ആനക്കൊമ്പ് വേട്ടയുടെ കഥയോ?; പെപ്പെയുടെ 'കാട്ടാളന്‍' പ്രീ പ്രൊഡക്ഷന് തുടക്കം

8 months ago 9

'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമായ 'കാട്ടാളന്‍' പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. ചരിത്രാതീത കാലം മുതല്‍ മൃഗങ്ങളുടെ പല്ലുകളില്‍ ഏറ്റവും വിലയേറിയ ഒന്നായി കണ്ടിരുന്നയൊന്നാണ് ആനക്കൊമ്പ്. ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലായ ആനക്കൊമ്പ്, അലങ്കാരങ്ങള്‍ക്കും വേട്ടയാടലിനും പണ്ടുമുതലേ ഉപയോഗിച്ചുപോന്നിരുന്നു. കൊത്തുപണി ചെയ്ത ഒരു ആനക്കൊമ്പിന്റെ ചിത്രവുമായിട്ടാണ് ഇപ്പോള്‍ 'കാട്ടാളന്‍' സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചിരിക്കുന്നത്.

'ആനക്കൊമ്പ് ഇപ്പോള്‍ വെളുത്തതല്ല, അതില്‍ രക്തക്കറ പുരണ്ടിരിക്കുന്നു' എന്ന വാചകവുമായാണ് പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചതായി കാണിച്ചിരിക്കുന്നത്. വീണ്ടും ചോരക്കളികളുടെ കഥയുമായാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ വരവ് എന്ന സൂചനയാണോ ഇതെന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. 'കാട്ടാളന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആന്റണി പെപ്പെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കത്തിയാളുന്ന അഗ്‌നിക്ക് മുമ്പില്‍ പെപ്പെ നില്‍ക്കുന്നൊരു പോസ്റ്റര്‍ സിനിമയുടേതായി മുമ്പ് പുറത്തുവന്നിരുന്നു. വയലന്‍സ് സിനിമകള്‍ വിവാദമാകുന്ന സാഹചര്യത്തില്‍ വയലന്‍സ് സിനിമയുമായി വീണ്ടും കൂബ്‌സ് എത്തുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്.

നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ രണ്ടാമത്തെ പ്രൊഡക്ഷന്‍ തന്നെ ഒരു പുതിയ സംവിധായകനെ ഏല്‍പ്പിച്ചുകൊണ്ട് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് നിര്‍മാതാവായ ഷെരീഫ് മുഹമ്മദ്. മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാര്‍ക്ക് അവസരം നല്‍കുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങള്‍ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തില്‍ എത്തിക്കാന്‍ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷന്‍ ക്വാളിറ്റിയും നല്‍കി കൊണ്ട് 'മാര്‍ക്കോ' പോലെയോ അതിനേക്കാള്‍ ഉയരത്തിലോ ഇനിയും വിജയങ്ങള്‍ കൊയ്‌തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്.

ചിത്രത്തിന്റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ നിലവില്‍ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തില്‍നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്തായാലും അടുത്ത അപ്‌ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Kattalan: Antony Pepe New Malayalam Movie update

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article