ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ലല്ലോ, എന്റെ വൃത്തി ഞാൻ തീരുമാനിക്കും -സുരേഷ് ​ഗോപി

6 months ago 6

Suresh Gopi

സുരേഷ് ​ഗോപി ദുബായിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. ജെഎസ്കെ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണൻ സമീപം | അറേഞ്ച്ഡ്

ദുബായ്: നിലവിളക്ക് കൊളുത്തുന്നതിനും കേക്ക് മുറിക്കുന്നതിനും മുൻപ് കൈ കഴുകിയെന്ന വിവാദത്തിന് മറുപടി പറഞ്ഞ് സുരേഷ് ​ഗോപി. താൻ കൈകൾ കഴുകി ആരുടേയും കയ്യിലേക്ക് ഒഴിച്ചിട്ടില്ലല്ലോ എന്ന് അദ്ദേഹം ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്റെ കൈകൾ ശുദ്ധിയാക്കി വിളക്ക് കൊളുത്തിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല. തന്റെ കയ്യിന്റെ വൃത്തി താൻ തീരുമാനിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

പല അമ്പലങ്ങളിലും ഞാൻ ചുറ്റമ്പലത്തിൽ കയറാറില്ലെന്നും അമ്പലങ്ങൾ എങ്ങനെയാണ് വൃത്തിയാക്കി വെച്ചിരിക്കുന്നതെന്ന് എന്നെ മുതിർന്നവർ പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് അതിന് കാരണമെന്നും സുരേഷ് ​ഗോപി ചോദ്യങ്ങൾക്കുത്തരമായി പറഞ്ഞു. അതുകൊണ്ട് ചില ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചുറ്റമ്പലത്തിൽ കയറാറില്ല. അമ്പലത്തിൽ കയറുന്നതിന് മുൻപ് എവിടെയൊക്കെ കോണ്ടാക്റ്റ് വന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. അതിലൊക്കെ കാര്യമുണ്ടോ എന്ന് ചോദിക്കുന്നവർക്ക് മറ്റുദ്ദേശങ്ങളുണ്ടായിരിക്കും. അതിന്റെ കൂടെയൊന്നും നമുക്ക് ജീവിക്കാൻ പറ്റില്ല. അച്ഛനമ്മമാർ വളർത്തിയ വഴിയിൽ നമ്മൾ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"വിളക്ക് കത്തിക്കുന്നതിന് മുൻപ് കൈകൾ ശുദ്ധമാക്കിയത് ഞാൻ അങ്ങനെയായതുകൊണ്ടാണ്. എന്നെയൊന്ന് ജീവിക്കാൻ വിടൂ. ഞാൻ എന്റെ കൈ ശുദ്ധിയാക്കി ആ വിളക്ക് കൊളുത്തുന്നതുകൊണ്ട് ആർക്കും ഒരു ദോഷവുമില്ല. കൈകൊടുക്കരുതെന്നും ആലിം​ഗനം ചെയ്യരുതെന്നും നമ്മൾ കോവിഡ് കാലത്ത് പറഞ്ഞ് പഠിച്ചിട്ടുള്ളതാണ്. അതൊരു ബയോളജിക്കൽ നീഡ് ആയിരുന്നെങ്കിൽ അതിന് വഴങ്ങും. പക്ഷേ സ്പിരിച്ച്വൽ നീഡ് ആണെങ്കിൽ അതിന് വഴങ്ങില്ലെന്ന് പറയുന്നത് ഒരുതരം മുനവെപ്പാണ്. അത് തെറ്റാണ്.

കൈ കഴുകി ശുദ്ധമാക്കിയിട്ടാണ് കേക്ക് മുറിച്ചത്. നേരത്തേ പാപ്പന്റെയും ​ഗരുഡന്റെയും പ്രൊമോഷന് വന്നപ്പോൾ ഞാൻതന്നെയാണ് മുഴുവൻ കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തത്. എന്റെ കയ്യുടെ വൃത്തി ഞാൻ തീരുമാനിക്കണം. അല്ലെങ്കിൽ മറ്റുള്ളവരുടെ ആരോ​ഗ്യത്തെ ഞാൻ മാനിക്കുന്നില്ലെന്ന് പറയില്ലേ? ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ല.

​ഗരുഡൻ പ്രൊമോഷന്റെ സമയത്ത് എന്റെ കാലിലെ രണ്ട് നഖവും ഇളകിപ്പോയി. പതിനെട്ടേ മുക്കാൽ കിലോമീറ്റർ ഒറ്റയടിക്ക് നടന്നിട്ട്. ഇടയ്ക്ക് മഴ പെയ്ത്, ഷൂവിനകത്ത് മുഴുവൻ വെള്ളംകയറി, രണ്ട് തള്ളവിരലിന്റെ നഖവും പോയി. അതിന്റെയെല്ലം ചിത്രമുണ്ട് കയ്യിൽ. പിന്നീടത് സ്റ്റിച്ചിട്ട് നഖം കെട്ടിവെച്ചിട്ടാണ് പ്രൊമോയ്ക്ക് പോയത്. അപ്പോഴാണ് നന്നായി മദ്യപിച്ച ഒരാൾ ഓടിവന്നതും ഞാൻ കൈകൊണ്ട് തടഞ്ഞതും.

മിനിഞ്ഞാന്ന്, ജെഎസ്കെ റിലീസ് ദിവസമായിരുന്നു. ഞാൻ തൃശ്ശൂരിൽ ​ഗജപൂജയ്ക്കും ആനയൂട്ടിനും പോയിരുന്നു. ​ഗജപൂജ നടത്തിയിട്ടാണ് ആനയൂട്ട് നടക്കുക. അതിന് ഒന്നര, രണ്ട് മണിക്കൂറെടുക്കും. സിനിമയുടെ ആദ്യ ഷോയ്ക്ക് ചെല്ലാൻ പറഞ്ഞ് തിയേറ്ററിൽനിന്നും വിളിവന്നു. അങ്ങനെ ​ഗജപൂജയിൽ പങ്കെടുത്തു. വലിയ തിരക്കായിരുന്നു അവിടെ. ​ഗജപൂജ നടത്തുന്ന ശാന്തിക്കാരനെ ആരും തൊടാൻ പാടില്ലെന്ന് എനിക്കറിയാം. ഞാൻതന്നെ മുൻനിരയിലുണ്ടായിരുന്നവരെ മാറ്റിയിട്ടാണ് ഒരു ഭാ​ഗത്ത് ഒതുങ്ങിനിന്ന് ആ ചടങ്ങിൽ പങ്കെടുത്തത്. അതിനിടെ ഒരു ആനയെ കാണിച്ചുകൊണ്ട് പാപ്പാൻ പറഞ്ഞത് ​ഗുരുവായൂരിൽനിന്ന് കൊണ്ടുവന്നതാണെന്ന്. അപ്പോൾ എനിക്കൊരു കൊതി തോന്നി. ഒന്ന് അതിനെ തഴുകണമെന്ന്. ആ ആനയെ തൊടുന്നതിന് മുൻപും നന്നായി കൈ കഴുകിയിരുന്നു." സുരേഷ് ​ഗോപി വ്യക്തമാക്കി.

Content Highlights: Suresh Gopi Clarifies Handwashing Incident: Emphasizes Personal Hygiene Practices

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article