ആരോ വൈദ്യുതി തടസപ്പെടുത്തി, സിനിമയുടെ ട്രെയിലർ ലോഞ്ച് പോലീസ് ത‍ടഞ്ഞു -വിവേക് അ​ഗ്നിഹോത്രി

5 months ago 5

Vivek Agnihotri

വിവേക് അ​ഗ്നിഹോത്രി | ഫോട്ടോ: AFP

താൻ സംവിധാനംചെയ്യുന്ന 'ദ ബംഗാൾ ഫയൽസ്' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് കൊൽക്കത്ത പോലീസ് തടഞ്ഞുവെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. 1946-ലെ കൊൽക്കത്ത കലാപത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രെയിലർ ഉച്ചകഴിഞ്ഞ് നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ ചടങ്ങാണ് പോലീസ് തടഞ്ഞതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

പരിപാടി നടക്കേണ്ടിയിരുന്ന വേദിയിൽ ചിലർ എത്തി എല്ലാ ഇലക്ട്രിക് വയറുകളും മുറിച്ചുമാറ്റിയെന്ന് വിവേക് അ​ഗ്നിഹോത്രി ആരോപിച്ചു. ഇക്കാര്യം ഏറെ വൈകിയാണ് അറിഞ്ഞത്. ആരുടെ നിർദ്ദേശപ്രകാരമാണ് ഇത് സംഭവിക്കുന്നതെന്ന് അറിയില്ല. പിന്നിൽനിന്ന് കളിക്കുന്ന ആ ആളുകൾ ആരാണെന്ന് നിങ്ങൾക്കറിയാം. എല്ലാ പരിശോധനകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് ഈ പരിപാടി നടത്തിയത്. എന്തുകൊണ്ടാണ് പരിപാടി തുടരാൻ അനുവദിക്കാത്തതെന്ന് ഹോട്ടൽ മാനേജർമാർക്ക് ഇപ്പോഴും പറയാൻ കഴിയുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

"ഇതൊരു ഏകാധിപത്യമോ? ഫാസിസമോ അല്ലെങ്കിൽ പിന്നെന്താണ്?... നിങ്ങളുടെ സംസ്ഥാനത്തെ ക്രമസമാധാനം പരാജയപ്പെട്ടു. ഇതാണ് 'ദ ബെംഗാൾ ഫയൽസി'നെ എല്ലാവരും പിന്തുണയ്ക്കുന്നതിനുള്ള കാരണം..." വിവേക് ​​അഗ്നിഹോത്രിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച, തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഒരു പ്രമുഖ തിയേറ്റർ ശൃംഖല തന്റെ സിനിമയുടെ ട്രെയിലർ ലോഞ്ച് റദ്ദാക്കിയതായി വിവേക് അഗ്നിഹോത്രി അവകാശപ്പെട്ടിരുന്നു. രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് പരിപാടി റദ്ദാക്കിയതെന്ന് തിയേറ്റർ ശൃംഖല അവകാശപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

ട്രെയിലർ ലോഞ്ചിന് അനുമതി നൽകിയില്ലെന്ന് നടി പല്ലവി ജോഷിയും ആരോപിച്ചു. “എന്റെ സിനിമ തടഞ്ഞ രീതി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഈ സംസ്ഥാനത്ത് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടോ? ചലച്ചിത്ര പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഞങ്ങൾ നിർമ്മിച്ചത് പ്രദർശിപ്പിക്കാൻ കഴിയുന്നില്ല. എന്ത് ഭീഷണിയാണ് അവർക്ക് തോന്നുന്നത്? കശ്മീരിൽ പോലും ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ബംഗാളിനേക്കാൾ മികച്ചതാണ് കശ്മീരിലെ സാഹചര്യമെന്ന് ഇതിൽ നിന്ന് അനുമാനിക്കാമോ?” പല്ലവി ചോദിച്ചു.

ഇത്തരത്തിലുള്ള സ്ക്രീനിംഗ് പരിപാടി സംഘടിപ്പിക്കുന്നതിന് അമ്യൂസ്മെന്റ് ലൈസൻസ് നേടുന്നത് നിർബന്ധമാണെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചു. എന്നാൽ, സംഘാടകർ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടിയിരുന്നില്ല. ലോക്കൽ പോലീസിനെ മുൻകൂട്ടി അറിയിക്കുകയോ ചെയ്തിരുന്നില്ല. മറ്റ് ഉറവിടങ്ങളിൽ നിന്നാണ് പോലീസ് ഈ പരിപാടിയെക്കുറിച്ച് അറിഞ്ഞത്. ചോദിച്ചപ്പോൾ, ആവശ്യമായ ലൈസൻസ് ഹാജരാക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. അതിനാൽ പോലീസിന് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ബംഗാളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഇതുകൊണ്ടാണ് 'ദ ബെംഗാൾ ഫയൽസ്' പോലുള്ള സിനിമകൾക്ക് പ്രാധാന്യമുള്ളത്. ബംഗാളിനെക്കുറിച്ചുള്ള സത്യം അറിയാൻ ഇന്ത്യയിലെ ഓരോ വ്യക്തിയും ഈ സിനിമ കാണണമെന്ന് താൻ ആഗ്രഹിക്കുന്നു. കലാകാരന്മാർക്ക് ബഹുമാനം നൽകേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു. ചിത്രം സെപ്റ്റംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Content Highlights: Vivek Agnihotri alleges Kolkata Police halted `The Bengal Files` trailer launch

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article