Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•3 Jun 2025, 11:22 am
ബെംഗളുരു ഐപിഎല്‍ കിരീടം സ്വന്തമാക്കിയാല്‍ വിരാട് കോഹ്ലിയെ കെട്ടിപ്പിടിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്സ്. ചരിത്രത്തിലാദ്യമായി ഐപിഎല്‍ കിരിടത്തില്‍ മുത്തമിടാനുള്ള സുവര്‍ണാവസരമാണ് ആര്‍സിബിക്ക് ലഭിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ അയ്യായിരത്തിലധികം റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ള ഡിവില്ലിയേഴ്സ് കോഹ്ലിയുമായി ചേര്‍ന്ന് അവിസ്മരണീയ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയിരുന്നു.
ഹൈലൈറ്റ്:
- ആര്‍സിബി കപ്പടിച്ചാല്‍ കോഹ്ലിയെ കെട്ടിപ്പിടിക്കണം
- ആഗ്രഹം പ്രകടിപ്പിച്ചത് എബി ഡിവില്ലിയേഴ്സ്
- ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് എബി ഡി
വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്സും (ഫോട്ടോസ്- Samayam Malayalam) കോഹ്ലിയെ കെട്ടിപ്പിടിക്കണം
ആരാധകരുടെ ആവേശം ഇരട്ടിയാക്കിയാക്കി ഐപിഎല്‍ ഫൈനലുമായി ബന്ധപ്പെട്ട് തങ്ങളുടെ ഇതിഹാസ താരം ഡിവില്ലിയേഴ്സിന്‍റെ പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു പഞ്ചാബിനെ തോല്‍പ്പിച്ച് കിരീടത്തില്‍ മുത്തമിട്ടാല്‍ താന്‍ ഓടിയെത്തുന്നത് വിരാട് കോഹ്ലിയെ കെട്ടിപ്പിടിക്കാനായിരിക്കും എന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്. ആരാധകരെ സംബന്ധിച്ച് ഈ പ്രസ്താവന വികാരഭരിതമായ ഓര്‍മ്മകള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍സിബി വിജയം കൈവരിച്ചാല്‍ താന്‍ അത് ആഘോഷിക്കുമെന്നും എങ്ങനെയെങ്കിലും ഡ്രസിങ് റൂമിലെത്തി വിരാട് കോഹ്ലിക്ക് ഒരു വലിയ കെട്ടിപ്പിടുത്തം നല്‍കുമെന്നും ഡിവില്ലിയേഴ്സ് ക്രിക്കറ്റ്.കോമിനോട് പറഞ്ഞു. ആരാധകര്‍ മാത്രമല്ല, മുന്‍ താരങ്ങളും ആര്‍സിബിയുടെ വിജയം അത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
വീല്‍ ചെയര്‍ ക്രിക്കറ്റ് കളിച്ച് ഹൃദയം കവര്‍ന്നു
തന്‍റെ മുന്‍ ടീമിന്‍റെ വിജയം കാണാന്‍ ഇന്ത്യയിലെത്തിയ ഡിവില്ലിയേഴ്സ് കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ചെയര്‍ ക്രിക്കറ്റ് കളിച്ച് ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. ഡിവില്ലിയേഴ്സിന്‍റെ നീക്കത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ആര്‍സിബി സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പ്രൊജക്ട് മുംബെെ എന്ന പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് ഡിവില്ലിയേഴ്സ് പങ്കെടുത്തത്.
ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിങ്‌സിന്റെ സാധ്യതാ ഇലവന്‍ ഇങ്ങനെ; യുസ്വേന്ദ്ര ചാഹല്‍ പുറത്തായേക്കും
ഡിവില്ലിയേഴ്സിന്‍റെ ഐപിഎല്‍ റെക്കോഡ്
2008 മുതല്‍ 2021 വരെ ഐപിഎല്‍ കളിച്ച ഡിവില്ലിയേഴ്സ് 184 മത്സരങ്ങളില്‍ നിന്ന് 5162 റണ്‍സാണ് സ്കോര്‍ ചെയ്തിട്ടുള്ളത്. മൂന്ന് സെഞ്ചുറികളും 40 അര്‍ധസെഞ്ചുറികളും ഡിവില്ലിയേഴ്സ് ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. വിരാട് കോഹ്ലിയുമായി ചേര്‍ന്ന് അഞ്ച് 100+ കൂട്ടുകെട്ടുകളും രണ്ട് 200+ കൂട്ടുകെട്ടുകളും ഡിവില്ലിയേഴ്സ് പടുത്തുയര്‍ത്തിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുകള്‍ നോക്കിയാല്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കോഹ്ലി - ഡിവില്ലിയേഴ്സ് കൂട്ടുകെട്ടിനാണ്. ഡിവില്ലിയേഴ്സ് കളി മതിയാക്കിയെങ്കിലും കോഹ്ലി മികച്ച പ്രകടനം നടത്തി ഇപ്പോഴും ടീമിലെ അവിഭാജ്യ ഘടകമാണ്. സീസണില്‍ ഇതുവരെ 614 റണ്‍സ് നേടിയ വിരാട് കോഹ്ലി റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ്. 55.82 ശരാശരിയിലും 146.53 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്. ആര്‍സിബിയുടെ ടോപ് ഓര്‍ഡറില്‍ നിര്‍ണായക സാന്നിധ്യമായ കോഹ്ലിയെ സംബന്ധിച്ചും ഇത്തവണ കിരീടം നേടുകയെന്നത് വലിയ ആഗ്രഹം തന്നെയാണ്.
ആര്‍സിബി ആരാധകര്‍ കാത്തിരുന്ന ആ നിമിഷം യാഥാർഥ്യമാകുമോ? അന്ന് നടക്കാതെ പോയ സ്വപ്നം സാക്ഷാത്കരിക്കാൻ ഡിവില്ലിയേഴ്സ് എത്തും
ഇത്തവണ പുതിയ ക്യാപ്റ്റനായ രജത് പട്ടിദാറിന് കീഴില്‍ മികച്ച പ്രകടനമാണ് ആര്‍സിബി നടത്തിയത്. ഹോം മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും എവേ മത്സരങ്ങളില്‍ മിന്നുന്ന ഫോം പുറത്തെടുക്കാന്‍ ആര്‍സിബിക്ക് കഴിഞ്ഞു. ഇത്തവണ ആര്‍സിബി കിരീടം നേടുമെന്ന വലിയ പ്രതീക്ഷയില്‍ തന്നെയാണ് ഡിവില്ലിയേഴ്സും ഇന്ത്യയിലെത്തിയിരിക്കുന്നത്. തന്‍റെ മുന്‍ ടീം ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതായിരിക്കും ആര്‍സിബിയുടെ സീസണമെന്നും ഡിവില്ലിയേഴ്സ് പ്രതികരിച്ചു.
രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തിൽ സീനിയര്‍ ഡിജിറ്റല്‍ കണ്ടൻ്റ് പ്രൊഡ്യൂസര്‍. പ്രിൻ്റ് മീഡിയയിൽ കരിയര്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡിജിറ്റൽ കണ്ടൻ്റ് മേഖലയില്‍ ജോലി ചെയ്ത് വരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.... കൂടുതൽ വായിക്കുക








English (US) ·