Published: December 16, 2025 07:22 AM IST Updated: December 16, 2025 10:22 AM IST
1 minute Read
-
മെസ്സിയെ കാണാൻ ഡൽഹിയിലും ആരാധകക്കടൽ
-
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഒപ്പിട്ട ബാറ്റ് മെസ്സിക്കു സമ്മാനിച്ചു
ന്യൂഡൽഹി∙ കടലും കാറ്റുമില്ലാത്ത ഡൽഹിയിൽ ഇന്നലെയൊരു ആരാധകക്കടൽ ഇരമ്പിയാർത്തു, മെസ്സി...മെസ്സി...വിളികൾ കൊടുങ്കാറ്റായപ്പോൾ തലസ്ഥാനത്തെ മൂടിനിന്ന പൊടിമഞ്ഞും തണുപ്പും ഓടി മറഞ്ഞു, മെസ്സി ആവേശത്തിൽ അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിനു ചൂടുപിടിച്ചതോടെ അതിശൈത്യകാലത്തും ഡൽഹിയിൽ കാൽപന്തിന്റെ വസന്തം വിരിഞ്ഞു. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ സന്ദർശനങ്ങൾക്കു ശേഷം ഇന്നലെയാണ് അർജന്റീന ഫുട്ബോളർ ലയണൽ മെസ്സി ഡൽഹിയിലെത്തിയത്.
നീലയും വെള്ളയും നിറങ്ങളാൽ നിറഞ്ഞ സ്റ്റേഡിയത്തിലേക്കു പിങ്ക് ടീഷർട്ട് ധരിച്ച് ചെറുചിരിയോടെയാണ് മെസ്സി എത്തിയത്. ഡൽഹിയിലെ മൂടൽമഞ്ഞ് ഫുട്ബോൾ ഇതിഹാസത്തെയും ആകാശത്ത് അൽപം ചുറ്റിച്ചെങ്കിലും മണിക്കൂറുകളുടെ കാത്തിരിപ്പ് ആരാധകരെ തെല്ലും മുഷിപ്പിച്ചില്ല. രാവിലെ 10.45ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന മെസ്സിയുടെ വിമാനം നാലുമണിക്കൂറോളം വൈകി 2.30നാണ് നിലത്തിറങ്ങിയത്. ഹോട്ടൽ ലീലാ പാലസിൽ തിരഞ്ഞെടുക്കപ്പെട്ട അതിഥികളുമായി ചെറിയൊരു കൂടിക്കാഴ്ച. നാലരയോടെ സ്റ്റേഡിയത്തിലെത്തിയ മെസ്സി, ആരാധകർക്കൊപ്പം ചെലവഴിച്ച 40 മിനിറ്റ് ഡൽഹി എന്നും ഹൃദയത്തിൽ ചേർത്തുവയ്ക്കും.
ആരാധകരെ ഇളക്കിമറിച്ച് സ്റ്റേജിലെത്തിയ മെസ്സിയെ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ആദ്യ ടിക്കറ്റ് നൽകി ഐസിസി ചെയർമാൻ ജയ് ഷാ സ്വീകരിച്ചു. ഇന്ത്യൻ താരങ്ങളൊപ്പിട്ട ക്രിക്കറ്റ് ബാറ്റും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പത്താം നമ്പർ ജഴ്സിയും മെസ്സിക്കു സമ്മാനിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയും കുടുംബവും മെസ്സിയെ സ്വീകരിക്കാനും ആശംസയർപ്പിക്കാനുമെത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രോഹൻ ജയ്റ്റ്‌ലി എന്നിവരും മെസ്സിക്കൊപ്പം വേദിയിലെത്തി.
ഇന്ത്യയിൽ കളിച്ചേക്കുമെന്ന് മെസ്സി
‘ഈ സ്നേഹം ഇവിടുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അത് നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോൾ അവിശ്വസനീയമായി തോന്നി. ഈ ദിവസങ്ങളിൽ നിങ്ങൾ ഞങ്ങൾക്കുവേണ്ടി ചെയ്തതെല്ലാം അദ്ഭുതകരവും ചിന്തകൾക്കപ്പുറവുമായിരുന്നു’– ഗോട്ട് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ 3 ദിനങ്ങളെ മെസ്സി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഇന്ത്യയിലേക്കു വീണ്ടും വരുമെന്നും ചിലപ്പോൾ ഒരു മത്സരം കളിക്കാനായേക്കുമെന്നും മെസ്സി പറഞ്ഞു.
English Summary:









English (US) ·