Published: December 19, 2025 06:55 PM IST Updated: December 19, 2025 08:02 PM IST
1 minute Read
ദുബായ് ∙ അണ്ടർ 19 ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ ഫൈനൽ. സെമിയിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കയറിയപ്പോൾ രണ്ടാം സെമിയിൽ പാക്കിസ്ഥാൻ, ബംഗ്ലദേശിനെ വീഴ്ത്തിയതും എട്ടു വിക്കറ്റിന്. ഞായറാഴ്ചയാണ് ഫൈനൽ.
സെമിയിൽ ശ്രീലങ്ക ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. മഴയെ തുടർന്ന് മത്സരം 20 വീതം ഓവറാക്കി ചുരുക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ വിഹാൻ മൽഹോത്ര (45 പന്തിൽ 61*), മലയാളി താരം ആരോൺ ജോർജ് (49 പന്തിൽ 58*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ ആയുഷ് മാത്രെ (7), വൈഭവ് സൂര്യവംശി (9) എന്നിവർ തുടക്കത്തിലെ പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ആരോണും വിഹാനും ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 114 റൺസ് കൂട്ടിച്ചേർത്തു. ടൂർണമെന്റിൽ ആരോണിന്റെ മൂന്നാം അർധസെഞ്ചറിയാണിത്.
ആദ്യം ബാറ്റു ചെയ്തു ശ്രീലങ്ക, എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 138 റൺസെടുത്തത്. 42 റൺസെടുത്ത ചാമിക ഹീനതിഗലയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ വിമത് ദിനസാര 32 റൺസും സേത്മിക സെനെവിരത്നെ 30 റൺസുമെടുത്തു. ഇന്ത്യയ്ക്കായി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കിഷൻ കുമാർ സിങ്, ദീപേഷ് ദേവേന്ദ്രൻ, ഖിലൻ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ, ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടർന്ന് ഔട്ട്ഫീൽഡ് ഉണങ്ങാതിരുന്നതിനാൽ അഞ്ച് മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ച്. ഇന്ത്യൻ സമയം രാവിലെ പത്തരയ്ക്കു ആരംഭിക്കേണ്ട മത്സരമാണ് മൂന്നരയ്ക്കു തുടങ്ങിയത്. ഇതോടെ മത്സരം ഇരു ടീമുകൾക്കും 20 ഓവർ വീതമാക്കി ചുരുക്കുകയായിരുന്നു.
രണ്ടാം സെമി മഴയെ തുടർന്ന് 27 വീതം ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ മറികടക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ സമീർ മിൻഹാസ് (57 പന്തിൽ 69*) ആണ് പാക്കിസ്ഥാന്റെ വിജയശിൽപി. ഉസ്മാൻ ഖാൻ 27 റൺസെടുത്തു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 26. 3 ഓവറിൽ 121 റൺസിന് ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അബ്ദുൾ സുബ്ഹാനാണ് ബംഗ്ലദേശിനെ തകർത്തത്. 33 റൺസെടുത്ത സമിയൂൻ ബാസിർ റാതുൽ ആണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ.
English Summary:








English (US) ·