ആരു വന്നിട്ടും ഒരു കാര്യവുമില്ല: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകാനില്ലെന്ന് ഇവാൻ വുക്കോമനോവിച്ച്

6 months ago 7

പെപ് ഗ്വാർഡിയോളയും ഹൊസെ മൗറീഞ്ഞോയും ഒരുമിച്ചു വന്നു പരിശീലിപ്പിച്ചാലും ഇപ്പോഴത്തെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഒരു ചലനവും സൃഷ്ടിക്കാനാകില്ലെന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. നിലവിലെ ഇന്ത്യൻ കോച്ച് മനോലോ മാർക്കേസിന്റെ പിൻഗാമിയായി വുക്കോമനോവിച്ച് ഇന്ത്യൻ കോച്ചാകുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൽജിയത്തിലെ ആന്റ്‍‌വെർപിൽനിന്ന് വുക്കോമനോവിച്ച് ‘മനോരമ’യുമായി ഓൺലൈനിൽ സംസാരിച്ചപ്പോൾ...

ഇവാൻ വുക്കോമനോവിച്ച് ഇന്ത്യൻ കോച്ച് ആകുമോ?

വിചിത്രമായ വിഷയം തന്നെ. പതിവുപോലെ അഭ്യൂഹം മാത്രമാണത്. ഇന്ത്യയ്ക്ക് ഇപ്പോൾ നല്ലൊരു പരിശീലകനുണ്ട്. മാത്രമല്ല, ദേശീയ ടീമുകളെക്കാളുപരി ക്ലബ് പരിശീലകനാണു ഞാൻ. ഒരു ഐഎസ്എൽ ക്ലബ് പോലും ഇപ്പോൾ എന്റെ പരിഗണനയിലില്ല.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സമീപിച്ചാൽ?

അവർ സമീപിക്കുമോ എന്ന കാര്യം പോലും എനിക്കു സംശയമാണ്. ഒരുവട്ടം എന്നെ വിലക്കിയവരാണല്ലോ. ഇത്തരമൊരു ആവശ്യം പരിഗണിക്കണമെങ്കിൽതന്നെ അതിനു മുൻപ് എഐഎഫ്എഫ് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങളുണ്ട്.

എന്താണ് പ്രശ്നം?

ഇന്ത്യൻ ഫുട്ബോൾ തകർച്ചയിലാണ്. ഇതിനു പരിഹാരം കാണാൻ ഒരു കോച്ചിന് ആകില്ല. പ്രശ്നം ഫുട്ബോൾ സിസ്റ്റത്തിന്റേതാണ്. ഫെഡറേഷന്റെ സമീപനവും മാറണം. ഒരു പ്രശ്നം പരിഹരിക്കാനുള്ള ആദ്യപടിയെന്നു പറയുന്നത് പോരായ്മ ഉണ്ടെന്നു സമ്മതിക്കുക എന്നതാണ്. ഈ സിസ്റ്റം തുടർന്നാൽ അടുത്ത 6–8 വർഷം സീനിയർ ടീമിനൊരു സാധ്യതയുമില്ല. ഗ്വാർഡിയോളയും മൗറീഞ്ഞോയും ഒരുമിച്ചു വന്നു പരിശീലിപ്പിച്ചാലും ഇപ്പോഴത്തെ ടീമിന് ഒരു ചലനവും ഉണ്ടാക്കാനാകില്ല.

പരിഹാരം?

സീനിയർ ടീമിനെ വിട്ട് ജൂനിയർ ടീമുകളിൽ ഫോക്കസ് ചെയ്യണം. അണ്ടർ–17, 19, 21 തലങ്ങളിൽ കരുത്തുറ്റ ടീമുകളെ രൂപപ്പെടുത്തണം. അവർക്കു മികച്ച പരിശീലനമൊരുക്കണം. മത്സരപരിചയം കൊടുക്കണം. എങ്കിൽ കുട്ടികൾ വളർന്നുവലുതായി നിലവാരമുള്ള സീനിയേഴ്സായി മാറും.

ഐഎസ്എലിൽ യുവതാരങ്ങൾ വരുന്നില്ലേ?

യുവതാരങ്ങളെ കണ്ടെത്തി വർഷങ്ങളോളം പരിശീലിപ്പിച്ചും പഠിപ്പിച്ചും വളർത്തിയെടുക്കുന്ന ടീമുകൾ ഐഎസ്എലിൽ എവിടെയാണുള്ളത്? ലീഗിലെ മിക്ക ക്ലബ്ബുകളുടെയും ലക്ഷ്യം പ്ലേഓഫും പണവുമാണ്. ഇന്ത്യൻ ഫുട്ബോളിനു ഗുണം ചെയ്യുന്ന യൂത്ത് ഡവലപ്മെന്റ് എവിടെയും കാണാനില്ല. ബൽജിയം ഇത്തരമൊരു രീതി 2006ൽ തുടങ്ങിയതാണ്. ഫ്രാൻസ് 10 വർഷം മുൻപേ നടപ്പാക്കി. നെതർലൻഡ്സും സ്പെയിനും 25 വർഷം മുൻപു പുതിയൊരു നയത്തിലേക്കു മാറി. ഇന്ത്യ ഇതുവരെ ആ വഴി വന്നിട്ടില്ല. അതുകൊണ്ട് ഇന്ത്യൻ ഫുട്ബോൾ ഏറെ പിന്നിലായി. യൂറോപ്പിനെ പരിഗണിക്കേണ്ട, ജപ്പാനും സൗദിയും ഖത്തറും പോലുള്ള ഏഷ്യൻ ടീമുകളെയെടുത്തു നോക്കൂ. ഇന്ത്യ വളരെ വളരെ പിന്നിലാണ്.

ഒരു നിർദേശം പറയാമോ?

ജൂനിയർ തലത്തിലേക്ക് നല്ല പരിശീലകരെ കൊണ്ടുവരിക എന്നതാണ് സ്റ്റാർട്ടിങ് പോയിന്റ്. നല്ല പരിശീലകർ നല്ല പ്രതിഭകളെ തിരിച്ചറിയും, വളർത്തും. രാജ്യാന്തര മികവിനു വേണ്ട തലത്തിലേക്ക് ഉയർത്തും. ഫെഡറേഷനും ഐഎസ്എൽ ക്ലബ്ബുകളും ഇതാണു ചെയ്യേണ്ടത്. അടുത്ത 4–6 വർഷം മുന്നിൽ കണ്ടു യുവതാരങ്ങളെ സീനിയർ ടീമിൽ കളിപ്പിക്കണം. സീനിയർ ടീമിലെ ‘സീനിയേഴ്സ്’ എല്ലാം വിരമിക്കട്ടെ. ഭാവി ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി എഐഎഫ്എഫ് പുതിയ അധ്യായം തുറക്കണം.

English Summary:

Ivan Vukomanovic: Indian shot faces systemic issues, says Ivan Vukomanovic. He suggests focusing connected younker improvement to amended the aboriginal of Indian football.

Read Entire Article