Published: May 26 , 2025 07:48 AM IST
1 minute Read
മഡ്രിഡ് ∙ റയൽ മഡ്രിഡ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഇതിഹാസപുരുഷന്മാരായ കോച്ച് കാർലോ ആഞ്ചലോട്ടിക്കും പ്ലേമേക്കർ ലൂക്കാ മോഡ്രിച്ചിനും സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിലെ ആരാധകർ നൽകിയതു വികാരനിർഭരമായ യാത്രയയപ്പ്. ബ്രസീൽ ദേശീയ ടീം പരിശീലകനായി ചുമതലയേൽക്കുന്ന അറുപത്തഞ്ചുകാരൻ ആഞ്ചലോട്ടി ക്ലബ്ബിനൊപ്പം 2 അവസരങ്ങളിലായി 15 കിരീടങ്ങൾ നേടിയിട്ടുണ്ട്.
13 വർഷക്കാലം റയലിന്റെ മധ്യനിര ഭരിച്ച ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച് ക്ലബ്ബിനൊപ്പം 28 കിരീടനേട്ടങ്ങളിൽ പങ്കാളിയായി. 6 യൂറോപ്യൻ കപ്പുകൾ, 6 ക്ലബ് ലോകകപ്പുകൾ, 5 യൂറോപ്യൻ സൂപ്പർ കപ്പുകൾ, 4 സ്പാനിഷ് ലീഗുകൾ, 2 കിങ്സ് കപ്പ്, 5 സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയാണവ.
കിലിയൻ എംബപെയുടെ 2 ഗോളുകളിൽ റയൽ സോസിദാദിനെതിരെ 2–0നു റയൽ വിജയിച്ചതിനു ശേഷമായിരുന്നു ഹോംഗ്രൗണ്ടിൽ വിടവാങ്ങൽ ചടങ്ങ്. കളിയുടെ അന്ത്യനിമിഷങ്ങളിൽ മോഡ്രിച്ചിനെ കോച്ച് തിരികെ വിളിച്ചപ്പോൾ കുറച്ചുനേരത്തേക്കു മത്സരം നിർത്തിവയ്ക്കേണ്ടി വന്നു. ഇരുടീമിന്റെയും കളിക്കാർ ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകിയാണ്, ഇന്നലെ ക്യാപ്റ്റനായി ഇറങ്ങിയ മുപ്പത്തൊമ്പതുകാരൻ മോഡ്രിച്ചിനെ യാത്രയാക്കിയത്.
‘ഒരിക്കലും സംഭവിക്കരുതേ എന്ന് ഞാനാഗ്രഹിച്ച നിമിഷം ഇതാ സംഭവിച്ചിരിക്കുന്നു’– മോഡ്രിച്ച് പറഞ്ഞു. കഴിഞ്ഞ വർഷം വിരമിച്ച, മോഡ്രിച്ചിന്റെ മിഡ്ഫീൽഡിലെ പങ്കാളി ടോണി ക്രൂസും ചടങ്ങിനെത്തിയിരുന്നു.
ജൂണിൽ യുഎസിൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ കൂടി പങ്കെടുത്ത ശേഷമേ ലൂക്കാ മോഡ്രിച്ച് റയൽ മഡ്രിഡ് ടീം വിടുകയുള്ളൂ. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിലെ വിടവാങ്ങൽ ചടങ്ങാണു ശനിയാഴ്ച രാത്രി നടന്നത്.
English Summary:








English (US) ·