Published: September 22, 2025 05:44 PM IST Updated: September 22, 2025 06:51 PM IST
1 minute Read
ദുബായ്∙ ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ അര്‍ധ സെഞ്ചറി നേടിയപ്പോൾ ‘ആകാശത്തേക്കു വെടിയുതിർക്കുന്ന’ പോലെ ബാറ്റുകൊണ്ട് ആഘോഷ പ്രകടനം നടത്തിയതിനെ ന്യായീകരിച്ച് പാക്കിസ്ഥാൻ ഓപ്പണർ സഹിബ്സദ ഫർഹാൻ. 45 പന്തുകൾ നേരിട്ട ഫർഹാന്‍ 58 റൺസടിച്ചാണു പുറത്തായത്. താരത്തിന്റെ അർധ സെഞ്ചറി പ്രകടനത്തിന്റെ കരുത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 171 റൺസും സ്വന്തമാക്കിയിരുന്നു. ഫർഹാന്റെ അർധ സെഞ്ചറിയേക്കാളും ചർച്ചാ വിഷയമായത്, അത് ആഘോഷിച്ച രീതിയാണ്. ബാറ്റുയർത്തി വെടിവയ്ക്കുന്ന രീതി അനുകരിച്ചായിരുന്നു ഫർഹാന്റെ സെലിബ്രേഷൻ.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ക്രിക്കറ്റ് ലോകത്തു ചർച്ചകളും സജീവമായി. സൂപ്പര്‍ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഫർഹാൻ വിവാദ ആഘോഷപ്രകടനത്തെക്കുറിച്ചു മനസ്സു തുറന്നത്. ആര് എന്തു ചിന്തിച്ചാലും കുഴപ്പമില്ലെന്നും തനിക്കു തോന്നുന്നതുപോലെ ആഘോഷിക്കുമെന്നും ഫർഹാൻ മാധ്യമങ്ങളോടു തുറന്നടിച്ചു. ‘‘ആഘോഷം എന്നത് ആ ഒരു സമയത്തെ കാര്യം മാത്രമാണ്. 50 റൺസെടുക്കുമ്പോൾ ഞാൻ ഒരുപാട് ആഘോഷിക്കാറൊന്നുമില്ല. എന്നാൽ കഴിഞ്ഞ ദിവസം അങ്ങനെ ചെയ്യണമെന്ന് എനിക്കു തോന്നി. അതു ചെയ്തു.’’
‘‘ആളുകൾ അത് എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല. സത്യം പറഞ്ഞാൽ അതെനിക്ക് ഒരു വിഷയം പോലുമല്ല. എവിടെ കളിച്ചാലും ചടുലമായ ക്രിക്കറ്റാണു നമുക്കു വേണ്ടത്. അതിന് എതിരാളി ഇന്ത്യ തന്നെ ആകണമെന്നില്ല. എല്ലാ ടീമുകൾക്കെതിരെയും അങ്ങനെയാണു കളിക്കേണ്ടത്. ഇന്ത്യയ്ക്കെതിരെ പവർപ്ലേ ഓവറുകളിൽ തിളങ്ങാൻ പാക്കിസ്ഥാനു സാധിച്ചു. തുടക്കത്തിൽ വിക്കറ്റുകളൊന്നും വലിച്ചെറിഞ്ഞില്ല. ദൈവത്തിന്റെ അനുഗ്രഹം കാരണം ആദ്യ പത്തോവറില്‍ 90 റൺസ് സ്കോർ ചെയ്യാൻ സാധിച്ചു. പിന്നീട് മധ്യനിരയ്ക്കു പിഴച്ചെങ്കിലും പാക്കിസ്ഥാൻ അതും പരിഹരിച്ചു.’’– ഫർഹാൻ വ്യക്തമാക്കി.
സൂപ്പർ ഫോർ പോരാട്ടത്തിൽ ആറു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ഫൈനൽ സാധ്യതകൾ നിലനിർത്തണമെങ്കിൽ ചൊവ്വാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ പാക്കിസ്ഥാന് ശ്രീലങ്കയെ തോൽപിക്കണം. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ബംഗ്ലദേശിനോടു തോൽവി വഴങ്ങിയിരുന്നു.
English Summary:








English (US) ·