ആന്ധ്രയും തെലങ്കാനയും അനിശ്ചിതകാല തിയേറ്റര്‍ ബന്ദിലേക്ക്; തഗ് ലൈഫിനേയും വീരമല്ലുവിനേയും ബാധിക്കും

8 months ago 7

Telugu Film Strike

തഗ് ലൈഫ്, ഹരി ഹര വീര മല്ലു: ഭാഗം 1 എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: X

ഹൈദരാബാദ്: ജൂൺ ഒന്നുമുതൽ ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും സിനിമാ തിയേറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു. നിലവിലുള്ള തിയേറ്റർ വാടക സംവിധാനത്തിനെതിരെയാണ് ഈ പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട ദീർഘകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച ദിൽ രാജു, സുരേഷ് ബാബു തുടങ്ങിയ തെലുങ്ക് സിനിമാ നിർമ്മാതാക്കളും അറുപതോളം തിയേറ്ററുടമകളും യോ​ഗം ചേർന്നിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനം വരുന്നത്.

പ്രവർത്തന ചെലവുകളാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്ന് തിയേറ്ററുടമകൾ ചൂണ്ടിക്കാട്ടി. നിലവിലെ സംവിധാനത്തിന് പകരം, ടിക്കറ്റ് വിൽപ്പനയുടെ ഒരു ശതമാനം തങ്ങൾക്ക് പങ്കുവെക്കുന്ന 'വരുമാനം പങ്കിടൽ' മാതൃകയിലേക്ക് മാറണമെന്ന് തിയേറ്ററുടമകൾ ആവശ്യപ്പെട്ടു. നിലവിൽ, ഒരു സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ പ്രകടനം കാഴ്ചവെച്ചാലും തിയേറ്ററുടമകൾ സിനിമ പ്രദർശിപ്പിക്കുന്നതിനായി ഒരു നിശ്ചിതതുക പ്രതിദിനം വാടകയായി നൽകണം. ഈ മാതൃക പലർക്കും സാമ്പത്തികമായി ലാഭകരമല്ലാതായി മാറിയിരിക്കുന്നുവെന്നും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.

തിയേറ്റർ റിലീസിന് ശേഷം സിനിമകൾ വേഗത്തിൽ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ചും ആശങ്കകൾ ഉയർന്നു. സിനിമകളുടെ ഡിജിറ്റൽ റിലീസ് കൂടുതൽ കാലത്തേക്ക് തടഞ്ഞുവെക്കണമെന്ന അഭ്യർത്ഥനയും തിയേറ്ററുടമകൾ മുന്നോട്ടുവെച്ചു. നിർദേശങ്ങളുമായി ബന്ധപ്പെട്ട് സംഘടനയ്ക്കകത്ത് വിയോജിപ്പുള്ളതിനാൽ നിരവധി പ്രധാന വിതരണക്കാരും നിർമ്മാതാക്കളും യോഗത്തിൽ പങ്കെടുത്തില്ലെന്ന് റിപ്പോർട്ടുണ്ട്.

ജൂൺ 1 എന്ന സമയപരിധിക്ക് മുമ്പായി കൂടുതൽ ചർച്ചകൾക്കായി ബന്ധപ്പെട്ടവർ ഫിലിം ചേംബറിന് ഔദ്യോഗിക നിവേദനം സമർപ്പിക്കും. ജൂൺ ഒന്നിനുമുൻപ് സംഘടനകൾക്ക് ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ, വരാനിരിക്കുന്ന വലിയ റിലീസുകളെ ഈ നീക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ. തിയേറ്റർ അസോസിയേഷനുമായി ബന്ധമില്ലാത്ത മൾട്ടിപ്ലക്സുകളിൽ മാത്രമായിരിക്കും സിനിമകൾ പ്രദർശിപ്പിക്കുന്നത് തുടരുക. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇതോടെ റിലീസ് പ്രതിസന്ധിയിലാവുന്നത്.

മണിരത്നത്തിൻ്റെ 'തഗ് ലൈഫ്' ജൂൺ 5-നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രം തമിഴിനുപുറമേ തെലുങ്ക് മൊഴിമാറ്റ പതിപ്പായും ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യുന്നുണ്ട്. ആന്ധ്രയുടെ ഡെപ്യൂട്ടി മുഖ്യമന്ത്രി കൂടിയായ സൂപ്പർതാരം പവൻ കല്യാൺ നായകനാവുന്ന 'ഹരി ഹര വീര മല്ലു: ഭാഗം 1' ആണ് ജൂണിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന മറ്റൊരു പ്രധാന ചിത്രം. മെയ് 30-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ഇപ്പോൾ ജൂൺ 12-ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ശേഖർ കമ്മുലയുടെ ധനുഷ്, നാഗാർജുന, രശ്മിക മന്ദാന, ജിം സർഭ് എന്നിവർ അഭിനയിച്ച 'കുബേര' ജൂൺ 20-നാണ് റിലീസ് ചെയ്യുന്നത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത് വിഷ്ണു മഞ്ചു അഭിനയിച്ച 'കണ്ണപ്പ'യുടെ റിലീസ് ജൂൺ 27-നാണ് നിശ്ചയിച്ചിട്ടുള്ളത്. ബന്ദ് നീണ്ടുപോയാൽ ഈ ചിത്രങ്ങളുടെയെല്ലാം റിലീസിനെ ബാധിക്കും.

Content Highlights: Andhra & Telangana theaters denote indefinite shutdown from June 1st, 2025

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article