ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കുന്നതായുള്ള ഡ്രീം ഇലവന്റെ തീരുമാനത്തിന് പിന്നാലെ പുതിയ സ്പോൺസർമാരെ കണ്ടെത്താൻ ബിസിസിഐ. സെപ്റ്റംബർ ഒൻപതിന് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നതിനാൽ ഉടൻ തന്നെ ക്രിക്കറ്റ് ബോർഡിന് സ്പോൺസർമാരെ കണ്ടെത്തേണ്ടതുണ്ട്. അതിന് സാധിക്കാത്തപക്ഷം സ്പോൺസർ ഇല്ലാതെ മത്സരിക്കാൻ ഇറങ്ങേണ്ടതായും വരും. ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് ഡ്രീം 11 ബിസിസിഐയുമായുള്ള കരാർ അവസാനിപ്പിച്ചത്.
പ്രധാനമായും രണ്ട് കമ്പനികള്‍ സ്‌പോണ്‍സര്‍മാരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. ഓട്ടോമൊബൈല്‍ നിര്‍മാണകമ്പനിയായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് എന്നീ കമ്പനികളാണ് സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുള്ളത്.
ഈ കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പിനായി സമീപിച്ചതായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കാര്യങ്ങളാണ് പ്രധാനമായും ബോര്‍ഡ് പരിഗണിക്കുന്നത്. കമ്പനിയുടെ വിശ്വാസ്യതയും സ്ഥിരതയും. ഈ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും സ്‌പോണ്‍സര്‍മാരെ തിരഞ്ഞെടുക്കുക.
ഈ രണ്ട് കമ്പനികള്‍ക്ക് പുറമേ റിലയന്‍സ് ജിയോയും താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ബ്രോഡ്കാസ്റ്റിങ്, സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളുള്ള കമ്പനിയാണ് റിലയന്‍സ് ജിയോ.
2023-ലാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരാകുന്നത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാര്‍. കരാര്‍ കാലാവധി തീരും മുന്‍പേ അവസാനിപ്പിച്ചെങ്കിലും ഡ്രീം 11 ന് പിഴത്തുകയൊന്നും നല്‍കേണ്ടിവരില്ല. കരാറില്‍ ഇതു സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതി സ്‌പോണ്‍സറിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു പണവും നല്‍കേണ്ടതായിട്ടില്ല. അതായത് കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും ഡ്രീം 11 ബിസിസിഐക്ക് മുഴുവന്‍ പണവും നല്‍കേണ്ടതില്ലെന്നര്‍ഥം.
ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതോടെ മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പ്രവർത്തനം നിർത്തിയിരുന്നു. വ്യാഴാഴ്ചയാണ് ഓൺലൈൻ വാതുവയ്പ്പ് നിരോധനബിൽ ലോക്‌സഭ പാസാക്കിയത്.
Content Highlights: sponsoring amerind cricket squad toyota fintech Start-Up jio








English (US) ·