ആഭ്യന്തര കുറ്റവാളി

7 months ago 8

ഗാര്‍ഹിക പീഡനത്തിന്റെ മറുവശത്തെ കാഴ്ചയൊരുക്കി ആഭ്യന്തര കുറ്റവാളി
മുജീബുര്‍റഹ്മാന്‍ കരിയാടന്‍

എത്രയെത്ര അനുഭവങ്ങളും കഥകളുമാണ് ഓരോ ജീവിതത്തിനുമിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്തരം കഥകള്‍ കണ്ടെത്തുകയും അവ കാഴ്ചക്കാരനിലേക്ക് ഇറങ്ങിച്ചെലുന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോഴാണ് സിനിമയെന്ന കല സംവദിക്കുകയും വിജയിക്കുകയും ചെയ്യുന്നത്. അത്തരത്തില്‍ ഓരോ ശരാശരി മലയാളിയോടും ചേര്‍ന്നു നില്‍ക്കുന്നു ആഭ്യന്തര കുറ്റവാളി.

നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ കുടുംബ പ്രേക്ഷകരെ ഏറെ അടുത്തു നിര്‍ത്തുന്നുണ്ട്. കുടുംബത്തിനകത്തെ പതിവായി പറയുന്ന കാര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായൊരു വിഷയം കണ്ടെത്തി മനോഹരമായി വെള്ളിത്തിരയിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് സിനിമകളിലായി ആസിഫ് അലിയെന്ന നടന്‍ വളരെ വ്യത്യസ്തമായ പ്രമേയങ്ങളും അതിനേക്കാള്‍ വ്യത്യസ്തമായ അഭിനയ ശൈലിയുമാണ് കാഴ്ചവെക്കുന്നത്. റോഷാക്കില്‍ തുടങ്ങിയ ആസിഫ് അലിയുടെ വ്യത്യസ്തത ആഭ്യന്തര കുറ്റവാളിയിലും അദ്ദേഹത്തിന് നിലനിര്‍ത്താനായിട്ടുണ്ട്. ഇമേജിന് അപ്പുറം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനും വീട്ടിലോ കുടുംബത്തിലോ ഉള്ള ഒരാളാണെന്ന തോന്നലുണ്ടാക്കാനും ആസിഫ് അലിക്ക് നന്നായി സാധിക്കുന്നുണ്ട്. പ്രേക്ഷകരുടെ ആ തോന്നലിനെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ആഭ്യന്തര കുറ്റവാളിയിലെ സഹദേവനിലൂടെ ആസിഫ് അലിക്കും സേതുനാഥ് പദ്മകുമാറിനും കഴിയുന്നുണ്ട്. കെട്ട്യോളാണെന്റെ മാലാഖയിലെ ആസിഫ് അലിയില്‍ നിന്നും ആഭ്യന്തര കുറ്റവാളിയിലെ ആസിഫ് അലിയിലെത്തുമ്പോള്‍ സുഖമുള്ളൊരു മാറ്റം അനുഭവിക്കാനാവും.

സിനിമയില്‍ ആസിഫിനെ പോലെ എടുത്തു പറയേണ്ടുന്ന രണ്ടു കഥാപാത്രങ്ങളാണ് ഹരിശ്രീ അശോകന്റെ മക്കാരിക്കയും സിദ്ധാര്‍ഥ ഭരതന്റെ പീറ്ററും. കുടുംബ കോടതിയുടെ ചുവരുകള്‍ക്കകത്ത് കുടുങ്ങിപ്പോകുന്ന ചില ജീവിതങ്ങളെ ഏച്ചു കെട്ടാതെയും മുഴച്ചിരിക്കാതെയും അവതരിപ്പിക്കുമ്പോള്‍ മക്കാരിക്കയും പീറ്ററും കാഴ്ചക്കാരന്റെ വേദനകളാകും; അതിലേറെ ജീവിതക്കാഴ്ചകളിലെ വല്ലാത്ത അനുഭവങ്ങളും.

മമ്മൂട്ടി സിനിമ കടല്‍ കടന്ന് മാത്തുക്കുട്ടിയിലെ ഗായകന്‍ റാഫിയില്‍ തുടങ്ങി ആഭ്യന്തര കുറ്റവാളിയിലെ മക്കാരിക്ക വരെ വേദന ഉളളിലൊതുക്കിയ കഥാപാത്രങ്ങളെ അത്രയും തീവ്രതയോടെ അവതരിപ്പിച്ച് ഹരിശ്രീ അശോകന്‍ പിന്നേയും പിന്നേയും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. 'മകന്‍ മരിച്ചതോടെ തന്നെ വിധി വന്നതല്ലേ മോനേ' എന്നു ചോദിക്കുന്ന ഒറ്റ ചോദ്യം മാത്രം മതി മക്കാരിക്കയുടെ ഉള്ള് പ്രേക്ഷകരിലേക്ക് പങ്കുവെക്കാന്‍.

സിദ്ധാര്‍ഥ് ഭരതനില്‍ നിന്നും പ്രതീക്ഷിക്കാത്തൊരു കഥാപാത്രമാണ് പീറ്ററിലൂടെ അദ്ദേഹവും പുറത്തേക്കു കൊണ്ടുവന്നിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും തന്റെ അഭിനയ ജീവിതത്തില്‍ ഓര്‍മിക്കപ്പെടുന്നൊരു പിതാവ് വേഷവുമായി സിദ്ധാര്‍ഥ് മറഞ്ഞു പോകുന്നുണ്ട്.

asif ali s abhyanthara kuttavali

എടുത്തു പറയേണ്ടുന്ന രണ്ട് കഥാപാത്രങ്ങള്‍ കൂടിയുണ്ട്- തുളസി ഹരിദാസിന്റെ നയനയും ശ്രേയ രുക്മിണിയുടെ അഡ്വ. അനിലയും. രണ്ട് സ്ത്രീകളുടെ വ്യത്യസ്ത മുഖങ്ങളാണ് ഇവര്‍ രണ്ടുപേരും അനാവരണം ചെയ്യുന്നത്. ഇരുവരും ഒരിടത്തു പോലും പാളിപ്പോകുന്നില്ലെന്ന് മാത്രമല്ല അവരുടെ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന ദേഷ്യവും സങ്കടവും സ്‌നേഹവുമെല്ലാം അവര്‍ പ്രേക്ഷകരില്‍ നിന്നും പിടിച്ചു വാങ്ങുകയും ചെയ്യും.

കോടതി മുറിക്കകത്തെ വാദപ്രതിവാദങ്ങളിലെ ഏതാനും ആപ്തവാക്യ പ്രയോഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒഴുക്കുള്ള തിരക്കഥയും അതിലേറെ ഒഴുക്കുള്ള സംഭാഷണങ്ങളുമാണ് സംവിധായകന്‍ എഴുതിയിരിക്കുന്നത്. സ്ത്രീപീഡനത്തിന്റെ പേരില്‍ പരക്കെ പ്രയോഗിക്കാറുള്ള 498 എ എന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പും അതേ വകുപ്പിലെ ശിക്ഷാരീതികള്‍ക്ക് വലിയ മാറ്റമൊന്നുമില്ലാത്ത ഇന്ത്യന്‍ ന്യായ സംഹിതയും പല തവണ സിനിമയില്‍ എടുത്തു പറയുന്നുണ്ട്. അതോടൊപ്പം ആ നിയമം ഉപയോഗിച്ചതിലൂടെ ശിക്ഷിക്കപ്പെട്ട നിരപരാധികളുടെ കണക്കു കൂടി ഈ സിനിമ പറയുന്നുണ്ട്.

സ്ത്രീപീഡകരെ ന്യായീകരിക്കുക എന്നതിനപ്പുറം അത്തരം കേസുകളിലെ നിരപരാധികളുടേയും അവരുടെ കുടുംബങ്ങളുടേയും അവര്‍ക്കു ചുറ്റുമുള്ളവരുടേയും ഉള്ളുരുക്കങ്ങളെ ചേര്‍ത്തുവെച്ചാണ് ആഭ്യന്തര കുറ്റവാളി ചെയ്തിരിക്കുന്നത്.

സിനിമയില്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലും അവ ആസ്വദിപ്പിക്കുന്നതിലും രസകരമായ ചില ഒളിപ്പിച്ചുവെക്കലുകള്‍ സംവിധായകന്‍ നടത്തിയിട്ടുണ്ട്. അസീസ് നെടുമങ്ങാടിന്റെ 'ദേശവാസി' അത്തരമൊരു കഥാപാത്രമാണ്. അസീസ് ഇത്തരത്തില്‍ 'ദേശവാസി'യെ അവതരിപ്പിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. 'ദേശവാസി'യും അയാളുടെ 'ദേശവാസി സോഡ'യും മികച്ചൊരു കാരിക്കേച്ചറാണ്. 'ദേശവാസി' എന്ന പേരൊഴികെ 'ദേശവാസി'കളുടെ 'മറ്റു പ്രത്യേകതകളൊന്നും' കഥാപാത്രത്തിന് അറിഞ്ഞു കൊടുത്തിട്ടില്ല.

ആനന്ദ് മന്മഥന്റെ ആംബുലന്‍സ് ഡ്രൈവറും ആസിഫ് അലിക്കും അസീസിനുമൊപ്പം കിടപിടിക്കുന്നുണ്ട്.

സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ വശം നായകനെ രക്ഷപ്പെടുത്താന്‍ കഥ ഏതുവിധേനയും കൊണ്ടുപോകാമെന്നിരിക്കെ അതിനുള്ള ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നതാണ്. സ്വാഭാവികവും എന്നാല്‍ അചിന്തനീയവും ആരും പ്രവചിക്കാത്തതുമായൊരു അന്ത്യത്തിലേക്ക് സിനിമ എത്തുകയാണ് ചെയ്യുന്നത്.

'ശരിയല്ലിത് ജീവിതം' പോലുള്ള ടെലിവിഷന്‍ ഷോയിലൂടെ അരമണിക്കൂര്‍ കൊണ്ട് കുടുംബ പ്രശ്‌നങ്ങള്‍ 'അവസാനിപ്പിക്കുന്ന' നാട്ടിലാണ് കുടുംബ കോടതിയില്‍ വര്‍ഷങ്ങളോളം കേസുകള്‍ നീളുന്നതെന്ന് പറയേണ്ടി വരുമ്പോള്‍ നിയമത്തിനുമപ്പുറത്താണ് പലപ്പോഴും കാര്യങ്ങള്‍ കിടക്കുന്നതെന്ന് ആഭ്യന്തര കുറ്റവാളി പറയാതെ പറയുന്നു.

അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും സോബിന്‍ സോമന്‍ എഡിറ്റിംഗും നിര്‍വഹിച്ച സിനിമയ്ക്കായി ബിജിബാലും ക്രിസ്റ്റി ജോബിയും രാഹുല്‍ രാജുമാണ് സംഗീതത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സിനിമയുടെ ചലനത്തിന് അനുസരിച്ച് ഇവരെല്ലാം തങ്ങളുടെ ഭാഗങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. മനു മഞ്ജിത്തിന്റേണ് വരികള്‍.

നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ആഭ്യന്തര കുറ്റവാളി നിര്‍മിച്ചിരിക്കുന്നത്.

മസിലു പിടിക്കാതെ തിയേറ്ററിലിരുന്ന് സിനിമ കാണുന്നവര്‍ക്ക് ആവശ്യത്തിന് ചിരിക്കാനും സങ്കടപ്പെടാനും ആഹ്ലാദിക്കാനും ജീവിതത്തെ കുറിച്ച് ചിന്തിക്കാനുമെല്ലാമുള്ള വക ആഭ്യന്തര കുറ്റവാളി തരുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് മനസ്സമാധാനത്തോടെ കണ്ടിരിക്കാനാവുന്ന ഈ ചിത്രത്തിന് ഒറ്റക്കുഴപ്പമേയുള്ളു- കെട്ട്യോളെ ബുദ്ധിമുട്ടിക്കുന്ന കെട്ട്യോനോ കുടുംബക്കാരോ ഉണ്ടെങ്കില്‍ സഹികെടുന്ന സമയത്ത് 498 എ വെച്ച് അവളൊരു കളി കളിച്ചേക്കും- ജാഗ്രതൈ!

ലക്ഷ്മി ബാല

ഓതറിനെ കുറിച്ച്

ലക്ഷ്മി ബാല

ലക്ഷ്മി ബാല- സമയം മലയാളം എന്റർടെയിൻമെന്റ് സെക്ഷനിൽ സീനിയർ കണ്ടൻ്റ് പ്രൊഡ്യൂസർ. സാമൂഹിക വിഷയങ്ങളിൽ (എടമലക്കുടി ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ, കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങളിലുള്ള പരമ്പരകൾ) ആർട്ടിക്കിൾസും സമയം മലയാളത്തിൽ എന്റർടെയിൻമെന്റ് മേഖലയിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും ചെയ്യാറുണ്ട്. ഓൺലൈൻ പത്ര മേഖലയിൽ ഒന്പതുവര്ഷത്തെ പ്രവൃത്തി പരിചയം. രസതന്ത്രത്തിൽ ബിരുദവും, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമയും, സോഷ്യോളജിയിൽ പിജിയും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപങ്ങളിലും ഷെയർചാറ്റിൽ സീനിയർ കോപ്പി റൈറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കൂ

Read Entire Article