Published: July 17 , 2025 03:42 PM IST
1 minute Read
ലണ്ടൻ∙ വന്യമായ കരുത്തുകൊണ്ട് ക്രിക്കറ്റ് കളങ്ങളിൽ തീപടർത്തിയ വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസൽ വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ കൂടി കളിച്ച് കളമൊഴിയുമെന്നാണ് പ്രഖ്യാപനം. ട്വന്റി20 ഫോർമാറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിൽപ്പെടുന്ന റസൽ, അടുത്ത ട്വന്റി20 ലോകകപ്പിന് ഏഴു മാസം മാത്രം ശേഷിക്കെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വദേശമായ ജമൈക്കയിലെ സബീന പാർക്കിലാകും റസലിന്റെ വിടവാങ്ങൽ മത്സരം. 2012, 2016 വർഷങ്ങളിൽ ട്വന്റ20 ലോകകപ്പ് ജയിച്ച ടീമുകളിൽ അംഗമായിരുന്നു റസൽ.
2019 മുതൽ വെസ്റ്റിൻഡീസ് ജഴ്സിയിൽ ട്വന്റി20 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരമാണ് മുപ്പത്തേഴുകാരനായ റസൽ. വിൻഡീസിനായി ഇതുവരെ 84 ട്വന്റി20 മത്സരങ്ങൾ കളിച്ചു. ഇതിനു പുറമേ ഒരു ടെസ്റ്റും 56 ഏകദിനങ്ങളുമാണ് റസലിന്റെ രാജ്യാന്തര കരിയറിലുള്ളത്.
84 ട്വന്റി20 മത്സരങ്ങളിൽനിന്ന് 22 ശരാശരിയിൽ 1078 റൺസാണ് റസലിന്റെ സമ്പാദ്യം. 71 റൺസാണ് ഉയർന്ന സ്കോർ. ഇത് ഉൾപ്പെടെ മൂന്ന് അർധസെഞ്ചറികളാണ് റസൽ നേടിയത്. ഇത്രയും മത്സരങ്ങളിൽനിന്ന് 71 വിക്കറ്റും വീഴ്ത്തി. 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. കളിച്ച ഒരേയൊരു ടെസ്റ്റിൽ രണ്ടു റൺസും ഒരു വിക്കറ്റും നേടി. 56 ഏകദിനങ്ങളിൽനിന്ന് നാല് അർധസെഞ്ചറികൾ ഉൾപ്പെടെ 1034 റൺസും 70 വിക്കറ്റുമാണ് സമ്പാദ്യം.
‘‘എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വാക്കുകൾകൊണ്ട് വിവരിക്കാനാകില്ല. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അഭിമാനാർഹമായ നേട്ടമാണ് വിൻഡീസ് ജഴ്സിയിൽ കളിക്കാനായത്. ചെറുപ്പത്തിൽ ഈ തലത്തിൽ വരെ എത്താനാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല. ക്രിക്കറ്റിലേക്ക് പൂർണമായി വന്നുകഴിയുമ്പോഴാണ് നമുക്ക് എന്തൊക്കെ സാധ്യമാകും എന്ന് മനസ്സിലാകുക’ – റസൽ പറഞ്ഞു.
നിക്കോളാസ് പുരാനു ശേഷം രണ്ടു മാസത്തിനിടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ താരമാണ് ആന്ദ്രെ റസൽ. അടുത്ത ട്വന്റി20 ലോകകപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കെ, വിൻഡീസ് സിലക്ടർമാരെ സംബന്ധിച്ചും റസലിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായി.
English Summary:








English (US) ·