ഡയറക്ടറാകുന്നതിന് മുൻപ്, പലരും സങ്കൽപ്പിക്കാത്ത തരത്തിലുള്ള കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു തന്റെ ജീവിതമെന്ന വെളിപ്പെടുത്തിയിരിക്കുകയാണ് ശ്യാം കൗശൽ.
1978-ൽ, അച്ഛന്റെ കയ്യിൽനിന്നും കടം വാങ്ങിയ 3,000 രൂപയുമായി മുംബൈയിലെത്തിയ ശ്യാം കൗശലിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: ആ കടം വീട്ടുക. പഞ്ചാബിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ പൂർത്തിയാക്കിയ ശേഷം ഒരു ലക്ചറർ ആകാൻ ആഗ്രഹിച്ചെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കൗശലിന്റെ സ്വപ്നങ്ങൾ പാതിവഴിയിൽ നിന്നുപോയി. മുംബൈയിൽ പ്രതിമാസം 350 രൂപ ശമ്പളത്തിൽ ഒരു സെയിൽസ്മാനായി അദ്ദേഹം ജോലി കണ്ടെത്തി. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി വെറും ഒരു രൂപ മാത്രമാണ് അദ്ദേഹത്തിന് ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നത്. കുറഞ്ഞ പൈസക്ക് ലഭിക്കുന്ന മിസൽ പാവ്, ബട്ടറ്റ വട എന്നിവയായിരുന്നു ശ്യാം കൗശൽ പലപ്പോഴും കഴിച്ചിരുന്നത്.
വാടക വീട്ടിൽ താമസിക്കാൻ പണം നൽകാൻ കഴിയാതെ വന്നപ്പോൾ, അദ്ദേഹം ഓഫീസിൽ താമസം തുടങ്ങി. വസ്ത്രം മാറാനായി മാത്രം ഘാട്‌കോപ്പറിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു പതിവ്. അദ്ദേഹത്തിന് രണ്ട് ട്രൗസറുകളും മൂന്ന് ഷർട്ടുകളും മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന് മുംബൈയിലെ ജോലി നഷ്ടപ്പെട്ടു, അത് ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു. തകർന്ന ആത്മവിശ്വാസവും മോശം ആശയവിനിമയ ശേഷിയുമായി, ശ്യാം കൗശൽ അന്ന് രണ്ട് തീരുമാനങ്ങളെടുത്തു: ഒന്ന് ഇനി ഒരിക്കലും ഒരു ഓഫീസ് ജോലിക്ക് പോകരുത്, രണ്ട് മുംബൈ വിട്ടുപോകരുത്.
സിനിമയിലേക്കുള്ള ആകസ്മിക പ്രവേശനം
സിനിമയിൽ സ്റ്റണ്ട്മാൻമാരായി ജോലി ചെയ്തിരുന്ന ഏതാനും പഞ്ചാബി സ്വദേശികളുമായി സൗഹൃദത്തിലായതോടെ കൗശലിന്റെ ജീവിതം മാറിമറിഞ്ഞു. 1980-ൽ സ്റ്റണ്ട്മാൻ അസോസിയേഷനിൽ ചേരാൻ അവർ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അംഗത്വ ഫീസായ 1,000 രൂപ നിരവധി സുഹൃത്തുക്കൾ ചേർന്നാണ് സമാഹരിച്ചത്. ഇത് സിനിമാ വ്യവസായത്തിൽ അദ്ദേഹത്തിന് ആദ്യത്തെ അവസരങ്ങൾ നൽകി.
താമസിയാതെ, പ്രശസ്ത ആക്ഷൻ ഡയറക്ടറായ വീരു ദേവ്ഗണുമായി അദ്ദേഹം ബന്ധപ്പെട്ടു. വീരു കൗശലിലെ കഴിവ് തിരിച്ചറിയുകയും അനൗദ്യോഗികമായി ജോലിക്ക് എടുക്കുകയും ചെയ്തു. ബാഗുകൾ ചുമക്കുന്നതു മുതൽ ചായ കൊണ്ടുവരുന്നതുവരെയുള്ള എല്ലാ ജോലികളും ചെയ്ത് കൗശൽ അദ്ദേഹത്തെ സഹായിച്ചു. കാലക്രമേണ, വീരു ഫൈറ്റ് സീക്വൻസുകളിൽ അദ്ദേഹത്തിന്റെ പേര് ചേർക്കാൻ തുടങ്ങി. ഇത് ശ്യാം കൗശലിന് വരുമാനം നേടാൻ അവസരമൊരുക്കി. പിന്നീട്, സ്റ്റണ്ട് ഡയറക്ഷനെക്കുറിച്ച് കൂടുതൽ പഠിക്കാൻ കൗശൽ പപ്പു വർമ്മയ്‌ക്കൊപ്പം ചേർന്നു, ആ കാലയളവിൽ അദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നില്ല.
1983-ഓടെ അദ്ദേഹം സ്ഥിരമായി ജോലി ചെയ്യാൻ തുടങ്ങി, സ്റ്റണ്ടുകളും നടന്മാർക്ക് ഡ്യൂപ്പായും അഭിനയിച്ചു. സണ്ണി ഡിയോളിന്റെ 'ബേതാബ്' എന്ന ചിത്രമാണ് അദ്ദേഹത്തിന് വലിയൊരു വഴിത്തിരിവായത്. അതിലെ പ്രകടനത്തിന് സാധാരണ ശമ്പളത്തിന്റെ അഞ്ചിരട്ടിയായ 500 രൂപ ലഭിച്ചു. 1990-കളിൽ ഉന്നതിയിലെത്തിയ ഒരു സ്ഥിരമായ കരിയറിന്റെ തുടക്കമായിരുന്നു അത്.
കാൻസറിനോടുള്ള പോരാട്ടവും നിശ്ശബ്ദമായ അതിജീവനവും
വർഷങ്ങൾക്ക് ശേഷം, 'ലക്ഷ്യ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലഡാക്കിലായിരിക്കുമ്പോൾ കൗശലിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർമാർ അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. ഇത് കൗശലിനെ വളരെയധികം തളർത്തി, ഒരു നിമിഷം ജീവിതം അവസാനിപ്പിക്കാൻ പോലും അദ്ദേഹം ചിന്തിച്ചു. തന്റെ രോഗവിവരം കരിയറിനെ ബാധിക്കുമെന്ന് ഭയന്ന് കൗശൽ അത് രഹസ്യമായി സൂക്ഷിച്ചു. തന്റെ ചെറിയ മക്കളെ വളർത്താൻ പത്തു വർഷം കൂടി ആയുസ്സ് നൽകണമേ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. എന്നാൽ മനശക്തി വീണ്ടെടുത്ത്, രോഗവുമായി പോരാടാനുറപ്പിച്ച ശ്യാം ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
ഇന്ന് ശ്യാം കൗശൽ ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും സണ്ണി കൗശലിന്റെയും അച്ഛനാണ്. വിക്കി കൗശലിന്റെ സിനിമകൾ ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുകയാണ്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഛാവ' ലോകമെമ്പാടും 807.88 കോടി രൂപ നേടി. ഇത് വിക്കിക്ക് മാത്രമല്ല, കൗശൽ കുടുംബത്തിന് മുഴുവൻ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2021-ൽ വിക്കിയെ വിവാഹം കഴിച്ച കത്രീന കൈഫ് ആണ് അദ്ദേഹത്തിന്റെ മരുമകൾ. വർഷങ്ങൾക്ക് മുമ്പ് വീരു ദേവ്ഗന്റെ സഹായിയായി ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന കൗശൽ, ഇന്ന് ബോക്സ് ഓഫീസിൽ തന്റെ മകൻ വിക്കി കൌശൽ വീരു ദേവ്ഗന്റെ മകനായ അജയ് ദേവ്ഗണുമായി മത്സരിക്കുന്നത് കാണുന്നു. അദ്ദേഹത്തിന്റെ കഥ ധൈര്യത്തിന്റെയും, പരിവർത്തനത്തിന്റെയും, നിശ്ശബ്ദമായ സ്ഥിരോത്സാഹത്തിന്റെയും ഒരു അപൂർവ ഉദാഹരണമാണ്. 350 രൂപ വരുമാനത്തിൽ നിന്ന് ആസ്തിയുള്ള കുടുംബത്തെ നയിക്കുന്നതിലേക്കെത്തിയ പ്രചോദനാത്മകമായ ഒരു യാത്ര.
Content Highlights: sham kaushal,father of vicky kaushal shares his backmost beingness story
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·