ദേശീയ ക്രിക്കറ്റ് ടീമിന് എന്തു സംഭാവന നൽകി എന്നു ചോദിച്ചാൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ മുതൽ യുവതാരം തിലക് വർമ വരെയുള്ള പട്ടിക നിരത്താൻ ഹൈദരാബാദ് ക്രിക്കറ്റിന് കഴിയും. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ നേട്ടങ്ങളെക്കുറിച്ചു ചോദിച്ചാൽ ഹൈദരാബാദുകാരുടെ മുഖംവാടും.
രണ്ടേ രണ്ടു തവണ രഞ്ജി ട്രോഫി കിരീടം നേടിയത് (1937ലും 1986ലും) മാറ്റിനിർത്തിയാൽ പറയാനൊരു ആഭ്യന്തര ക്രിക്കറ്റ് ട്രോഫിയില്ലാതെ വിഷമിച്ച ഹൈദരാബാദ്, ഈ വർഷം വിനൂ മങ്കാദ് അണ്ടർ 19 കിരീടത്തിൽ മുത്തമിട്ടപ്പോൾ അതിന്റെ അമരത്ത് ഒരു മലയാളി ഉണ്ടായിരുന്നു; ടീം ക്യാപ്റ്റൻ ആരോൺ ജോർജ് വർഗീസ്. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ, ഏറ്റവും അധികം സെഞ്ചറിയുമായി ടീമിനെ മുന്നിൽ നിന്നു നയിച്ച ആരോണിലൂടെയാണ് വിനൂ മങ്കാദ് ട്രോഫിയിൽ ഹൈദരാബാദ് കന്നിമുത്തം പതിച്ചത്. ആ നേട്ടത്തിനുള്ള അംഗീകാരമെന്നോണം ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിലേക്കും ആരോണിനു വിളിയെത്തി.
അച്ഛൻ വെട്ടിയ വഴിമാവേലിക്കര സ്വദേശിയായ ഈശോ വർഗീസിന്റെയും കോട്ടയം സ്വദേശിനിയായ പ്രീതി വർഗീസിന്റെയും മകനായ ആരോൺ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നതെല്ലാം ഹൈദരാബാദിലായിരുന്നു. ഹൈദരാബാദ് പൊലീസിൽ സബ് ഇൻസ്പെക്ടറായിരുന്ന, പിന്നീട് സ്വകാര്യ സ്ഥാപനത്തിലേക്കു മാറിയ ഈശോ വർഗീസിനും ചെറുപ്പം മുതൽ ക്രിക്കറ്റായിരുന്നു എല്ലാം.
എന്നാൽ, പ്രഫഷനൽ ക്രിക്കറ്റിലേക്ക് കടക്കാനുള്ള അവസരമോ പിന്തുണയോ ഈശോയ്ക്ക് അന്നു ലഭിച്ചില്ല. ആ അവസ്ഥ തന്റെ മകനുണ്ടാകരുന്നതെന്ന് ഈശോയ്ക്ക് വാശിയായിരുന്നു. ചെറുപ്പം മുതൽ ക്രിക്കറ്റിൽ താൽപര്യം കാണിച്ച ആരോണിനെ ആറാം വയസ്സിൽ ഈശോ ക്രിക്കറ്റ് പരിശീലനത്തിന് അയച്ചു. ‘വിജയ് മർച്ചന്റ് അണ്ടർ 16 ട്രോഫിയിൽ ബിഹാറിനെതിരെ ഹൈദരാബാദിനായി ഒരു ട്രിപ്പിൾ സെഞ്ചറി നേടിയതോടെയാണ് ഞാൻ ക്രിക്കറ്റിനെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്. എന്റെ വഴി ഇതാണ്, എനിക്ക് മുന്നോട്ടുപോകാൻ സാധിക്കും എന്ന ആത്മവിശ്വാസം ലഭിച്ചു. പിന്നീട് എല്ലാം ക്രിക്കറ്റായിരുന്നു’– ആരോൺ പറഞ്ഞു.
അണ്ടർ 16 ടീമിലെ മികവ് തൊട്ടടുത്ത വർഷം തന്നെ ആരോണിന് അണ്ടർ 19 ടീമിലേക്കുള്ള വഴി തുറന്നു. 2024ൽ ടീമിന്റെ ക്യാപ്റ്റനായ ആരോണിന്റെ നേതൃത്വത്തിൽ ഹൈദരാബാദ്, വിനൂ മങ്കാദ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തി. തൊട്ടടുത്ത സീസണിൽ ടീമിനെ കന്നി കിരീടനേട്ടത്തിലേക്കും ആരോൺ നയിച്ചു.
ടൂർണമെന്റിൽ 146.85 സ്ട്രൈക്ക് റേറ്റിൽ 2 സെഞ്ചറിയും ഒരു അർധ സെഞ്ചറിയുമടക്കം 373 റൺസ് അടിച്ചുകൂട്ടിയ ആരോണാണ് ഹൈദരാബാദിന്റെ കിരീടക്കുതിപ്പിന് ചുക്കാൻ പിടിച്ചത്. പിന്നാലെ ചാലഞ്ചർ ട്രോഫി ടീമിലേക്കും ഇന്ത്യ ബി ടീമിലേക്കും വിളിയിെത്തി. അവിടെയും മികവു കാട്ടിയതോടെ കാത്തിരുന്ന ഇന്ത്യൻ അണ്ടർ 19 ജഴ്സിയും പത്തൊൻപതുകാരൻ താരത്തെ തേടിയെത്തി.
ആയുഷ് മാത്രെ ക്യാപ്റ്റൻന്യൂഡൽഹി∙ അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ ആയുഷ് മാത്രെ നയിക്കും. ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ ആയുഷ്, ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. പതിനാലുകാരൻ വൈഭവ് സൂര്യവംശിയും ടീമിൽ ഇടംപിടിച്ചു. ആരോൺ ജോർജ് വർഗീസാണ് ടീമിലെ ഏക മലയാളി. ഡിസംബർ 12 മുതൽ 21 വരെ ദുബായിലാണ് 50 ഓവർ ഫോർമാറ്റിലുള്ള ടൂർണമെന്റ്.
English Summary:








English (US) ·