ബെംഗളൂരു ∙ അവസാന പന്ത് വരെ ആകാംക്ഷ നിറഞ്ഞ മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ ബെംഗളൂരുവിന് 2 റൺസ് ജയം. ജയിക്കാൻ അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരുന്ന ചെന്നൈയ്‌ക്ക് 12 റൺസേ നേടാനായുള്ളു. സ്കോർ: ബെംഗളൂരു 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ്. ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ്. 48 പന്തിൽ 94 റൺസെടുത്ത ആയുഷ് മാത്രെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. 45 പന്തിൽ 77 റൺസെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. ജയത്തോടെ ബെംഗളൂരു പോയിന്റ് നിലയിൽ ഒന്നാമതെത്തി.
ബെംഗളൂരു ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആയുഷ് മാത്രെ – ഷയ്ഖ് റാഷിദ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് അതിവേഗമാണ് സ്കോർ ഉയർത്തിയത്. 27 പന്തിൽ 51 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. അഞ്ചാം ഓവറിൽ ഷയ്ഖ് റാഷിദ് 14 റൺസെടുത്തും ആറാം ഓവറിൽ സാം കറൻ അഞ്ച് റൺസെടുത്തും പുറത്തായി. തുടർന്ന് മൂന്നാം വിക്കറ്റിൽ രവീന്ദ്ര ജഡേജയുമായി ചേർന്ന് ആയുഷ് മാത്രെ പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ട് ചെന്നൈയ്ക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ 17 ാം ഓവറിലെ രണ്ടാം പന്തിൽ ആയുഷ് മാത്രെയും തൊട്ടടുത്ത പന്തിൽ ഡെവാൾഡ് ബ്രെവിസും പുറത്തായി.
രവീന്ദ്ര ജഡേജയ്‌ക്ക് കൂട്ടായി മഹേന്ദ്ര സിങ് ധോണി (12 റൺസ്) എത്തിയെങ്കിലും വൈകാതെ മടങ്ങി. ജയിക്കാൻ അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരിക്കെ ശിവം ദുബെ സിക്സടിച്ച് പ്രതീക്ഷ നൽകിയെങ്കിലും തുടർന്നുള്ള പന്തുകളിൽ ബോളർ യഷ് ദയാൽ വമ്പൻ അടികൾക്ക് അവസരം നൽകാതിരുന്നതോടെ ചെന്നൈയ്‌ക്കു വീണ്ടും തോൽവി. ബെംഗളൂരുവിനു വേണ്ടി ലുന്‍ഗി എന്‍ഗിഡി മൂന്നും ക്രുനാൽ പാണ്ഡ്യ, യഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ, ഓപ്പണർമാർ നൽകിയ തുടക്കം മുതലാക്കാനാവാതെ പതറിയ ബെംഗളൂരുവിന് 14 പന്തിൽ പുറത്താകാതെ 53 റൺസെടുത്ത റൊമേരിയോ ഷെപ്പേർഡിന്റെ മാസ്മരിക ബാറ്റിങ്ങാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഖലീൽ അഹമ്മദ് എറിഞ്ഞ 19 ാം ഓവറിൽ നാലു സിക്സും രണ്ടു ഫോറുമുൾപ്പെടെ 33 റൺസാണ് റൊമേരിയോ ഷെപ്പേർഡ് അടിച്ചുകൂട്ടിയത്. മതിഷ പതിരാന എറിഞ്ഞ അവസാന ഓവറിൽ 20 റൺസും ഷെപ്പേർഡ് അടിച്ചുകൂട്ടി. ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചറികളിൽ രണ്ടാം സ്ഥാനത്താണ് റൊമേരിയോ ഷെപ്പേർഡിന്റെ അർധസെഞ്ചറി.
ജേക്കബ് ബെതൽ – വിരാട് കോലി ഓപ്പണിങ് കൂട്ടുകെട്ടാണ് ബെംഗളൂരുവിന്റെ സ്കോറിങ്ങിന് അടിത്തറ പാകിയത്. 59 പന്തിൽ 97 റൺസാണ് ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. ജേക്കബ് ബെതൽ 33 പന്തിൽ 55 റഃൺസും വിരാട് കോലി 33 പന്തിൽ 62 റൺസുമെടുത്തു. ദേവ്ദത്ത് പടിക്കൽ (17), രജത് പാട്ടിദാർ (11), ജിതേഷ് ശർമ (7) എന്നിവർ വേഗം പുറത്തായി. പിന്നാലെയാണ് അതിവേഗ സ്കോറിങ്ങുമായി റൊമേരിയോ ഷെപ്പേർഡ് കളംനിറഞ്ഞത്. ടിം ഡേവിഡ് (2) പുറത്താകാതെ നിന്നു. ചെന്നൈയ്‌ക്കു വേണ്ടി മതിഷ പതിരാന മൂന്നും നൂർ അഹമ്മദ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും നേടി.
English Summary:








English (US) ·