Published: August 05 , 2025 12:08 PM IST
1 minute Read
ലണ്ടൻ∙ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ സമാപന വേദിയിൽ ട്രോഫി സമ്മാനിക്കുമ്പോൾ ജെയിംസ് ആൻഡേഴ്സനെയും സച്ചിൻ തെൻഡുൽക്കറെയും ക്ഷണിക്കാത്തതിനെച്ചൊല്ലി വിവാദം. പരമ്പര സമനിലയായതോടെ ഇരു ടീമുകളുടെയും താരങ്ങൾക്ക് ട്രോഫി സമ്മാനിക്കുമ്പോൾ സച്ചിന്‍ തെൻഡുൽക്കറോ, ജെയിംസ് ആൻഡേഴ്സനോ വേദിയിലുണ്ടായിരുന്നില്ല. ഇരു താരങ്ങളോടുമുള്ള ആദര സൂചകമായി ആൻഡേഴ്സൻ– തെൻഡുൽക്കർ ട്രോഫി എന്നാണു പരമ്പരയ്ക്കു പേരു നൽകിയിരുന്നത്.
പട്ടൗഡി ട്രോഫിയുടെ പേരുമാറ്റിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ‘ആൻഡേഴ്സൻ– തെൻഡുൽക്കര്‍ ട്രോഫി’ കൊണ്ടുവന്നത്. ഈ പേരുമാറ്റം തന്നെ വൻ വിവാദമായിരുന്നു. എന്നാൽ വിജയികൾക്കു നൽകുന്ന മെഡലിനു പട്ടൗഡിയുടെ പേരു നൽകിയാണ് ഇംഗ്ലണ്ട് ബോർഡ് ഈ പ്രശ്നം പരിഹരിച്ചത്. അതിനു പിന്നാലെയാണു പുതിയ വിവാദം. ഇംഗ്ലണ്ട് ബോർഡ് സച്ചിൻ തെൻഡുൽക്കറെയോ, ആൻഡേഴ്സനെയോ സമാപനച്ചടങ്ങിനു ക്ഷണിച്ചിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം.
പട്ടൗഡി കുടുംബത്തിൽനിന്നും ആരും ചടങ്ങിനെത്തിയിരുന്നില്ല. വിവാദത്തിൽ പ്രതികരിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ജൂണിൽ പരമ്പരയുടെ ട്രോഫി ലോഞ്ചിന് ആൻഡേഴ്സനും സച്ചിൻ തെൻഡുൽക്കറും എത്തിയിരുന്നു. അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ആറു റൺസിനു തോൽപിച്ചാണ് ഇന്ത്യ പരമ്പര 2–2ന് സമനിലയിലാക്കിയത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BCCI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·