സിഡ്നി ∙ വീണുപോയെന്നു തോന്നിച്ചപ്പോഴെല്ലാം വിജയതൃഷ്ണയോടെ ഉയിർത്തെഴുന്നേൽക്കുന്ന ശീലം രോഹിത് ശർമയും വിരാട് കോലിയും ഇത്തവണയും തെറ്റിച്ചില്ല. കരിയറിനു മുകളിൽ മൂടിക്കെട്ടിയ അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങളെ സെഞ്ചറിയുടെ മികവിൽ രോഹിത്തും (121 നോട്ടൗട്ട്) അർധ സെഞ്ചറിക്കരുത്തിൽ കോലിയും (74 നോട്ടൗട്ട്) തുടച്ചുനീക്കിയപ്പോൾ ഓസ്ട്രേലിയൻ പര്യടനത്തിൽ ആദ്യമായി ഇന്ത്യ വിജയവെളിച്ചം കണ്ടു.
168 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി ഇരുവരും നിറഞ്ഞാടിയ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം. സ്കോർ: ഓസ്ട്രേലിയ 46.4 ഓവറിൽ 236ന് പുറത്ത്. ഇന്ത്യ 38.3 ഓവറിൽ 1ന് 237. അവസാന മത്സരം തോറ്റെങ്കിലും പരമ്പര ഓസ്ട്രേലിയ 2–1ന് സ്വന്തമാക്കി. പരമ്പരയിൽ ഒരു സെഞ്ചറിയും ഒരു അർധസെഞ്ചറിയുമായി തിളങ്ങിയ രോഹിത്താണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരീസും. പര്യടനത്തിലെ ആദ്യ ട്വന്റി20 29ന് നടക്കും.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (24) നഷ്ടപ്പെട്ടു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച കോലി– രോഹിത് സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കോലി സിംഗിളുകളുമായി സ്ട്രൈക്ക് കൈമാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മോശം പന്തുകളെ മാത്രം ആക്രമിച്ച് ബൗണ്ടറി കണ്ടെത്തുന്നതിലായിരുന്നു രോഹിത്തിന്റെ ശ്രദ്ധ. നിലയുറപ്പിച്ചതിനു പിന്നാലെ അടി തുടങ്ങിയ രോഹിത് സ്കോർ ബോർഡ് അനായാസം മുന്നോട്ടുനീക്കി. 125 പന്തിൽ 3 സിക്സും 13 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്. 81 പന്തിൽ 7 ഫോർ അടക്കമാണ് കോലി 74 റൺസ് നേടിയത്. ഏകദിന കരിയറിലെ 19–ാം സെഞ്ചറി കൂട്ടുകെട്ടുമായി ഇരുവരും കളംനിറഞ്ഞതോടെ 38.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
റെക്കോർഡുകൾ:
1 രാജ്യാന്തര ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ (ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി വിരാട് കോലി (18442 റൺസ്). സച്ചിൻ തെൻഡുൽക്കറിനെയാണ് (18436) മറികടന്നത്.
2 ഏകദിന ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തി വിരാട് കോലി. മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയെയാണ് (380 ഇന്നിങ്സുകളിൽ നിന്ന് 14234 റൺസ്) കോലി മറികടന്നത്. 293 ഇന്നിങ്സുകളിൽ നിന്ന് 14255 റൺസാണ് കോലിയുടെ നേട്ടം. 452 ഇന്നിങ്സുകളിൽ നിന്ന് 18426 റൺസ് നേടിയ സച്ചിൻ തെൻഡുൽക്കറാണ് ഒന്നാമത്.
12 ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 150 റൺസ് പാർട്നർഷിപ്പുള്ള ജോടി എന്ന റെക്കോർഡിൽ സച്ചിൻ തെൻഡുൽക്കർ– സൗരവ് ഗാംഗുലി സഖ്യത്തിന് ഒപ്പമെത്തി കോലി– രോഹിത് ജോടി. 12 വീതം 150 റൺസ് കൂട്ടുകെട്ടുകളാണ് ഇരു ജോടികളുടെയും പേരിലുള്ളത്.
9 ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡിൽ സച്ചിന് ഒപ്പമെത്തി രോഹിത് ശർമ (9). ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചറി (6) നേടുന്ന വിദേശ ബാറ്റർ എന്ന റെക്കോർഡും രോഹിത്തിനു സ്വന്തം.
70 ഏകദിനത്തിലെ റൺ ചേസുകളിൽ ഏറ്റവും കൂടുതൽ തവണ 50നു മുകളിൽ സ്കോർ ചെയ്യുന്ന താരമായി വിരാട് കോലി (70). സച്ചിൻ തെൻഡുക്കറിനെയാണ് (69) മറികടന്നത്.
English Summary:








English (US) ·